തളിപ്പറമ്പില്‍ കാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദ്ദിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരെ ജാമ്യമില്ലാ കേസ്

തളിപ്പറമ്പ് : ബി.ജെ.പി ജില്ലാ പ്രസിഡന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളായ കാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരെ തളിപ്പറമ്പപോലീസ് കേസെടുത്തു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി ഗംഗാധരന്‍, രഞ്ചിത്ത്, സുരേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെയാണ് കേസ്.

തളിപ്പറമ്പ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ അക്രമത്തിനിരയായ തലശ്ശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയും കാന്‍സര്‍ രോഗിയുമായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24)യുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പൊതുസ്ഥലത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അന്യായമായി സംഘം ചേരുകയും ഗോകുല്‍ കൃഷ്ണയെയും സഹോദരനെയും തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ രഞ്ചിത്ത്, ഗംഗാധരന്‍, സുരേഷ് എന്നിവരാണ് തങ്ങളെ അടിച്ചതെന്നും സത്യപ്രകാശ് അക്രമികള്‍ക്ക് മര്‍ദ്ദിക്കുന്നതിന് വേണ്ടി തങ്ങളെ തടഞ്ഞുനിര്‍ത്തിയെന്നുമാണ് ഗോകുലും അര്‍ജ്ജുനും മൊഴി നല്‍കിയത്.

കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ലയെന്ന് ഗോകുലും അര്‍ജ്ജുനും മൊഴി നല്‍കിയിട്ടുണ്ട്. നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുല്‍ കൃഷ്ണ ബസ് യാത്ര സാധ്യമല്ലാത്തതിനാല്‍ കാറില്‍ അനുജന്‍ അര്‍ജ്ജുന്‍ കൃഷ്ണ (20) യോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു

സത്യപ്രകാശിന്‍റെ ഇന്നോവ കാറിന് വളപട്ടണം പാലം മുതല്‍ സൈഡ് കൊടുത്തില്ലന്ന് ആരോപിച്ച് പൂക്കോത്ത് നടയില്‍ വച്ച് കാറ് തടഞ്ഞ്  മര്‍ദ്ദിച്ചത്.

എന്നാല്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ കാറിന് കടന്നുപോകാന്‍ സൗകര്യം നല്‍കാതിരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും ഈ സമയത്ത് സത്യപ്രകാശിനൊപ്പം ഉണ്ടായിരുന്ന യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രതീഷിനെ കാറിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചുവെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.

മര്‍ദ്ദനത്തില്‍ പരുക്കേറ്റതിന് രതീഷ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടിയിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!