കോവിഡ് വിമുക്തനായ ചെറുവാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍(81) ആശുപത്രി വിട്ടു-

തളിപ്പറമ്പ്: തുടര്‍ച്ചയായി കോവിഡ് പോസിറ്റീവായ 81 കാരന്‍ 42 ദിവസങ്ങള്‍ക്കുശേഷം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കോവിഡ് രോഗമുക്തനായി.

കോവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം 42 ദിവസത്തെ ചികില്‍സക്ക് ശേഷമാണ് രോഗവിമുക്തി നേടി ആശുപത്രി വിട്ടത്.

ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് ചികില്‍സക്കിടയില്‍ ഹൃദയാഘാതവും സംഭവിച്ചിരുന്നുവെങ്കിലും അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ചികിത്സാ കാലയളവില്‍ 16 തവണയാണ് അദ്ദേഹത്തിന്റെ ശ്രവ പരിശോധന നടത്തിയത്.

ഒരേ പി.സി.ആര്‍ ലാബില്‍ നിന്നും തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇന്നലെ രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന് കോവിഡ് വൈറസ് ബാധയുമുണ്ടായത്.

ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരേ സമയം കോവിഡ് ഉള്‍പ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സ തേടിയ ഷംസുദ്ദീന്‍ ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവില്‍ ആയിരുന്നു.

ഇതോടെ, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരത്തേ ചികിത്സ തേടിയ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടിരിക്കയാണ്.

നിലവില്‍, മൂന്നാംഘട്ടത്തില്‍ അസുഖം ബാധിച്ച് കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി മാത്രമാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

38 കോവിഡ് പോസിറ്റീവ് രോഗികളെയാണ് ഇതിനോടകം ചികിത്സിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കോവിഡ് രോഗമുക്തമാക്കിയത്.

ഇതില്‍ 9 ഗര്‍ഭിണികളും രണ്ട് വയസ്സിന് താഴെ മാത്രം പ്രായമുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു.

കേരളത്തിലാദ്യമായി കോവിഡ് രോഗമുക്തി നേടിയശേഷം പ്രസവിച്ചതും 2 വയസ്സിന് താഴെയുള്ള കുട്ടി രോഗമുക്തമാവുന്നതും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശൂപത്രിയിലായിരുന്നു.

കോവിഡ് രോഗമുക്തനായി ഡിസ്ചാര്‍ജ്ജാവുന്ന ആദ്യഘട്ടത്തിലെത്തിയ അവസാന രോഗിയെ യാത്രയയക്കാന്‍ ടി.വി രാജേഷ് എം.എല്‍.എ, പ്രിന്‍സിപ്പാള്‍ ഡോ.എന്‍.റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ.ഡി.കെ.മനോജ്, ഡോ.വിമല്‍ റോഹന്‍, ആര്‍.എം.ഒ ഡോ. എസ്.എം.സരിന്‍, എ.ആര്‍.എം.ഒ ഡോ.കെ.പി.മനോജ്കുമാര്‍ എന്നിവര്‍ എത്തിയിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!