ഭ്രാന്തന്‍കുന്ന് വെറുമൊരു പേരല്ല. പേരു മാറ്റം വിവാദമാകന്നു

തളിപ്പറമ്പ്: നൂറ്റാണ്ടുകളായി ഒരു പ്രദേശത്തിന് പതിഞ്ഞുകിട്ടിയ പേര് മാറ്റിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകം. സര്‍സയ്യിദ് കോളജിന് സമീപത്തായുള്ള ഭ്രാന്തന്‍കുന്ന് എന്ന പ്രദേശത്തെ പ്രാന്തങ്കുന്ന് ആക്കി മാറ്റിക്കൊണ്ടുള്ള ചിലരുടെ നീക്കമാണ് വിവാദമായത്.

ഈ പ്രദേശത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന വ്യത്യസ്തനായ ഒരു വ്യക്തിയെ ഭ്രാന്തനായി മുദ്രകുത്തുകയും അദ്ധേഹം താമസിച്ചിരുന്ന സ്ഥലം ഭ്രാന്തന്‍കുന്ന് എന്ന് അറിയപ്പെട്ടുവെന്നും പഴമക്കാര്‍ പറയുന്നു.

ജാതീയത കൊടികുത്തിവാണിരുന്ന കാലത്ത് ഉന്നതകുലജാതനായ ഒരാള്‍ താഴ്ന്ന ജാതിയിലുളലവരുമായി കൂട്ടുകൂടുകയും അവര്‍ക്ക് വിദ്യ പകര്‍ന്നു നല്‍കാനും പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവരെ സഹായിക്കാനും തയ്യാറായി.

അതിനെ ഭ്രാന്തായി ചിത്രീകരിക്കുകയും ആ വ്യക്തിയെ ഭ്രാന്തനെന്നു വിളിക്കുകയും ചെയ്തു. അക്കാലത്ത് കൊടും വനമായിരുന്ന സ്ഥലത്തെ കുന്നിലാണ് അദ്ധേഹം താമസിച്ചിരുന്നത്. അതാണ് പില്‍ക്കാലത്ത് ഭ്രാന്തന്‍കുന്നായി മാറിയത്.

എന്നാല്‍ അടുത്ത ദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്ന ബാങ്ക് ശാഖയുടെ ഉദ്ഘാടന നോട്ടീസിലും ബോര്‍ഡിലുമാണ് ഈ സ്ഥലത്തെ പ്രാന്തങ്കുന്ന് ആക്കി മാറ്റിയതെന്നാണ് പരാതി.

എല്ലാ പ്രമാണങ്ങളിലും രേഖകളിലും സ്ഥലം ഭ്രാന്തന്‍കുന്ന് ആണെന്നിരിക്കെ എന്തിനാണ് അതില്‍ മാറ്റം വരുത്തുന്നതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

പ്രാന്തപ്രദേശം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രാന്തങ്കുന്നായി മാറ്റിയതെന്ന ബാലിശമായ ന്യായീകരണമാണ് ബാങ്ക് അധികൃതരുടേത്.

രേഖകളിലുള്ളതും പറഞ്ഞറിയുന്നതുമായ ഒരു പ്രദേശത്തിന്റെ പേര് മാറ്റിമറിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്. പഴയ പേരില്‍ ഇവിടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!