തളിപ്പറമ്പ് നഗരത്തില്‍ കറുത്ത പുക പരന്നത് പരിഭ്രാന്തി പരത്തി

തളിപ്പറമ്പ് : നഗരത്തില്‍ കറുത്ത പുക നിറഞ്ഞത് പരിഭ്രാന്തി പരത്തി. രാത്രി ഏഴോടെയാണ് തളിപ്പറമ്പ് നഗരത്തില്‍ അന്തരീക്ഷത്തില്‍ രൂക്ഷ ഗന്ധവും കനത്ത കരിമ്പുകയും ഉയര്‍ന്നത്.

പരിഭ്രാന്തരായ ജനങ്ങള്‍ റോഡിലിറങ്ങി അന്വേഷണം നടത്തിയിട്ടും ഒന്നും കാണാത്തതിനെ തുടര്‍ന്ന് പോലീസിലും അഗ്‌നിശമന സേനയിലും നഗരസഭയിലും വിവരമറിയിച്ചു.

കുതിച്ചെത്തിയ പോലീസും അഗ്‌നിശമനസേനയും നടത്തിയ അന്വേഷണത്തില്‍ മൂത്തേടത്ത് ഹൈസ്‌കൂളിന് സമീപത്തെ വാഹന വില്‍പ്പന, സര്‍വ്വീസ് സ്ഥാപനമായ   കെ.വി.ആര്‍ മോട്ടോര്‍സില്‍ നിന്നാണ് പുക വരുന്നതെന്ന് കണ്ടെത്തി.

അടച്ചിട്ട ഗെയിറ്റ് തുറക്കാനാവാത്തതിനാല്‍ പോലീസ് കെ.വി.ആറിലെ ആളുകളെ വിളിച്ചുവരുത്തിയാണ് ഗെയിറ്റ് തുറന്ന് അകത്തുകടന്നത്. പരിശോധനയില്‍ മാലിന്യം കത്തിക്കുന്ന ബര്‍ണറില്‍ പഴയ ഓയില്‍ ഫില്‍ട്ടറുകള്‍ ഒന്നിച്ച് കത്തിച്ചതാണ് പുക പരക്കാന്‍ കാരണമെന്ന് കണ്ടെത്തി.

കത്താതെ ബാക്കിവന്ന ഓയില്‍ ഫില്‍ട്ടറുകള്‍ പോലീസ് പിടിച്ചെടുത്തു. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കൂടുതല്‍ പരിശോധനകള്‍ നടത്തും. സ്ഥാപനത്തില്‍ നിന്നും ഒയില്‍ കലര്‍ന്ന വെളളം പുറത്തേക്ക് ഒഴുക്കി വിടുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!