ഉള്ളി പൊള്ളിച്ചു, ജയിൽ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഹോട്ടലുടമക്കെതിരെ കേസ്

തളിപ്പറമ്പ്: ഉള്ളി വിലവര്‍ദ്ധനവില്‍ വടക്കേ ഇന്ത്യ മാത്രമല്ല വിറകൊള്ളുന്നത്, ഇങ്ങ് കേരളത്തിലെ കണ്ണൂരിലും ഉള്ളി കരയിക്കുക മാത്രമല്ല, ക്രിമിനല്‍ കേസിലും പ്രതിയാക്കുന്ന നിലയിലെത്തിയിരിക്കയാണ് കാര്യങ്ങള്‍.

സംഭവം തളിപ്പറമ്പിലാണ്- കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീകണ്ഠാപുരം മലപ്പട്ടത്തെ പൂതലോട്ട് ഹൗസില്‍ പി.സുദീപന്‍ ഇന്നലെ തളിപ്പറമ്പിലെത്തിയത് മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താനാണ്.

നഗരസഭാ ഓഫീസില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനാണ് അദ്ദേഹം രണ്ടേമുക്കാലോടെ തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ മലബാര്‍ ഹോട്ടലില്‍ കയറിയത്.

രണ്ട് പൊറോട്ടയും ബീഫ് ഫ്രൈയുമാണ് ഓര്‍ഡര്‍ ചെയ്തത്. സാധനം മുന്നില്‍ വന്നപ്പോഴാണ് ബീഫ് ഫ്രൈക്ക് മുകളിലായി കൊത്തിയരിഞ്ഞ പച്ച കാബേജ് വിതറിയത് കണ്ടത്.

കാബേജ്, പ്രത്യേകിച്ചും പച്ചയായത് ഇഷ്ടമല്ലാത്ത സുദീപന്‍ ഇത് സപ്ളേയറോട് തിരക്കിയപ്പോള്‍ ഉള്ളിക്ക് വിലകയറിയതിനാല്‍ മുതലാളിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉളളിക്ക് പകരം പച്ച കാബേജ് വിതറിയതെന്ന് വ്യക്തമാക്കി.

ഈ സമയം കാബേജ് വിതറിയ ബീഫ്ഫ്രൈ സുദീപന്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട ഹോട്ടലുടമ കൗണ്ടറില്‍ നിന്ന് എഴുന്നേറ്റ് വന്ന് ഇത് ചോദ്യം ചെയ്യുകയും തെറി വിളിക്കുകയും ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ച് ഹോട്ടലിന് പിറകിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും

ജീവനക്കാരുള്‍പ്പെടെ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. വലിയ വില കൊടുത്ത് വാങ്ങുന്ന ഉള്ളി നിനക്ക് ഓസിക്ക് തിന്നാന്‍ തരാന്‍ കഴിയില്ല-എന്ന് പറഞ്ഞ് തന്നെ അപമാനിക്കുകയും ചെയ്തതായി സുദീപന്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 341, 323 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തിരിക്കുന്നത്. നീ ആര്‍ക്ക് വേണമെങ്കിലും പരാതി കൊടുത്തോ എന്നു പറഞ്ഞ ഹോട്ടലുടമ പിന്നീട് സംഗതി പന്തിയല്ലെന്നുകണ്ട് ക്ഷമാപണം നടത്താന്‍ വന്നുവെങ്കിലും

തനിക്ക് നേരിട്ട അപമാനം വെറുതെ വിടാന്‍ സുദീപന്‍ ഒരുക്കമായിരുന്നില്ല–സംഭവം സംബന്ധിച്ച് ഇന്ന് രാവിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിനും നഗരസഭക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് സുദീപന്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!