പെരുഞ്ചെല്ലൂര്‍ സംഗീത സഭയില്‍ ദേവഗീതത്തിന്റെ വിസ്മയ ചെപ്പുതുറന്ന് ദമ്പതികള്‍

പ്രശസ്ത ഗായികയും നര്‍ത്തകിയുമായ വൈ.ജി. ശ്രീലത വീണയിലും ഭര്‍ത്താവ് നീക്ഷിത് മൃദംഗത്തിലും നാദ താള വിസ്മയം തീര്‍ത്തപ്പോള്‍ 
പെരുഞ്ചെല്ലൂരിലെ സായാഹ്നം പ്രണയാര്‍ദ്രമായി

തളിപ്പറമ്പ്: വീണയും മൃദംഗവും ഘടവും രാഗതന്ത്രികളില്‍ തീര്‍ത്ത അനുഭൂതി പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ 52 ആം കച്ചേരി ഭാവ ദീപ്തമാക്കി. തുകല്‍ വാദ്യമായ മൃദംഗത്തില്‍ വിദ്വാന്‍ പുത്തൂര്‍ നിക്ഷിതും വീണയില്‍ വിദുഷി വൈ .ജി. ശ്രീലതയും പ്രണയ രാഗങ്ങള്‍ തീര്‍ത്തപ്പോള്‍ പെരിഞ്ചെല്ലൂര്‍ സംഗീതസഭയുടെ സായാഹ്നം പ്രണയാര്‍ദ്രമായി.

പി. നീലകണ്ഠ അയ്യര്‍ സ്മാരക ഹാളില്‍ നടക്കുന്ന കച്ചേരിയിലൂടെയാണ് പ്രണയമഴ പെയ്തിറങ്ങിയത്. നിക്ഷിതും ശ്രീലതയും അവരുടെ സംഗീതോപകരണങ്ങളില്‍ മാന്ത്രികവിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍ അത് സംഗീതസഭയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അനുഭവമായി.

പ്രശസ്ത ഘടം വിധ്വാന്‍ വാഴപ്പള്ളി കൃഷ്ണകുമാര്‍ ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കിയതോടെരാഗപ്രവാഹത്തില്‍ അലിയുകയായിരുന്നു ശ്രോതാക്കള്‍. ആത്മാവില്‍ നിറഞ്ഞ സംഗീതം കൊണ്ട്ഒരേ ആത്മാവായിത്തീര്‍ന്ന സംഗീത ദമ്പതികളുടെ സംഗീത പരിപാടി പെരുഞ്ചെല്ലൂരിന് മറക്കാനാവാത്ത സംഗീത സമ്മാനമായി.

സംഗീതത്തിലൂടെ സ്‌നേഹിച്ച് ഒന്നായവരാണ് നിക്ഷിത്തും വൈ.ജി.ശ്രീലതയും. വസന്തരാഗത്തിലുള്ള വര്‍ണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. നാട്ട രാഗത്തില്‍ ദീക്ഷിതര്‍ കൃതിയായ മഹാഗണപതിം, ലവംഗി രാഗത്തില്‍ ഡോ. ബാലമുരളീകൃഷ്ണ രചിച്ച ഓം കാരാകാരിണീ,

ആനന്ദഭൈരവിയില്‍ ശ്യാമശാസ്ത്രി കൃതിയായ മരിവേരെ ഗതി, ഹംസനാദത്തില്‍ ത്യാഗരാജ കൃതിയായ ബണ്ടു രീതി, രാഗമാലികയില്‍ രാഗം താനം പല്ലവി, സിന്ധു ഭൈരവിയില്‍ വിശ്വേശ്വര, മാണ്ട് രാഗത്തില്‍ തില്ലാന എന്നിവ അതീവ ഹൃദ്യമായി അവതരിപ്പിച്ചു.

ശ്രീലതയുടെ ആദ്യ ഗുരു അമ്മ വൈ. ജി. പരിമള മുഖ്യാതിഥി ആയിരുന്നു. എ. മഹേഷ്‌കുമാര്‍ രവീണ രാഘവന്‍ ദമ്പതികള്‍ കലാകാരന്മാരെ ആദരിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!