തളിപ്പറമ്പ്: 2020 ലെ കേരള ഫോക് ലോര്‍ അക്കാദമിയുടെ തെയ്യം പുരസ്ക്കാരം നേടിയ കണിച്ചാമല്‍ നാരായണ പെരുവണ്ണാനെ കരിമ്പം കുണ്ടത്തില്‍ കാവ് ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
വടക്കേ മലബാറിലെ കാവ് മുറ്റങ്ങളിലും അണിയറയിലും കഴിഞ്ഞ അരനൂറ്റാണ്ടായി സജീവ സാന്നിധ്യമായ നാരായണ പെരുവണ്ണാന് കരിമ്പം കുണ്ടത്തില്‍ കാവ് ജന്മാരിയാണ്.

പതിനാറാം വയസ്സില്‍ ചുഴിപ്പാല് പുതിയ ഭഗവതി ക്ഷേത്രത്തില്‍ വീരന് തെയ്യം കെട്ടിയാടി തെയ്യാനുഷ്ഠാന രംഗത്ത് ചുവടുറപ്പിച്ച കണിച്ചാമല്‍ നാരായണ പെരുവണ്ണാന് പുതിയ ഭഗവതി, മുച്ചിലോട്ട് ഭഗവതി, ചോന്നമ്മ, തായ്പരദേവത,
നരമ്പില്‍ ഭഗവതി, തോട്ടുങ്കര ഭഗവതി, ബാലി, മുത്തപ്പന് തിരുവപ്പന തുടങ്ങി ഒട്ടേറെ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. തെയ്യങ്ങളുടെ മുഖത്തെഴുത്ത്, തോറ്റം, വാദ്യം, അണിയല നിര്‍മ്മാണം എന്നിവയും ഭംഗിയായി നിര്‍വഹിച്ചു വരുന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി പറശ്ശിനി മടപ്പുരയില്‍ തിരുവപ്പനയുടെ മുടി ചമയിച്ചൊരുക്കുന്നതില് മറ്റ് കലാകാരന്മാരോടൊപ്പം മുഖ്യപങ്ക് വഹിക്കുന്നു. കുറുമാത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പട്ടും വളയും ആചാരപ്പേരും നേടി.
ഇപ്പോള്‍ മാങ്ങാട് താമസിക്കുന്നു. ശാന്തയാണ് നാരായണ പെരുവണ്ണാന്റെ ഭാര്യ. സോന, സ്വപ്ന, സൗമ്യ എന്നിവര്‍ മക്കളാണ്. ബുധനാഴ്ച്ച വൈകിട്ട് കുണ്ടത്തില്‍ കാവ് ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍
നാരായണന് വെളിച്ചപ്പാട് നാരായണ പെരുവണ്ണാനെ പൊന്നാടയണിയിച്ച് ആദരിച്ചു. രക്ഷാധികാരികളായ എം. ജയരാജന്, വിജയന്, ഗോപാലന്, ഗോപി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി.
പ്രസിഡൻറ് എം. ഷൈജു, സെക്രട്ടറി അനൂപ്, ട്രഷറർ ഒ.ഗിരീഷ്, പി. ഷിജു സംസാരിച്ചു.
ക്ഷേത്ര കമ്മറ്റി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
