കോവിഡിന്റെ പിടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട വയോധികന്‍ വൃക്കരോഗത്തിന് കീഴടങ്ങി, മരണപ്പെട്ടത് പാപ്പിനിശേരി വെസ്റ്റിലെ പോരയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍-

 

Report-കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: കോവിഡിന്റെ പിടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട വയോധികന്‍ വൃക്കരോഗത്തിന് മുന്നില്‍ കീഴടങ്ങി.

പാപ്പിനിശേരി വെസ്റ്റ് ഇല്ലിപ്പുറത്തെ രാമാലയത്തില്‍ പോരയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (81) ആണ് ഇന്ന് രാത്രി 8.45 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

ഡെല്‍ഹിയില്‍ നിന്നും 14 ന് കണ്ണൂരിലെത്തിയ ഇദ്ദേഹം അന്നു മുതല്‍ തന്നെ അവശനിലയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞ ഇദ്ദേഹം കിഡ്നി, ലിവര്‍ എന്നീ അവയവങ്ങള്‍ക്ക് അസുഖം ബാധിച്ച് ചികില്‍സയിലായിരുന്നപ്പോഴാണ് കോവിഡും ബാധിച്ച് നില ഗുരുതരമായത്.

ഗുരുതര നിലയില്‍ തുടര്‍ന്നുവെങ്കിലും ജൂണ്‍ 19 നും 20 നും നടത്തിയ ശ്രവപരിശോധനയില്‍ ഇദ്ദേഹം രോഗവിമുക്തനായിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വയോധികനായ ഒരാള്‍ കോവിഡിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുക എന്നത് അപൂര്‍വമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

ശാന്തയാണ് ഭാര്യ. മക്കള്‍: സുഗുണ(ഡെല്‍ഹി),സുനിത്ത്, സുജിത്ത്. മരുമക്കള്‍: രമേശന്‍(ഡെല്‍ഹി), രജിത, സഹോദരങ്ങള്‍: കമലാക്ഷി, പത്മാവതി, കാര്‍ത്യായനി, ഓമന, രാജന്‍.

കോവിഡ് നെഗറ്റീവായ ശേഷമാണ് മരണം സംഭവിച്ചതെങ്കിലും സംസ്‌ക്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുതന്നെ വേണമെന്നതിനാല്‍ അത് ഉറപ്പുവരുത്തി മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുള്ളൂവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

പോസിറ്റീവായ ഇദ്ദേഹം രണ്ടു തവണ നെഗറ്റീവായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്.

ഇതിനാലാണ് കോവിഡ് മരണമായി തന്നെ പരിഗണിക്കേണ്ടി വരുന്നതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!