ഇത് വിജയന്റെ വിജയം; പഠിച്ചത് ചെലവാക്കി രക്ഷിച്ചെടുത്തത് മനുഷ്യ ജീവന്‍

തളിപ്പറമ്പ് : സന്നദ്ധ സേവന പരിശീലന കളരിയില്‍നിന്നും ലഭിച്ച അറിവുകള്‍ ഉപയോഗിച്ച് മുയ്യം സ്വദേശി വിജയന്‍ രക്ഷിച്ചത് ഒരു മനുഷ്യ ജീവന്‍.

ശക്തമായ മഴയില്‍ വെളളം കയറിയ കരിമ്പം പനക്കാട്ടെ തോട്ടില്‍ കാലിടറി വീണ പനക്കാട്ടെ മീനങ്കട വീട്ടില്‍ ജാനകിയെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷിച്ചുവെങ്കിലും

അവശയായ ജാനകിയെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ആള്‍ക്കാര്‍ പകച്ചു നിന്നപ്പോള്‍ അവിടെയെത്തിയ വിജയന്‍ കൃത്രിമ ശ്വാസോച്ഛ്വാസം(സി.പി.ആര്‍) നല്‍കുകയും അത്യാസന്ന നിലയിലായിരുന്ന അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരികയും ചെയ്യുകയായിരുന്നു.

മുയ്യത്തെ കെ.വി മധുസൂതനന്‍, എം.കെ ജംഷീര്‍ എന്നിവരാണ് ജാനകി വെളളത്തില്‍ വീണതു കണ്ട് ശക്തമായ കുത്തൊഴുക്ക് വകവെക്കാതെ തോട്ടിലിറങ്ങി അവരെ സാഹസീകമായി രക്ഷിച്ചത്. ജാനകിയെ കരയിലെത്തിക്കാന്‍ എം.കെ ജലീല്‍, പി. ഹരിദാസന്‍ എന്നിവരും സഹായിച്ചു. 

പരിശീലനങ്ങള്‍ വെറും ചടങ്ങുകളും സമയം കൊല്ലലും പാഴ് വേലകളുമാവുന്ന കാലത്ത് നല്ല പരിശീലകനും പരിശീലനാര്‍ഥിയും എങ്ങിനെയായിരിക്കണമെന്ന് മനസിലാക്കിത്തരുന്ന അനുഭവമാണ് ഇത്.

കുറുമാത്തൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ 35 ഓളം യുവാക്കള്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ ദുരന്തനിവാരണം, ക്രിത്രിമ ശ്വാസോച്ഛ്വാസം, ചോക്കിംഗ് (ഭക്ഷണം തൊണ്ടയില്‍ കുടുക്കുന്നത്)

തുടങ്ങിയ വിഷയങ്ങളില്‍ തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫിസറായിരുന്ന(ഇപ്പോള്‍ മട്ടാഞ്ചേരി അഗ്നിശമന നിലയത്തിലെ സ്റ്റേഷന്‍ ഓഫിസര്‍) പ്രേമരാജന്‍ കക്കാടിയാണ് പരിശീലനം നല്‍കിയത്.

കഴിഞ്ഞ ദിവസം വിജയന്‍ തന്നെയാണ് പ്രേമരാജന്‍ കക്കാടിയെ ഫോണില്‍ വിളിച്ച് പരിശീലന ക്യാംപില്‍ നിന്നും ലഭിച്ച അറിവു കൊണ്ട് ഒരു വയോധികയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ച വിവരം പറയുന്നത്.

അറിവുകള്‍ ഉള്‍ക്കൊളളാനും കൃത്യ സമയത്ത് ഉപയോഗിക്കുകയും ചെയ്ത വിജയന്റെ പ്രവര്‍ത്തിയില്‍ അയാള്‍ക്ക് പരിശീലനം നല്‍കിയ വ്യക്തി എന്ന നിലയില്‍ അഭിമാനിക്കുന്നതായി പ്രേമരാജന്‍ കക്കാടി പറഞ്ഞു.

ടൈല്‍സ് ജോലി ചെയ്യുന്ന വിജയന്‍ മുയ്യത്തെ എല്ലാ കാര്യങ്ങളിലും ആദ്യാവസാനം വരെ ഉണ്ടാകുന്ന ആളാണ്. രജനിയാണ് ഭാര്യ. വിസ്മയ, വിനയ് മക്കള്‍.

പ്രതികൂല സാഹചര്യത്തിലും ജീവന്‍ പണയം വച്ച്  തോട്ടില്‍ നിന്നും ജാനകിയെ രക്ഷിച്ച കെ.വി മധുസൂതനന്‍, എം.കെ ജംഷീര്‍,  എം.കെ ജലീല്‍, പി. ഹരിദാസന്‍ എന്നിവരെയും  ആത്മധൈര്യം കൈവിടാതെ സന്ദര്‍ഭോചിതമായി പ്രഥമ ശുശ്രൂഷ നല്‍കിയ കാപ്പാടന്‍ വിജയനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നാട്ടുകാര്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!