കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് ബാധ നിയന്ത്രണ വിധേയമാകുന്നു

പരിയാരം : കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയിലുണ്ടായ കോവിഡ് ബാധ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു.

കോവിഡ്, കോവിഡേതര വിഭാഗങ്ങള്‍ക്കായി പ്രത്യേക സംവിധാനം നേരത്തേതന്നെ പരിയാരത്ത് ഒരുക്കിയതാണ്.

പി പി ഇ കിറ്റ് ധരിച്ച് കോവിഡ് ഐസൊലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ ആര്‍ക്കും തന്നെ കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ കൊവിഡ് രോഗബാധയുണ്ടായിട്ടില്ല.

എന്നാല്‍, കൊവിഡ് ഇതര വിഭാഗ ചികിത്സക്കായി ഇവിടെ എത്തിയ ചില രോഗികളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പടര്‍ന്നതായി കണ്ടെത്തി.

വാഹന അപകടക്കേസുകളില്‍ പോലും ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞു.

ലക്ഷണങ്ങളില്ലാത്ത കോവിഡ്ബാധ സമൂഹത്തില്‍ വ്യാപകമാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഇതേത്തുടര്‍ന്ന് ഡോക്ടര്‍ മാരും നേഴ്‌സുമാരും ഉള്‍പ്പടെയുള്ള ആശുപത്രിയിലെ എണ്‍പതോളം ജീവനക്കാര്‍ക്ക് അസുഖം ബാധിച്ചിരുന്നു.

കോവിഡ് അതിവ്യാപനഘട്ടത്തില്‍ ഇത്തരമൊരു സ്ഥിതി വിശേഷം എത്രമാത്രം ശ്രദ്ധ പതിപ്പിച്ചാലും സംഭവ്യമാണ്.

വിശേഷിച്ച് കോവിഡ് ഇതരരോഗ ചികിത്സ കൂടെ തുല്യ പ്രാധാന്യത്തോടെ നടക്കുന്ന ആതുരാലങ്ങളില്‍ .

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ കോവിഡ് – കോവിഡ്ഇതര രോഗചികില്‍സകള്‍ തുല്യ പ്രാധാന്യത്തോടെ നടത്തുന്ന ഏക തൃതീയ ചികിത്സാ കേന്ദ്രമാ ണ് കണ്ണൂര്‍ ഗവ. മെഡി കോളേജ് .

ലോക വ്യാപകമായി ഇവ്വിധമുള്ള എല്ലാ മികച്ച ചികിത്സാ കേന്ദ്രങ്ങളും ഇത്തരം പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടുണ്ട്.

ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടായപ്പോഴും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതു കാരണം ഇത് ചെറുത്തു നില്‍ക്കാന്‍ സാധിച്ചു എന്നാണ് ഇപ്പോള്‍ ലഭ്യമായ സൂചനകള്‍ കാണിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരില്‍ ഇന്നലെ ചെയ്ത 49 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളും നെഗറ്റീവായിരുന്നു.

ചികിത്സയിലുണ്ടായിരുന്ന 6 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് രോഗമുക്തി നേടി ഡിസ്ചാര്‍ജ്ജാവുകയും ചെയ്തു. നിലവില്‍ ചികിത്സയിലുള്ള ജീവനക്കാരില്‍ എല്ലാവരുടേയും നില തൃപ്തികരമാണ്.

ആരില്‍ നിന്നും അസുഖം പടരാം എന്നതിനാല്‍ ജാഗ്രത അങ്ങേയറ്റം വേണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അതുകൊണ്ടുതന്നെ ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികളിലെ പങ്കാളിത്തം, യാത്ര/സമ്പര്‍ക്കം ഇവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കോവിഡേതര വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി കൈമാറണം.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മികച്ച ആശുപത്രികളിലെല്ലാം തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികളില്‍ നിന്നും പകരുന്ന കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുണ്ടെന്നത് ഇതിന് അടിവരയിടുന്നു.

കോവിഡ് – കോവിഡേതര വിഭാഗങ്ങള്‍ നല്ല രീതിയില്‍ ആശുപത്രിയില്‍ തുടര്‍ന്നാലേ ഗുരുതരാവസ്ഥയിലെത്തുന്ന എല്ലാവിഭാഗം രോഗികള്‍ക്കും ചികിത്സ ഫലപ്രദമായി ലഭ്യമാവാനുള്ള സാഹചര്യമുണ്ടാവൂ എന്നത് എല്ലാവരും തിരിച്ചറിയുകയും ജാഗ്രത പുലര്‍ത്തുകയും വേണം.

ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റീനിലേക്ക് പ്രവേശിക്കുമ്പോള്‍ ആള്‍ശേഷി കുറഞ്ഞ് കോവിഡ് ഇതര രോഗചികിത്സയില്‍ ദീര്‍ഘനാള്‍ നീണ്ടു നില്ക്കുന്ന പ്രതിസന്ധി വരാതിരിക്കാനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നിരവധി നടപടികള്‍ ശക്തമായി കൈക്കൊണ്ടു വരുന്നതായി ആശുപതി സൂപ്രണ്ട് അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പരിപാലിച്ചു കൊണ്ടും പരിശീലന പരിപാടികള്‍ ശക്തിപ്പെടുത്തിക്കൊണ്ടും അണുവിമുക്ത നടപടികള്‍ കര്‍ശനമാക്കിയും ആരംഭിച്ച നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നതായാണ് കാണുന്നത്.

ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ രോഗികളെയും കൂട്ടിരിപ്പുകാരെയും ലക്ഷ്യമിട്ടുള്ള നിരന്തരബോധവല്‍ക്കരണ പരിപാടികളും ആശുപത്രിയില്‍ തുടരുന്നുണ്ട്.

രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ പലതവണ ചെയ്തു കഴിഞ്ഞു.

ക്വാറന്റയിനില്‍ കഴിയുന്ന സ്റ്റാഫിനും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കാമ്പസിനകത്തും പുറത്തും പരമാവധി താമസ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

പഴയ കെട്ടിടങ്ങളെല്ലാം വാസയോഗ്യമാക്കാനുളള നടപടികള്‍ പുരോഗമിച്ച് വരികയാണ്. കാന്റീനുകളില്‍ ഭക്ഷണ വിതരണം പാര്‍സലുകള്‍ ആയി മാത്രമേ ഇപ്പോള്‍ അനുവദിക്കുന്നുള്ളു.

ഒന്നിച്ചിരുന്നുള്ള ഭക്ഷണവേളയില്‍ മാസ്‌ക്കിന്റെ അഭാവം ഭീഷണിയാണെന്നുള്ളതു കൊണ്ടാണ് ഈ നടപടി സ്വീകരിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ കോവിഡ് ഇതര വിഭാഗങ്ങളിലെ തിരക്ക് ഒരു നിശ്ചിത കാലത്തേക്ക് പരമാവധി കുറക്കാനുള്ള നടപടികള്‍ വിജയം വരിച്ചു.

കോവിഡേതര വിഭാഗങ്ങളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിച്ച പ്രതിസന്ധി ഏറെക്കുറെ നിയന്ത്രണാധി ധീനമാക്കാന്‍ മറികടക്കാന്‍ കഴിഞ്ഞെങ്കിലും, പൊതുവില്‍ കോവിഡ് അതിവ്യാപനത്തിന് വലിയ കുറവുവന്നിട്ടില്ല.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!