വാഹനങ്ങളില്‍ ബേബി സീറ്റ്ബെല്‍ട്ട് നിര്‍ബന്ധമാക്കണം. ഡോ.ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു

സംഗീത സംവിധായകന്‍ ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തില്‍ ഏകമകള്‍ തേജസ്വിബാല മരണമടഞ്ഞ സംഭവത്തെ തുടര്‍ന്ന് വാഹനങ്ങളില്‍ കുട്ടികളെ സുരക്ഷിതരായി ഇരുത്തേണ്ടതിന്റെ ആവശ്യകതയെപറ്റിയുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നത്.

അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്നുറങ്ങുകയായിരുന്നു രണ്ടുവയസ്സുള്ളമകള്‍ എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വാഹനങ്ങളില്‍ ബേബി സീറ്റ് ബെല്‍ട്ട് നിര്‍ബന്ധമാക്കണമെന്ന ഡോ.ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ….

കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. അൽപ്പം വൈകിയെങ്കിലും ഞങ്ങളും വാങ്ങി.

വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം.

പല വിലയിലും പല വലിപ്പത്തിലും ഇവ ലഭ്യമാണ്. 3000 രൂപ മുതൽ ലഭ്യമാണ്.

കുട്ടികൾക്ക് 4 അടി 9 ഇഞ്ച് ഉയരം(145 cm) ആകുന്നതു വരെയെങ്കിലും ബേബി കാർ സീറ്റ് ഉപയോഗിക്കണം(8 വയസ്സിനും 12 വയസ്സിനും ഇടയിൽ അത്രയും പൊക്കം എത്താം.). അതിന് ശേഷം മാത്രം അവരെ കാർ സീറ്റിൽ ഇരുത്തുക.

കാർ സീറ്റ് പുറകിലത്തെ സീറ്റിൽ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതൽ സുരക്ഷിതത്വവും.

കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ചാണ് ബേബി കാർ സീറ്റ് സീറ്റിൽ ഉറപ്പിക്കുന്നത്.

കുട്ടികൾക്ക് സുഖമമായി യാത്രയിൽ അതിൽ ഇരുന്നു ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോൾ തല നേരെ ഇരിക്കുവാൻ ഇവ സഹായിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ ബേബി കാർ സീറ്റ് നിർബന്ധം ആണെന്ന് കേട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇവിടെ ബേബി കാർ സീറ്റ് ഉപയോഗിച്ച് കുഞ്ഞു കുട്ടികളെ ഇരുത്തുന്നത് കണ്ടാൽ ഭാഗ്യം.

നവജാതശിശുക്കൾ മുതൽ 36 കിലോ വരെ (അല്ലെങ്കിൽ 4 അടി 9 ഇഞ്ച് ഉയരം(145 cm) കുട്ടികൾക്കാകുന്നത് വരെ ഇവ കാർ യാത്രയിൽ ഉപയോഗിക്കേണ്ടതാണ്.

കാർ അപകടത്തിൽ പെടുമ്പോൾ കുട്ടികൾ ആ കാറിൽ ഉണ്ടെങ്കിൽ (ബേബി കാർ സീറ്റ് ഇല്ലെങ്കിൽ) അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത.

എല്ലാവരും ബേബി കാർ സീറ്റ് വാങ്ങുക.

ഇത് എന്റെ മകളാണ്. അവൾക്കും ഒരു കാർ സീറ്റ് വാങ്ങി. കാർ സീറ്റിൽ മുറുകി ഇരിക്കുന്നുണ്ട്. റോഡിൽ കുഴിയിലും മറ്റും വണ്ടി വീഴുമ്പോൾ ഇളകാതെ അവൾ സുരക്ഷിതമായി ഇരിക്കുന്നുണ്ട്.

ഭയമില്ലാതെ അവൾ അതിൽ ഇരിക്കുന്നുണ്ട്. ദൂര യാത്രകളിൽ അത്യന്താപേക്ഷിതമാണ് ഇവ.

എല്ലാവരും വാങ്ങുക. നമ്മുടെ കുട്ടികൾ സുരക്ഷിതരായി ഇരിക്കട്ടെ.

ഡോ.ഷിനു ശ്യാമളൻ #ബേബി #കാർ #സീറ്റ് (Baby Car Seat) #repost

You can like this post!

You may also like!