കോടികളുടെ സ്വത്ത് അനാഥാവസ്ഥയില്‍- സ്വര്‍ണബെഞ്ചിലിരിക്കുന്ന ഭിക്ഷാംദേഹിയെപ്പോലെ ഒരാള്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്: സ്വര്‍ണ ബെഞ്ചിലിരിക്കുന്ന ഭിക്ഷാടകനെ പോലെ ഒരാള്‍ തളിപ്പറമ്പിലുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാനത്താകെ പ്രകമ്പനം സൃഷ്ടിച്ച സ്വത്ത് തട്ടിയെടുക്കല്‍ നാടകവും കൊലപാതകവും സംബന്ധിച്ച് ഉയര്‍ന്ന വാര്‍ത്തകള്‍ കെട്ടടങ്ങിയെങ്കിലും കോടികളുടെ സ്വത്തുവകകള്‍ ഉണ്ടായിട്ടും ഒന്ന് സ്വസ്ഥമായി കിടന്നുറങ്ങാന്‍ പോലും സാധിക്കാതെ ഡോ.കുഞ്ഞമ്പുനായരുടെ മകന്‍ രമേശന്‍ തെരുവിലലയുന്നു.

2017 ല്‍ തൃച്ചംബരത്തെ പരേതനായ ഡോ.പി.കുഞ്ഞമ്പുനായരുടെ ഏതാണ്ട് 250 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും ഇദ്ദേഹത്തിന്റെ മകനും റിട്ട.സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറുമായ പി.ബാലകൃഷ്ണന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു.

കമ്മറ്റിയുടെ പ്രവര്‍ത്തന ഫലമായി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയതിനും ബാലകൃഷ്ണന്റെ മരണത്തിനും ഉത്തരവാദികളായ പയ്യന്നൂര്‍ ബാറിലെ അഭിഭാഷക തായിനേരിയിലെ കിഴക്കേക്കര വണ്ണാടില്‍ ഷൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവരുടെ പേരില്‍ പയ്യന്നൂര്‍ കോടതിയിലും കൊടുങ്ങല്ലൂരിലുമായി രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ബാലകൃഷ്ണന്റെ ഭാര്യയാണെന്ന് വ്യാജരേഖ സമര്‍പ്പിച്ച ശൈലജയുടെ സഹോദരി ജാനകിയും കേസിലെ പ്രതിയാണ്. കേസിന്റെ നടപടിക്രമങ്ങള്‍ തുടരുമ്പോഴും ഡോ.കുഞ്ഞമ്പുനായരുടെ അന്യാധീനപ്പെട്ടുകിടക്കുന്ന ഏകദേശം 16 ഏക്കറോളം വരുന്ന ഭൂസ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള യാതൊരു ശ്രമങ്ങളും നടക്കുന്നില്ല.

തൃച്ചംബരം പൂക്കോത്ത്‌നടയില്‍ റോഡരികിലുള്ള രണ്ടേക്കര്‍ വരുന്ന തറവാട് വീട്, തൃച്ചംബരം ക്ഷേത്രം റോഡിലെ ഉദയം വീട്, പട്ടുവം, പാലകുളങ്ങര, പരിയാരം പ്രദേശങ്ങളിലെ സ്വത്തുക്കളും കാടുകയറികിടക്കുകയാണ്, പലതും കയ്യേറുകയും ചെയ്തിട്ടുണ്ട്.

ഡോ.കുഞ്ഞമ്പുനായരുടെ ആണ്‍ മക്കളില്‍ അവശേഷിക്കുന്ന ഇളയമകനായ രമേശന്‍ കോടാനുകോടിയുടെ സ്വത്തുക്കള്‍ക്ക് നടുവിലും തീര്‍ത്തും അരക്ഷിതാവസ്ഥയിലാണ് ജീവിതം തള്ളിനീക്കുന്നത്.

സഹോദരങ്ങളാരുമായിട്ടും ബന്ധമില്ലാത്ത അവസ്ഥയിലാണ് ഇദ്ദേഹം. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശൈലജ കരുവാക്കിയ സഹോദരി ജാനകിയുടെ പേരിലുള്ള ബാലകൃഷ്ണനുമായുള്ള വിവാഹരേഖകള്‍ കോടതി ഇനി അസാധുവാക്കിയാല്‍ മാത്രമേ ഭൂസ്വത്തുക്കള്‍ അവകാശികള്‍ക്ക് ഭാഗിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. 

 മലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ് മാളികയെന്നറിയപ്പെടുന്ന ഡോ.കുഞ്ഞമ്പുനായരുടെ തറവാടുവീടും പറമ്പും ഇന്ന് കാടുകയറിക്കിടക്കുകയാണ്.

സമൂഹവിരുദ്ധരുടെ കേന്ദ്രമായ ഈ കെട്ടിടം ഇന്നും പഴമയുടെ പ്രൗഢി അതുപോലെ നിലനിര്‍ത്തുന്ന ഒരു നിര്‍മ്മിതിയാണ്. ഈ തറവാട് വീട് സംരക്ഷിച്ചു നിര്‍ത്താനോ പറമ്പിലെ കാടുകള്‍ വെട്ടിത്തെളിക്കാനോ പോലും ആരുമില്ലാത്ത നിലയിലാണ്. 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!