വെളളാരംപാറ ചൊറുക്കള നിവാസികളുടെ മനസില്‍ ഭീതി വിതച്ച് രാത്രികാലത്ത് അജ്ഞാതന്റെ വിളയാട്ടം

തളിപ്പറമ്പ്: രണ്ട് ആഴ്ച്ചയിലേറെയായി വെളളാരംപാറ ചൊറുക്കള നിവാസികളുടെ മനസില്‍ ഭീതി വിതച്ച് രാത്രികാലത്ത് അജ്ഞാതന്റെ സന്ദര്‍ശനം.

നാട്ടുകാര്‍ ശക്തമായ കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടും അജ്ഞാതന്റെ വിളയാട്ടം തുടരുകയാണ്.

രാത്രി ഏഴുമണിയോടെയാണ് പ്രദേശത്ത് അജ്ഞാതന്റെ സന്ദര്‍ശനം തുടങ്ങുന്നത്.

വീടുകളുടെ മുന്‍ഭാഗത്തെയും അടുക്കഭാഗത്തെയും വാതിലുകളിലും ജനാലകളിലും തട്ടി പതുങ്ങി നില്‍ക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.

ഇയാളുടെ സാന്നിധ്യം മനസിലാക്കി സ്ത്രീകളും കുട്ടികളും ബഹളം വയ്ക്കുമ്പോഴെക്കും അജ്ഞാതന്‍ ഓടി രക്ഷപ്പെടാറാണ് പതിവ്.

ഇതുവരെ എവിടെ നിന്നും മോഷണം നടത്തിയിട്ടില്ല. അസാമാന്യ മെയ് വഴക്കമുളള ആളാണ് ഇയാളെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടെന്ന് മനസിലാക്കിയാല്‍ പിന്നെ വേലിയും മതിലും ചാടിക്കുന്ന് അതിവേഗത്തിലാണ് ഇയാള്‍ ഓടി മറയുന്നത്.

കൈയ്യില്‍ പിക്കാസ് പോലെയുളള ആയുധവും കൊണ്ടു നടക്കുന്നുണ്ട്. ചൊറുക്കള, താഴെ ചൊറുക്കള ഭാഗങ്ങളിലാണ് ആദ്യം അജ്ഞാതന്റെ ശല്ല്യം ഉണ്ടായത്.

അടുത്ത ദിവസങ്ങളില്‍ വെളളാരംപാറ, ബൂസുരിഗാര്‍ഡന്‍ ഭാഗങ്ങളിലും എത്തിത്തുടങ്ങിയതോടെ സ്ത്രീകളും കുട്ടികളും ആറുമണിക്കു ശേഷം വീടിനു പുറത്തിറങ്ങാത്ത അവസ്ഥയാണ്.

നേരത്തെ സര്‍ സയ്യിദ് കോളജിനു സമീപത്തെ വേളിപ്പാറ ഭാഗത്തും അജ്ഞാതന്റെ ശല്ല്യമുണ്ടായിരുന്നു. ആ ഭാഗത്ത് ആളുകള്‍ കണ്ട അജ്ഞാതന്റെ ശരീരഘടനയുമായി വെളളാരംപാറയിലും പരിസരത്തും കണ്ടയാള്‍ക്ക് സാമ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഈ പ്രദേശത്ത് യുവാക്കളുടെ നേതൃത്വത്തില്‍ ശക്തമായ കാവലും നിരീക്ഷണവും തുടരുകയാണ്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷവും അജ്ഞാതന്റെ ശല്ല്യം തുടരുകയാണെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറയുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!