തളിപ്പറമ്പില്‍ കറവപ്പശു മോഷ്ടാക്കളുടെ തേര്‍വാഴ്ച്ച, രണ്ട് പശുക്കളെ കൂടി കാണാതായി-പുഷ്പഗിരിയില്‍ നിന്ന് മോഷ്ടിച്ച പശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കറവപ്പശു മോഷ്ടാക്കള്‍ വിലസി നടക്കുന്നു, രണ്ട് കറവപ്പശുക്കളെകൂടി കാണാതായി.

അതേ സമയം പുഷ്പഗിരിയില്‍ നിന്ന് മോഷ്ടിച്ച പശുവിനെ ഉപേക്ഷിച്ച നിലയില്‍ തിരിച്ചുകിട്ടി.

വീട്ടിനോട് ചേര്‍ന്ന ആലയില്‍ നിന്നും മൂന്നംഗസംഘം മോഷ്ടിച്ചുകടത്തിയ തളിപ്പറമ്പ് പുഷ്പഗിരി ഗാന്ധിനഗര്‍-ഒന്നിലെ കല്ലായി വളപ്പില്‍ ഉമ്മറിന്റെ പശുവിനെയാണ് ഇന്ന് രാത്രി ഏഴേകാലോടെ കണ്ടുകിട്ടിയത്.

ഫാറൂഖ് നഗറിലെ ഒഴിഞ്ഞ പറമ്പില്‍ അഴിച്ചുവിട്ട നിലയില്‍ പശുവിനെ കണ്ട നാട്ടുകാര്‍ പത്രവാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനാല്‍ ഉമ്മറിനെ അറിയിക്കുകയായിരുന്നു.

അതേസമയം കറവപ്പശു മോഷ്ടാക്കള്‍ തളിപ്പറമ്പില്‍ തേര്‍വാഴ്ച്ച തുടരുകയാണ്.

ഗാന്ധിനഗര്‍ സ്ട്രീറ്റ് നമ്പര്‍ ആറിലെ പൂമംഗലോരത്ത് മമ്മുവിന്റെ എച്ച് എഫ് ഇനത്തില്‍പെട്ട 10 ലിറ്റര്‍ കറവയുള്ള പശുവിനെയും സര്‍ സയ്യിദ് കോളേജിന് സമീപത്തെ ഒരാളുടെ പശുവിനെയും കാണാതായതായ പരാതികളും പോലീസില്‍ ലഭിച്ചിട്ടുണ്ട്.

ആഗസ്ത് ആറിന് രാത്രി 12 നും ഒന്നിനും ഇടയിലായിരുന്നു ഉമ്മറിന്റെ വീട്ടിലെ പശുവിനെ മോഷ്ടിച്ചത്.

ഉമ്മറിന്റെ വീടിനോട് ചേര്‍ന്ന ആലയില്‍ കെട്ടിയ പശുവിനെ മോഷ്ടാക്കള്‍ അഴിച്ചുകൊണ്ടുപോകുകയയും കിടാവിനെ ആലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

രണ്ട് മാസം മുമ്പ് പ്രസവിച്ച പശു പ്രതിദിനം 14 ലിറ്റര്‍ പാല്‍ നല്‍കുന്നതായിരുന്നു.

60,000 രൂപ വിലവരുന്ന പശുവിനെ മൂന്നംഗ സംഘം കൊണ്ടുപോകുന്നത് പുഷ്പഗിരിയിലെ ഒരു വീടിന്റെ സി സി ടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞിരുന്നു.

മോഷ്ടാക്കള്‍ രണ്ടുപേര്‍ പശുവിനെ തെളിച്ചുകൊണ്ടും ഒരാള്‍ ബൈക്കിലുമായിരുന്നു.

മോഷണം സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെയായിരിക്കാം തങ്ങളെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ പശുവിനെ ഉപേക്ഷിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!