തളിപ്പറമ്പില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ 13 എസ് ഡി പി ഐക്കാര്‍ അറസ്റ്റില്‍; അഞ്ചുപേര്‍ക്കെതിരെ വധശ്രമക്കേസ്, എട്ടുപേരെ ജാമ്യത്തില്‍ വിട്ടയച്ചു.

മുതുകുടയിലെ കീരന്‍ ഹൗസില്‍ കെ.തല്‍ഹത്ത്(29), ബക്കളം ഷിനാസ് ഹൗസില്‍ എം.പി.മുഹമ്മദ് റാഷിദ്(24), കുറ്റ്യേരിയിലെ ടി.എസ്.അഫ്‌സല്‍(24), കുറുമാത്തൂര്‍ പള്ളിവളപ്പില്‍ ഹൗസില്‍ അബ്ദുള്‍ ഷഹീര്‍(28), ചൊറുക്കളയിലെ മോട്ടന്റകത്ത് പുതിയപുരയില്‍ എം.പി.ഫവാസ്(32) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. എട്ടുപേരെ ജാമ്യത്തില്‍ വിട്ടയച്ചു.

അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ഉള്‍പ്പെടെ 35 പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

ഇന്ന് രാവിലെ പതിനൊന്നോടെ തളിപ്പറമ്പില്‍ പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകരാണ് ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ചത്.

പരിക്കേറ്റ പയ്യന്നൂരിലേക്ക് പോകുന്ന മാധവി ബസ് കണ്ടക്ടര്‍ പെരളശേരിയിലെ ഒതയേനിച്ചാലില്‍ അര്‍ജുന്‍ ബാബുവിനെ (23) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാവിലെ 11-15നാണ് സംഭവങ്ങളുടെ തുടക്കം.

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ തളിപ്പറമ്പ് ബസ്റ്റാന്റില്‍ നിന്നും പുറത്തേക്കിറങ്ങിയ മാധവി ബസിനെ പ്രകടനക്കാര്‍ തടയുകയായിരുന്നു.

ഈ സമയം പ്രകടനത്തിന്റെ ഫോട്ടോയെടുത്ത കണ്ടക്ടര്‍ അര്‍ജുന്‍ ബാബുവിനെ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചു പുറത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

ഡ്രൈവര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. മര്‍ദ്ദനമേറ്റ് വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വാര്‍ന്ന് റോഡില്‍ വീണ അര്‍ജുന്‍ബാബുവിനെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റതോടെ മറ്റ് ബസ് ജീവനക്കാരും ഓട്ടം നിര്‍ത്തി. ബസുകള്‍ സ്റ്റാന്റിലും ദേശീയ പാതയിലുമായി നിര്‍ത്തിയിട്ടതോടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.

ഇതിനിടെ ബസ് ജീവനക്കാരും എസ്ഡിപിഐക്കാരും നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.കെ എസ് ആര്‍ ടി സി ഒഴികെയുള്ള മറ്റ് ബസുകളെല്ലാം സര്‍വീസ് നിര്‍ത്തിയതോടെ ബസ്റ്റാന്റും പരിസരങ്ങളും യാത്രക്കാരെക്കൊണ്ട് നിറഞ്ഞു.

സ്‌കൂളുകളില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ നടക്കുന്നതിനാല്‍ ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. പിന്നീട് പോലീസ് മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് ബസ് സമരം അവസാനിച്ചത്.

സി ഐ ടി യു , ഐഎന്‍ടിയുസി, ബി എം എസ്, എ ഐ ടി യു സി, എസ് ടി യു എന്നീ സംഘടനകള്‍ സംയുക്തമായാണ് മിന്നല്‍ സമരത്തില്‍ പങ്കെടുത്തത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാത്ത പക്ഷം വീണ്ടും സമരത്തിന് ഇറങ്ങുമെന്ന് നേതാക്കളായ കെ.ജയരാജനും പി.വി.പത്മനാഭനും പറഞ്ഞു.

തളിപ്പറമ്പില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തിലും മിന്നല്‍ പണിമുടക്കിനും ഇടയാക്കിയത് പോലീസിന്റെ തികഞ്ഞ അനാസ്ഥയെന്ന് ആക്ഷേപം.

പ്രകടനം നടക്കുമ്പോള്‍ സ്ഥിരമായി പോലീസ് പ്രകടനത്തിന് പിന്നാലെ ഉണ്ടാകാറുണ്ടെങ്കിലും സംഘര്‍ഷം നടക്കുന്ന സമയത്ത് ബസ്റ്റാന്റ് ഡ്യൂട്ടിയിലുള്ള നാല് പോലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ.

പോലീസ് സ്റ്റേഷനില്‍ ലാന്റ് ഫോണ്‍ ഇല്ലാത്തതിനാല്‍ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞതുമില്ല. സംഘര്‍ഷം രൂക്ഷമായതോടെ പോലീസുകാര്‍ പിന്‍ വാങ്ങുകയും ചെയ്തു.

എസ് ഐയെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട ശേഷമാണ് കൂടുതല്‍ പോലീസ് എത്തിയത്.

മൂന്ന് മണിക്കൂര്‍ നേരം സംഘര്‍ഷാന്തരീക്ഷം നിലനിന്ന നഗരത്തില്‍ എത്തിയവര്‍ കടുത്ത ഭീതിയിലായിരുന്നു. വൈകുന്നേരം നാലരയോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിഞ്ഞ് നഗരം സാധാരണ നിലയിലായത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!