ബസും കാറും കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന പട്ടുവം കയ്യംതടം സ്വദേശി പണ്ണേരി സുധാകരന്‍ മരിച്ചു.

 

തളിപ്പറമ്പ്: ദേശീയപാതയില്‍ ചുടല കൊത്തിക്കുഴിച്ചപാറയില്‍ ഒമേഗ ഫര്‍ണിച്ചറിന് മുന്നില്‍ സ്വകാര്യബസിടിച്ചതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന കാര്‍ യാത്രക്കാരന്‍ മരിച്ചു.

പട്ടുവം കയ്യംതടം സ്വദേശി പണ്ണേരി സുധാകരനാണ് (52) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

സുധാകരനും അനുജന്‍ രാജീവനും പരിയാരം തൊണ്ടന്നൂരിലാണ് സ്ഥിരതാമസം.

12 ന് വൈകുന്നേരം ആറോടെ തറവാട്ടില്‍നിന്ന് തൊണ്ടന്നൂരിലേക്ക് മടങ്ങുമ്പോള്‍ ഇവരുടെ കാറില്‍ തലശേരിയിലേക്ക് പോകുന്ന സോണിക്ക് ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ കാറില്‍ ഒപ്പമുണ്ടായിരുന്ന സുധാകരന്റെ ഭാര്യ സജ്ന (42), മകള്‍ അനുശ്രീ (14), രാജീവന്‍ (46), രാജീവന്റെ ഭാര്യ കവിത(36) മക്കളായ ദേവാങ്ക്(14), ദേവിന(12) എന്നിവര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി.

സജ്ന, അനുശ്രീ, ദേവിന എന്നിവര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

ശനിയാഴ്ച രാത്രിയാണ് സുധാകരന്റെ മരണം. കയ്യംതടത്തിലെ പരേതരായ കണ്ണന്‍-നാരായണി ദമ്പതികളുടെ മകനാണ് സുധാകരന്‍. മുംബൈയില്‍ ഉദ്യോഗസ്ഥനായ സുധാകരന്‍ അടുത്തകാലത്താണ് നാട്ടിലെത്തി ചൊറുക്കളയില്‍ ഇ-മൈത്രി സ്ഥാപനം തുടങ്ങിയിരുന്നു.

മറ്റൊരു വാഹനാപകടത്തില്‍ പരിക്കേറ്റശേഷം നാടുകാണി വ്യവസായ എസ്റ്റേറ്റിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.

സഹോദരങ്ങള്‍: ബാലന്‍, ഭാസ്‌ക്കരന്‍, യശോദ, ശാന്ത, ഉഷ, വിമല, പരേതനായ ബാബു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!