യുവമോര്‍ച്ച ജില്ലാ ട്രഷററുടെ വീട്ടിന് നേരെ ബോംബേറ്, അഞ്ചു സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്.

തളിപ്പറമ്പ്: യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ വി.നന്ദകുമാറിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ചു സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ കേസെടുത്തു.

കല്യാശേരി ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം പി.പി.ഷാജിര്‍, സുമന്‍ ചുണ്ട, റിബിന്‍ കോലത്തുവയല്‍, സബിന്‍ കണ്ണപുരം, സന്ദീപ് ചെക്കിക്കുണ്ട് എന്നിവര്‍ക്കെതിരെയാണ് കേസ്.

മൊറാഴ പണ്ണേരിയിലെ വി.നന്ദകുമാറിന്റെ വാടകവീട്ടിന് നേരെ 25 ന് രാത്രി 10.20 നായിരുന്നു സ്റ്റീല്‍ബോംബ് എറിഞ്ഞത്.

കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാറ്റാങ്കീല്‍ യൂണിറ്റ് ഡി വൈ എഫ് ഐ പ്രസിഡന്റ് ആദര്‍ശിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബോംബാക്രമണം നടന്നത്.

മാറ്റാങ്കീലിലെ ബി ജെ പി പ്രവര്‍ത്തകന്‍ രതീഷ് പൂക്കോട്ടിയുടെ വീട്ടിന് നേരെയും ബോംമെറിഞ്ഞുവെങ്കിലും പൊട്ടിയിരുന്നില്ല.

നന്ദകുമാറിന്റെ വീട്ടിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വരാന്തയിലെ ഓടുകളും മുന്‍ഭാഗത്തെ ജനല്‍ചില്ലുകളും തകര്‍ന്നിരുന്നു.

ശനിയാഴ്ച്ചക്കകം പണ്ണേരിയിലെ വാടക വീട് ഒഴിഞ്ഞുപോകണമെന്ന് യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ വി.നന്ദകുമാറിന് സിപിഎം അന്ത്യശാസനം നല്‍കിയതായി നന്ദകുമാര്‍ പറഞ്ഞു.

സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് വീട്ടിലെത്തി ഇത് ആവശ്യപ്പെട്ടതായി നന്ദകുമാര്‍ പറഞ്ഞു.

വീട് വാടകയ്ക്ക് നല്‍കിയ ആളുടെ വീട്ടില്‍ ചെന്നും ഇവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ നിന്നും വീടൊഴിയുന്ന കാര്യം ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ വി.നന്ദകുമാറിന്റെ വീടാക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ലോകം മുഴുവന്‍ കൊറോണ മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ രാഷ്ട്രീയ പകപോക്കലുകള്‍ നടത്തുന്ന സി പി എം താലിബാനിസത്തിനെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് പി.സുദര്‍ശനന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

മുഴുവന്‍ സമൂഹത്തേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംഘപരിവാര്‍ പരിശ്രമിക്കുമ്പോള്‍, അതില്‍ മാനസിക വിഭ്രാന്തി പിടിപെട്ടവര്‍ നടത്തുന്ന ഇത്തരം വൃത്തികേടുകളെ സമൂഹം തള്ളിപ്പറയണമെന്നും യോഗം ആവശ്യപ്പെട്ടു.

ജന:സെക്രട്ടറിമാരായ കെ.രവീന്ദ്രന്‍, കെ.കെ.വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!