ഹൃദ്രോഗിക്കും കോവിഡ്, തിളച്ചുമറിയുന്ന അഗ്നിപര്‍വതമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്കും കൂട്ടിരിപ്പുകാരനും കോവിഡ് സ്ഥീരീകരിച്ചു.

ഇന്ന് രാവിലെ നടന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ നിന്ന് വന്ന രോഗിക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇന്നലെ ജനറല്‍ വാര്‍ഡിലെ നാല് കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചിരുന്നു.

തിളച്ചുമറിയുന്ന അഗ്‌നിപര്‍വതത്തിന് സമാനമായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.

ഡോക്ടര്‍മാരും നേഴ്സുമായുമായി 60 പേര്‍ കോവിഡ് പോസിറ്റീവായി ചികില്‍സയിലും 125 പേര്‍ നിരീക്ഷണത്തിലും.

വൈറോളജി ലാബിലെ പരിശോധനയില്‍ പോലും സംശയങ്ങള്‍ഉയരുന്ന സാഹചര്യത്തില്‍ എന്തിനാണിവിലെ ലക്ഷങ്ങള്‍ ചെലവഴിച്ച് ലാബ് സ്ഥാപിച്ചതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നത്.

പരിയാരത്ത് വൈറോളജി പരിശോധന നടത്തുന്നവര്‍ക്ക് വീണ്ടും ആലപ്പുഴയില്‍ കൂടി പരിശോധന നടത്തേണ്ട സ്ഥിതിയാണിപ്പോള്‍. ഇവിടെ പോസിറ്റീവാകുന്നവര്‍ക്ക് അവിടെ നെഗറ്റീവാകുന്ന സംഭവങ്ങളും നിരവധി നടന്നുകഴിഞ്ഞു.

ഇന്നലെ ജനറല്‍ വാര്‍ഡിലെ നാല് കൂട്ടിരിപ്പുകാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായതോടെ കടുത്ത ഭയപ്പാടിലാണ് ജീവനക്കാരും രോഗികളും.

ഈ സാഹചര്യത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എന്‍-95 മാസ്‌ക്കുകളും മുഖകവചവും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ഇതൊന്നും രോഗം പടരുന്നത് തടയാന്‍ പര്യാപ്തമല്ലെന്നും ഇപ്പോള്‍ ആശുപത്രിയിലുള്ള രോഗികളേയും കൂട്ടിരിപ്പുകാരേയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരേയും രണ്ടാഴ്ച്ചക്കാലം നിര്‍ബന്ധിത ക്വാറന്റീനിലാക്കിയാല്‍ മാത്രമേ ഇന്നത്തെ പ്രശ്നത്തിന് പരിഹാരം കാണാനാവൂവെന്ന് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ് ശിവസുബ്രഹ്മണ്യന്‍ പറഞ്ഞു.

സ്ഥിതിഗതി രൂക്ഷമായതിനാല്‍ ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജ് കാന്റീനില്‍ നിന്നും പാര്‍സലായി മാത്രമേ ഭക്ഷണം വിതരണം ചെയ്യുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കോവിഡ് രോഗികളെ പരിചരിക്കാന്‍ പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സീനിയറായ ഡോക്ടര്‍മാര്‍ ആരും തന്നെ കോവിഡ് രോഗികളെ പരിശോധിച്ചിട്ടില്ലെന്നതുമായ വിവരങ്ങള്‍ ശരിവെക്കുതാണ് അവരില്‍ ഒരാള്‍പോലും കഴിഞ്ഞ  മാസത്തിനിടയില്‍ ക്വാറന്റീനില്‍
പോയിട്ടില്ലെന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.

കാഷ്വാലിറ്റി ഒഴികെ മറ്റ് വിഭാഗങ്ങളെല്ലാം താല്‍ക്കാലികമായി അടച്ചിട്ട് അണുവിമുക്തമാക്കിയശേഷം മാത്രം ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കുന്നതാണ് നല്ലതെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്.

അതിനിടെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോക്കെതിരെ പ്രിന്‍സിപ്പാള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

അടിസ്ഥാനമില്ലാത്ത അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളേജിനെയും ജീവനക്കാരെയും അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇവിടെ താമസിക്കാന്‍ സ്ഥലസൗകര്യമില്ലാത്തതിനാല്‍ ഇരുപതോളം പേരെ ഇന്നലെ രാത്രി തന്നെ കണ്ണൂര്‍ ഗവ.റസ്റ്റ്ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!