സംസ്ഥാന പാതാ വികസനം ; ചിറവക്ക് കപ്പാലം റോഡ് ഞായറാഴ്ച്ച മുതല്‍ പൂര്‍ണ്ണമായും അടച്ചിടും

ഒരു മാസത്തേക്ക് ഗതാഗതം പൂര്‍ണമായി വഴിതിരിച്ചുവിടും

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ഒരു മാസക്കാലത്തേക്ക് ഗതാഗത പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായി നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള ഭാഗത്ത് സംസ്ഥാന പാതയില്‍ റോഡ് വീതി കൂട്ടി ഉയര്‍ത്തി നിര്‍മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ ഗതാഗതം വഴി തിരിച്ചുവിടുന്നത്.

തളിപ്പറമ്പ് ബസ്റ്റാന്റില്‍ നിന്നും ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠാപുരം, ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ മെയിന്‍ റോഡ് വഴി കപ്പാലത്തേക്ക് പോകണം.

ആലക്കോട് ഭാഗത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ മന്നയില്‍ നിന്നും ചിന്‍മയ വിദ്യാലയം റോഡ് വഴി ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് മുന്നിലെത്തി തൃച്ചംബരം കിഴക്കേ നടക്ക് മുന്നിലൂടെ ദേശീയ പാതയിലെത്തണം.

ശ്രീകണ്ഠാപുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ സര്‍ സയ്യിദ് കോളജ് ഭ്രാന്തന്‍ കുന്ന് വഴി കിഴക്കേ നടയിലൂടെ ദേശീയ പാതയിലെത്തണം. ചെറിയ വാഹനങ്ങള്‍ കോര്‍ട്ട് റോഡ് വഴിയും തിരിച്ചുവിടും. അനധിക്യത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

ജയിംസ് മാത്യു എം.എല്‍.എ യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റസ്റ്റ്ഹൗസില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ട്രാഫിക് വഴി തിരിച്ചുവിടുന്നത്.

നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, വ്യാപാരി വ്യവസായി നേതാവ് കെ.എസ്.റിയാസ്, വിവിധ തൊഴിലാളി സംഘടനകള്‍, ബസ് ഉടമകള്‍, മോട്ടോര്‍ തൊഴിലാളി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

15 ദിവസം കൊണ്ട് റോഡ് പണി തീര്‍ക്കാനാണ് നിര്‍ദ്ദേശമെങ്കിലും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഒരു മാസത്തേക്ക് ഗതാഗതം പൂര്‍ണമായി വഴിതിരിച്ചുവിടുന്നത്.

പത്രസമ്മേളനത്തില്‍ ട്രാഫിക് എസ് ഐ കെ.വി.മുരളി, പി ഡബ്‌ള്യുഡി അസി.എഞ്ചിനീയര്‍ കെ.പി.പ്രദീപന്‍, ഓവര്‍സിയര്‍ കെ.ടി.ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!