തളിപ്പറമ്പ്: പരിയാരം -തിരുവട്ടൂർ- കുറേറ്യരി വില്ലേജ് ബാലസംഘത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കുട്ടികളുടെ പരിയാരം പഞ്ചായത്ത് തല വികസന രേഖ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബയ്ക്ക് ബാലസംഘം പരിയാരം വില്ലേജ് പ്രസിഡന്റ് ദേവനന്ദ കൈമാറി. പി. രഞ്ചിത്ത്, അനുരാജ്.എം, അഭിനന്ദ്, അശ്വിന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വികസന രേഖ
വികസനം ഭാവി രൂപപ്പെടുത്തലാണ്. ഭാവി കുട്ടികളുടേതാണ്. കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന മുതല്‍മുടക്ക് ഭാവിക്കായുള്ള ഈടു വെപ്പാണ്. പദ്ധതികള്‍ക്ക് രൂപം കൊടുക്കുമ്പോള്‍ മറ്റു പ്രധാനപ്പെട്ട പദ്ധതികള്‍ക്കൊപ്പം താഴെ പറയുന്ന കുട്ടികളുടെ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

1, ബാല വിഹാര്‍ കുട്ടികള്‍ക്ക് ഒരു കേന്ദ്രം.
ബാലസാഹിത്യ കൃതികള്‍ ധാരാളമുള്ള ഒരു ലൈബ്രറി, വായനാമുറി,ബാലസാഹിത്യ പ്രസിദ്ധീകരണങ്ങള്‍, ഒരു മിനി തിയേറ്റര്‍, വൈഫൈ കണക്ഷന്, കമ്പ്യൂട്ടറുകള്‍, മുറ്റത്ത് തണല്‍മരങ്ങള്‍ പുന്തോട്ടം,
കുട്ടികളുടെ പാര്‍ക്ക് എന്നിവയോട് കൂടിയ കുട്ടികളുടെ കേന്ദ്രം. സ്ഥല പരിമിതിയുണ്ടെങ്കില്‍ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഇതുണ്ടാക്കാവുന്നതാണ്. ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന തോതിലും നഗരസഭയിലാണെങ്കില്‍ ഒന്നില്‍ കൂടുതലും വേണ്ടി വരും.
കുട്ടികളുടെ കലാഭ്യസനത്തിനുള്ള വേദിയാക്കി ബാലവിഹാറുകളെ മാറ്റാം, വജ്രജൂബിലി സ്കോളര്‍ഷിപ്പ് നേടിയവരുടെ നേതൃത്വത്തില്‍ ബാലവിഹാറുകളില് കലാപരിശീലനങ്ങള്‍ നടത്താം. മാസത്തിലൊരിക്കല്‍ കുട്ടികളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുകയും ചെയ്യാവുന്നതാണ്.
ബാലവിഹാറുകള്ക്ക് കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ നടത്തിപ്പു കമ്മിറ്റിയും ഉണ്ടാവണം. വാനനിരീക്ഷണ കേന്ദ്രം, സാമൂഹ്യ ശാസ്ത്ര പാര്‍ക്ക് എന്നിവയും ബാലവിഹാറില്‍ ഒരുക്കാം.
2, എല്ലാ ഗ്രന്ഥശാലകളിലും ബാലസാഹിത്യ കൃതികളും ബാല പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കുക. ബാലവേദികള്‍ സജീവമാക്കുക.
3, പഞ്ചായത്ത് നഗരസഭ ജാഗ്രതാ സമിതികള്‍ സജീവവും കാര്യക്ഷമവുമാക്കുക.
4. എല്ലാ വിദ്യാലയങ്ങളിലും കുട്ടികള്‍ക്ക് പങ്കുള്ള ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക.
5, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്,ബഡ്സ് സ്കൂള്‍, C.D.M.R.P തുടങ്ങിയ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക.
6. വിദ്യാലയങ്ങളില്‍ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള് (നാപ്കിന് വെന്റിങ് മെഷീന്, ഡ്രസ്സിങ് കാബിന്, ഇന്‍സിനേറ്റര്‍ എന്നീ സൗകര്യങ്ങളുള്ള) ഏര്‍പ്പെടുത്തുക.
7, ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ‘റെസ്റ്റ് റൂം’ ഏര്‍പ്പെടുത്തുക.
8. ബാലാവകാശ കമ്മീഷന് മുന്നോട്ടുവെച്ച ബാലസൗഹ്യദ കേരളം പദ്ധതി സമഗ്രമായി നടപ്പാക്കുക.
9. എല്ലാ വില്ലേജിലും കുട്ടികള്‍ക്കായി പൊതു കളിസ്ഥലങ്ങള്‍ ഉണ്ടാക്കുക. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് കുടി കളിക്കാനുളള സൗകര്യം ഒരുക്കണം.
