ഇങ്ങനെ എഴുതുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നറിയില്ല. പാമ്പുകടിയേറ്റ് എട്ടു വയസുകരന്‍ മരണമടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വിദഗ്ദന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറല്‍

കണ്ണൂര്‍ : പാമ്പുകടിയേറ്റ് കണ്ണൂരിലെ എട്ടു വയസുകരന്‍ മരണമടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാമ്പുകടിയേറ്റാല്‍ അടിയന്തിര വിദഗ്ദ ചികിത്സ ലഭ്യമാക്കേണ്ടതിനെക്കുറിച്ചുളള ആരോഗ്യ വിദഗ്ദന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു.

കോട്ടയം സ്വദേശിയും ആസ്ട്രേലിയയിലെ മെല്‍ബണില്‍ താമസക്കാരനുമായ ആരോഗ്യ വിദഗ്ദന്‍ ജിനേഷ് പി.എസ്സിന്‍റെ  ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇതാണ് :

ഇന്നും വായിച്ചു അതേ വാര്‍ത്ത. ആളും സ്ഥലവും മാത്രമേ മാറിയിട്ടുയുള്ളൂ.

ഇത്തവണ വാര്‍ത്ത പരിയാരത്തുനിന്ന് ആണ്. മരിച്ചത് എട്ടുവയസ്സുകാരന്‍.

ഇന്നലെ രാത്രി ഏഴരയോടെയാണ് വീട്ടുമുറ്റത്ത് വെച്ച് കടിയേറ്റത്.വീട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിനടുത്തുള്ള നാട്ടുവൈദ്യനെ കാണിച്ച് നാട്ടുമരുന്ന് കൊടുത്തു, പാമ്പ് കടിച്ചതിനുള്ള മരുന്ന്. രാവിലെ വീണ്ടും കുട്ടി ക്ഷീണമുണ്ടെന്ന് പറഞ്ഞു. വീണ്ടും അതേ മരുന്ന് നല്‍കി. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടകരമാണ്, ആ കുട്ടിയുടെയുടെ വേര്‍പാടില്‍ അനുശോചിക്കുന്നു.

ഗോള്‍ഡന്‍ അവര്‍ എന്നൊന്നുണ്ട്, മലയാളത്തില്‍ സുവര്‍ണ നാഴിക എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാല്‍, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരില്‍ നഷ്ടപ്പെടുന്നത്.

കേരളത്തില്‍ ആകെ 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകള്‍ ആണ്. അതായത് കരയില്‍ കാണുന്ന 96 തരം പാമ്പുകള്‍ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളൂ എന്നര്‍ത്ഥം.

മൂര്‍ഖന്‍ (Cobra), വെടിക്കെട്ടന്‍ (Krait), അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കന്‍ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്ന് നിര്‍ബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകര്‍ ഉപയോഗിക്കുന്നത്.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്,

കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്‌കൈന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ഭാരത സീറം ആന്‍ഡ് വാക്‌സിന്‍സ്, ഹൈദരാബാദിലെ വിന്‍സ് ബയോപ്രൊഡക്റ്റ്‌സ് എന്നിവിടങ്ങളില്‍ ആന്റി സ്‌നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിര്‍മ്മിക്കുന്നു.

കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവര്‍ക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികള്‍ നല്‍കുമ്പോള്‍, അവര്‍ വിതയ്ക്കുന്ന അശാസ്ത്രീയതകള്‍ക്ക് ഇരയാകുന്നത് സാധാരണക്കാരാണ്.

ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തില്‍ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാല്‍, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്. വ്യക്തി അനുഭവസാക്ഷ്യങ്ങള്‍ വാരി വിതറിക്കൊണ്ട് നാട്ടുചികിത്സക്കായി വാദിക്കുന്നവര്‍ക്ക് ഇതൊന്നും അറിയേണ്ടതില്ല.

സുവര്‍ണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളില്‍ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികള്‍ നഗരങ്ങളിലും. സുവര്‍ണ്ണനിമിഷങ്ങള്‍ ഇല്ലാതാവാന്‍ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ നാട്ട് വിഷ ചികിത്സാകേന്ദ്രങ്ങള്‍ കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയാകും.

ഓര്‍ക്കുക, ഈ മരണങ്ങള്‍ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ് …

മൊബൈല്‍ ഫോണില്‍ ഫേസ്ബുക്കും വാട്‌സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവര്‍ പൗരാണികതയുടെ പേരും പറഞ്ഞ് ‘വിഷചികിത്സ’ എന്ന് അബദ്ധത്തിന തലവെച്ച് കൊടുക്കുന്നൂ. എന്ത് പറയാനാണ് !

സങ്കടകരം…

മുന്‍പ് പലതവണ എഴുതിയിട്ടുള്ള പോസ്റ്റാണ്. ഒരിക്കല്‍ കൂടി എഴുതുകയാണ്. ഇങ്ങനെ എഴുതുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നറിയില്ല. പക്ഷേ ഇപ്പോള്‍ സാധിക്കുന്നത് എഴുതുക മാത്രമാണ് എന്നുള്ളതുകൊണ്ട് വീണ്ടും എഴുതുന്നു. ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിച്ചാലോ…

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!