മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം ലഭിച്ചയാളില്‍ നിന്നും ഭീഷണിപ്പെടുത്തി കമ്മീഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതം

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം ലഭിച്ചയാളില്‍ നിന്നും ഭീഷണിപ്പെടുത്തി കമ്മീഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കിടപ്പ് രോഗികള്‍ക്ക് ലഭിക്കുന്ന ധനസഹായം ലഭിച്ച കാഞ്ഞിരങ്ങാട്ടെ എ.വി.യഹിയയില്‍നിന്നും 9000 രൂപ കമ്മീഷന്‍ പറ്റുകയും വീണ്ടും 1000 രൂപ ആവശ്യപ്പെടുകയും ചെയ്തു എന്നായിരുന്നു പരാതി.

സംഭവത്തില്‍ കൊയ്യം പാറക്കാടിയിലെ തേണങ്കീല്‍ വീട്ടില്‍ ടി.ഉണ്ണികൃഷ്ണ്(50)നെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണന് പിന്നില്‍ ചില ഉദ്യോഗസ്ഥരും മറ്റ് ചിലരുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് താലൂക്ക് ഓഫീസുകളില്‍ നിന്നും മനസിലാക്കിയാണ് തട്ടിപ്പു നടത്തിയിരുന്നത്.

ഭീഷണി അസഹ്യമായതോടെ യഹിയയുടെ അനുജന്‍ കാഞ്ഞിരങ്ങാട് വണ്ണാരപ്പാറയിലെ സുലേഖ മന്‍സില്‍ എ.വി സിറാജുദ്ദിന്‍ ജയിംസ്മാത്യു എം.എല്‍.എക്കു പരാതി നല്‍കുകയും എംഎല്‍എ രേഖാമൂലമുള്ള പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് വെളളിയാഴ്ച്ച ഉണ്ണികൃഷ്ണനെ പിടികൂടിയത്.

You can like this post!

You may also like!