പൊട്ടാന്‍ പോകുന്നത് കാണാമറയത്തെ കൊറോണ ബോംബ്

ഡോ: കെ.സുദീപ്(മെഡിക്കല്‍ സൂപ്രണ്ട് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, പരിയാരം)

ശുഭാങ്കുരന്‍ എന്നും വിദ്യാവിനയന്‍ എന്നും പേരായി രണ്ടു സഹോദരന്മാര്‍ കോസല ദേശത്ത് പാര്‍ത്തു വന്നിരുന്നു…എന്നെഴുതി തുടങ്ങിയപ്പോഴാണ് കഥയിത് കഥാസരിത് സാഗരമല്ലല്ലോ എന്നും ദേശമിത് മലയാളമാണല്ലോ എന്നും ഓര്‍ത്തത്.

നല്ല ഓളമുള്ള പേരുകളായത് കൊണ്ട് രണ്ടും തല്‍ക്കാലം മാറ്റുന്നില്ല. സംഗതി ഒറിജിനലാണ് എന്ന മുന്‍കൂര്‍ ജാമ്യം മാത്രം എടുത്തു കൊള്‍ക. ഇതെന്റെ രക്തമാണിതെന്റെ മാംസമാണെന്നും പാഠഭേദമുണ്ട്.

കഥാസാഗരങ്ങള്‍ നീന്തിക്കടന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറമെത്തിയപ്പോള്‍, പെട്രോഡോളര്‍ (ഉറുപ്യ) എന്ന പ്രലോഭനവും നല്ല പച്ചപ്പുള്ള നാടായിട്ടും പരശുരാമന്റെ ദാനഭൂമിയില്‍ പച്ചപിടിക്കാന്‍ പാടാണ് എന്ന തിരിച്ചറിവും മലയാളദേശത്ത് ഉത്ഭൂതമായി.

ഭൂതങ്ങള്‍ക്കു പുറമേ നാട്ടില്‍ അന്നേക്ക് ദോസ്തായി ധാരാളം ഗഫൂര്‍ക്കമാരുമുണ്ടായിരുന്നതിനാല്‍ സഹോദരങ്ങള്‍ ഒരു വിധം വാഗ്ദത്തഭൂമിയായ ദുബായിലെത്തുകയും ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തു.

ബന്ധുമിത്രാദി അനേകരെ കൈപിടിച്ച് ദുബായിലേക്കാനയിക്കുക, നാട്ടില്‍ സമയാസമയം ‘തിരികെ ഞാന്‍ വരുമെന്ന…’ പാട്ടും പാടി തിരിച്ചെത്തുക, അയല്‍പക്കത്ത് യാഡ്‌ലി പൗഡര്‍, ഫ്രെഞ്ച് പെര്‍ഫ്യൂം ഇവകള്‍ യഥാവിധി വിതരണം ചെയ്ക, നിര്‍ദ്ധനനായ വിദ്യാര്‍ത്ഥിക്ക് വീടു വെച്ചു നല്‍കുന്നതു പോലുള്ള ദാനധര്‍മ്മാദികള്‍ നിര്‍വ്വഹിക്കുക, നടേ പറഞ്ഞ പെട്രോ ഡോളര്‍ ഉറുപ്പിയ ആക്കി മാറ്റി നാട്ടിലെ ഇക്കോണമിയെ ഉല്‍ക്കര്‍ഷത്തിലേക്ക് നയിക്കുക- ഇമ്മാതിരി അപരാധകര്‍മ്മങ്ങളാല്‍ സഹോദരര്‍ കാലം കഴിച്ചു.

അങ്ങനെയിരിക്കെ ചീനാ രാജ്യത്തു നിന്നും ചീനച്ചട്ടി, ചീനഭരണി, ചീനാക്ലേ, വണ്‍പ്ലസ് എന്നിവ നൂറ്റാണ്ടുകളായി കാശുമുടക്കി വാങ്ങിയവര്‍ക്കെല്ലാം ചീനന്മാര്‍ നന്ദിസൂചകമായി സൗജന്യമായി കോവിഡ് പ്ലസ് വിതരണം ചെയ്ത കാലം വന്നു.. ആങ്ങളമാര്‍ രണ്ടു പേരും ദീനക്കിടക്കയിലായി.

പനി വന്നു പലര്‍ക്കും പണി പോയി. പനി വരാതെയും പണി പോയി. പനിക്കുന്നവന് പെട്രോഡോളര്‍ പോയി പെനഡോള്‍ മാത്രമായി ആശ്രയം. ന്യൂമോണിയക്ക് വീട്ടില്‍/ ഫ്‌ളാറ്റില്‍/താണവരുമാനക്കാര്‍ക്ക് പലര്‍ക്കും കൂട്ടില്‍ ഇരിപ്പും കിടപ്പും ഗുളികകളും.

ചാനലുകളിലാണെങ്കില്‍ നാട്ടിലെ മേത്തരം ചികിത്സയെക്കുറിച്ചും കേരളാ മോഡലിനെക്കുറിച്ചുമുള്ള ശുഭവാര്‍ത്തകള്‍ മാത്രം. ഇവിടെയാ വാഗ്ദത്ത ഭൂമി എന്ന് പാടി മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത ദേശം ദീനരായ മക്കളെ തിരികെ വിളിച്ചു.

ഇത്തവണത്തെ ‘തിരികെ’ ഗാനത്തില്‍ നിന്നും നോസ്റ്റാള്‍ജിയ പാടേ മാഞ്ഞു പോകുകയും പകരം ആകുലത മാത്രം നിറയുകയും ചെയ്തു.
എയര്‍പോര്‍ട്ടു മുതല്‍ ആശുപത്രി വരെ നീണ്ട യാത്രയ്ക്കിടയില്‍, അന്യനാടുകളില്‍ നിന്ന് കേരളം എങ്ങനെ വ്യത്യസ്തമാകുന്നു എന്ന തിരിച്ചറിവോടെ രണ്ടു 108 കളിലായി കോവിഡാശുപത്രിയിലേക്ക് നേരാങ്ങളമാര്‍ പ്രവേശിച്ചു. പതിനാലു സംവത്സര, സോറി, ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സുഖപ്പെട്ട് പതിനാലു ദിവസത്തെ അജ്ഞാത വാസത്തിലേക്ക് യഥാകാലം പ്രവേശിച്ചു. ( പില്‍ക്കാലത്ത് ഇത് ഏഴ് ദിവസമായി ചുരുക്കപ്പെട്ടു).

കാലം അന്നേക്ക് കലികാലത്തിലേക്ക് കടക്കുകയാല്‍ ബൃഹന്ദള , അവ്വൈ ഷണ്മുഖി തുടങ്ങിയ വേഷപ്പകര്‍ച്ചകള്‍ക്ക് സ്‌കോപ്പുണ്ടായിരുന്നില്ല.

അതിനാല്‍ തല്‍സ്വരൂപത്തില്‍ അടുത്തടുത്ത വീടുകളുടെ മട്ടുപ്പാവില്‍ ഏകാന്തമുറികളില്‍ വൈറസ് ടെസ്റ്റു നെഗറ്റീവായ സഹോദരര്‍ അജ്ഞാതവാസദിനങ്ങള്‍ തള്ളി നീക്കി.

കഴിഞ്ഞ വരവിലെ യാഡ്‌ലി വിതരണക്കാലത്ത് വരെ പോസിറ്റീവ് ആയിരുന്ന നാട്ടുകാര്‍ ഇത്തവണ നെഗറ്റീവ് മോഡിലേക്ക് പ്രവേശിച്ചു.
അജ്ഞാതവാസത്തിലായിരുന്നെങ്കിലും നാട്ടിലെ ചാനല്‍ – അചാനല്‍ ആന്റിനകളും മുടി നരച്ചവരും നര കറുപ്പിച്ചവരുമായ മുഴുവന്‍ ആന്റിമാരും (ജെന്‍ഡര്‍ ബയസ് ആരോപിക്കരുത്.

പ്രാസഭംഗിയൊപ്പിച്ച് പറഞ്ഞുവെന്നേയുള്ളൂ- അങ്കിള്‍മാരും..) ഭാര്‍ഗ്ഗവീ നിലയങ്ങളിലേക്ക് സാമൂഹിക അകലം പലമടങ്ങായി വര്‍ദ്ധിപ്പിച്ചു കൊണ്ട് ചെവി കൂര്‍പ്പിച്ചു.

മുഴുവന്‍ നാട്ടുകാരും കോവിദന്മാരുടെ കുടുംബ രഹസ്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിജ്ഞരായിച്ചമഞ്ഞു. സോഷ്യല്‍ മീഡിയ, ദേശത്തെത്തിച്ചേര്‍ന്ന പൊട്ടാന്‍ പോകുന്ന ടൈം ബോംബിന്റെ ടിക്ടോക്, സോറി, ടിക്… ടിക് ശബ്ദത്താല്‍ പ്രകമ്പനം കൊണ്ടു.

കൊറോണ തന്റെ കവറേജ് ഏരിയ പരമാവധി രണ്ടു മീറ്ററായി പണ്ടേ നിജപ്പെടുത്തിയിരുന്നെങ്കിലും ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ ഭവനങ്ങളുടെയും വാതായനങ്ങള്‍ കൊട്ടിയടക്കപ്പെട്ടു. വൈറസ് ഭീതിയാല്‍ ഇവയില്‍ പലതിന്റെയും ജാലകങ്ങളിലൂടെ കഴിഞ്ഞ തവണ സമ്മാനമായി ലഭിച്ച യാഡ്ലി പൗഡര്‍, ഫ്രഞ്ച് പെര്‍ഫ്യൂം എന്നിവ തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടു.

കാലകാലങ്ങളായി അവര്‍ തന്നെ വലിച്ചെറിഞ്ഞിരുന്ന പോളിത്തീന്‍ കവര്‍ ഉച്ഛിഷ്ടങ്ങളില്‍ നിന്നുള്ള ദുര്‍ഗ്ഗന്ധവും പ്രസ്തുത സുഗന്ധവും ചേര്‍ന്നുള്ള സമവായഗന്ധങ്ങളാല്‍ തെരുവുകള്‍ പൂരിതമായി.

പ്രവാസീഗൃഹപരിസരങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്ന സ്വദേശികള്‍ വൈറസിന് നേരെ മണിച്ചിത്രത്താഴിലെ ഇന്നസെന്റ് കഥാപാത്രത്തെപ്പോലെ കാലന്‍കുട ആഞ്ഞു വീശി രക്ഷപ്പെട്ടു.

ശുഭാങ്കുരനോട് ഫോണില്‍ സംസാരിച്ച മച്ചുനന്‍ ദേവാങ്കുരന് നാട്ടുകാര്‍ പതിനാലു ദിവസത്തെ ക്വാറന്റയിന്‍ വിധിച്ചു.

ആശുപത്രിയില്‍ വെച്ചു തന്നെ ചത്തു പോയിരുന്ന വൈറസിന്റെ പരേതാത്മാവ് ഈ വക കോമഡികള്‍ കണ്ട് ഒരു മാതിരി കൊച്ചിന്‍ ഹനീഫ ചിരിയിലമര്‍ന്നു…

***
ബോംബുകള്‍ പൊട്ടാന്‍ പോകുന്നത് വെടിപ്പായി ക്വാറന്റയിനിരിക്കുന്ന/ ഐസൊലേഷനിലിരിക്കുന്ന വിദേശ/അന്യദേശ മലയാളിയുടെ വീട്ടില്‍ നിന്നോ പുരയിടത്തില്‍ നിന്നോ അല്ല. കുഴിബോംബുകള്‍ നടപ്പാതകളിലാണ്, പരിചിതവഴികളിലാണ്.

ഇതെഴുതുമ്പോള്‍ കേരളത്തില്‍ പ്രതിദിന കേസുകള്‍ ഡബ്ള്‍ സെഞ്ച്വറി കടന്ന് ട്രിപ്പിള്‍ സെഞ്ചുറിയിലേക്കെത്തിക്കഴിഞ്ഞു.

ദിനം പ്രതി സമ്പര്‍ക്ക കേസുകള്‍ കൂടിക്കൂടി വരുന്നു. ജൂലായ് 7 ന്റെ കണക്കനുസരിച്ച് മൊത്തം 272 കേസുകളില്‍ സമ്പര്‍ക്ക കോവിഡ് 68 പേര്‍ക്ക്.

ഏഴു പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍. ഉറവിടമറിയാത്തത് പതിനഞ്ച്- അതായത് എപ്പിഡെമിയോളജിക്കല്‍ ലിങ്ക് (യാത്ര/സമ്പര്‍ക്കം) ഇല്ലാത്ത കേസുകള്‍.

ഈ പതിനഞ്ച്, അരിപ്പയിലൂടെ ഊര്‍ന്നിറങ്ങിയതാണ് . ഏത് വഴിക്ക് വന്നു എന്നറിയില്ല. വന്ന വഴികളില്‍ ആര്‍ക്കൊക്കെ വിതരണം ചെയ്യപ്പെട്ടു എന്നറിയില്ല.

തീര്‍ച്ചയായും ഉദാരമായ വിതരണമായിരിക്കും. കാരണം, തിരിച്ചറിയുന്ന കേസുകളെല്ലാം കേരളം വളഞ്ഞു വെച്ച് വൈറസിന്റെ വഴി മുറിച്ചു വിട്ടവയാണ്.

എന്നാല്‍ ഇതുപോലെ ഉറവിടം തിരിച്ചറിയപ്പെടാത്ത കേസുകള്‍ കടന്നു വരുന്ന ഊടുവഴികളും കൈവഴികളും സമസ്യയാണ്. ..
ഇതൊരു സൂചനയാണ് – വരാന്‍ പോകുന്ന ദിവസങ്ങളില്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടായിരിക്കും എന്നതിന്റെ. ഇനി വരാന്‍ പോകുന്നത് കോവിഡ് വൈറസിന്റെ സമൂഹവ്യാപനത്തിന്റെ നാളുകളാണ്.

മറ്റു നാടുകളിലുണ്ടായതു പോലെ പ്രതിദിന കേസുകള്‍ ആയിരം കടക്കാന്‍ ഇനി അധിക ദിവസങ്ങള്‍ വേണ്ട, ജാഗ്രത കൈവിട്ടാല്‍.

മലയാളക്കരയിലെ തെരുവുകളില്‍ വെടിക്കാനായി കോവിഡ്പിള്ള പിറഭാകരന്‍ നിയോഗിച്ച ശുഭമാര്‍ ബെല്‍ട്ട് ബോംബുകളുമായി ഗൂഢസ്മിതത്തോടെ അലഞ്ഞു നടക്കുന്ന കാഴ്ചയാണ് ഇനി വരുന്ന നാളുകളില്‍ നമ്മളെ കാത്തിരിക്കുന്നത്.

തെരുവുകളില്‍ മാത്രമല്ല, ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍, രഹസ്യ വിരുന്നുകളില്‍, മത്സ്യച്ചന്തകളില്‍, ചായക്കടകളില്‍,വിവാഹ -സമര പന്തലുകളില്‍, ഓട്ടോറിക്ഷാ ബസ് സ്റ്റാന്‍ഡുകളില്‍, രോഗികളും അല്ലാത്തവരും ഒന്നിച്ചു നാട്ടിലേക്കു വരുന്ന വിമാനങ്ങളില്‍, മാസ്‌ക്ക് വലിച്ചു താഴ്ത്തപ്പെട്ട മുഖങ്ങളില്‍ -നിന്നെല്ലാം ബെല്‍ട്ട് ബോംബുകള്‍ വെടിക്കും. എതിരെ വരുന്ന ആരും വൈറസ് വാഹകനാകാം.

അതിനാല്‍ എപ്പോഴും എവിടെയും എല്ലാവരും വിട്ടുവീഴ്ചയില്ലാത്ത രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ (universal precaution) അവലംബിച്ചേ മതിയാകൂ. ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരുമടക്കമുള്ള എല്ലാ പ്രതിരോധ സേനാനികളും വലിയ ഭീഷണി അഭിമുഖീകരിക്കേണ്ടി വരും.

ഇനി കേരളം പിഴയൊടുക്കാന്‍ പോകുന്നത് തദ്ദേശീയരുടെ ശീലവ്യതിയാനങ്ങള്‍ വരുത്താത്ത ജീവിതശൈലിക്കാണ്.

ആളും അര്‍ത്ഥവും സര്‍ക്കാര്‍ സംവിധാനങ്ങളും എത്ര കണ്ട് രോഗ പ്രതിരോധത്തിനും ചികിത്സക്കും സാമൂഹ്യ പുനരധിവാസത്തിനും വേണ്ടി വ്യയം ചെയ്യപ്പെടുന്നുവെന്ന് പടനിലത്തിലുള്ളവര്‍ക്കേ അറിയൂ. പിടി വിടുമ്പോള്‍ റൂട്ട് മാപ്പും കോണ്‍ടാക്റ്റ് ട്രേസിംഗുമെല്ലാം അസാദ്ധ്യമോ അപ്രസക്തമോ ആയി മാറും.

പലയിടങ്ങളില്‍ ഒരുപോലെ വര്‍ദ്ധിച്ച തോതില്‍ കേസുകള്‍ ഉണ്ടാവുമ്പോള്‍ ആരോഗ്യ സംവിധാനങ്ങള്‍ക്ക് പകച്ചു നില്ക്കാനേ പറ്റൂ. വികസിത രാജ്യങ്ങളില്‍ പോലും അതാണ് സംഭവിച്ചത്.

കേരളത്തില്‍ എത്ര ഐസിയു ബെഡുകളും വെന്റിലേറ്ററുകളുമുണ്ടെന്ന് ആലോചിച്ചു നോക്കുക. കൂടുതല്‍ വാങ്ങാന്‍ തുനിഞ്ഞാലും ഇപ്പോള്‍ ഈ വക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ദേശീയ അന്തര്‍ദ്ദേശീയ മാര്‍ക്കറ്റുകളില്‍ കിട്ടാനുമില്ല. അതിനാല്‍ ഉള്ള വഴി, വഴിയടക്കല്‍ മാത്രമാണ്.

മലവെള്ളപ്പാച്ചിലിനെ സമതലങ്ങളിലേക്ക് ആനയിക്കുക. പതുക്കെയാക്കുക. കുരുക്ഷേത്രത്തിലെ കബന്ധനിലങ്ങള്‍ ചുരുക്കി കൊണ്ടുവരിക.

ഇത് ആര്‍ക്കും മാറി നില്ക്കാന്‍ പറ്റുന്ന യുദ്ധമല്ല. അടുത്തെങ്ങും അവസാനിക്കാന്‍ പോകുന്ന യുദ്ധവുമല്ല.

പോയാലും തിരുമ്പി വന്തിട്ടേന്ന് സൊല്ല് എന്ന് മൊഴിഞ്ഞ് രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങളുമായി കബാലി തിരിച്ചു വരും. ദക്ഷിണ കൊറിയന്‍ ഉദാഹരണം ശ്രദ്ധിക്കുക. കപാലനൃത്തം അവസാനിക്കുന്നതിനുള്ളില്‍ മരുന്നോ വാക്‌സിനോ അവതരിക്കുന്ന ലക്ഷണവുമില്ല.

ഉപയോഗിക്കേണ്ടത് ബ്രഹ്മാസ്ത്രമൊന്നുമല്ല. സിവിക് സെന്‍സ് മാത്രം ! മലയാളിയുടെ ആവനാഴിയില്‍ സ്റ്റോക്കില്ലാത്തതും അത് മാത്രം. ആന്റിനകള്‍ സ്വന്തം പൗരബോധമില്ലായ്മക്കു നേരെ തിരിച്ചു വെക്കുക.

ഉത്തരവാദിത്തങ്ങള്‍ ഓരോരുത്തരും തിരിച്ചറിയുന്നിടത്തേ പ്രതിരോധ വഴികള്‍ തുറക്കപ്പെടുകയുള്ളൂ. എതിരെ വരുന്ന ആരും കോവിഡ് വാഹകനാകാമെങ്കില്‍ ഓരോ കാലടിവെപ്പിലും ജാഗരൂകത അനിവാര്യം.

പൊതു ഇടങ്ങളില്‍ തടിച്ചു കൂടി നില്ക്കുന്നത് അവസാനിപ്പിക്കാമോ, ശാരീരിക അകലം പാലിക്കാമോ, കൃത്യമായി മാസ്‌ക്ക് ധരിക്കാമോ, കൈകളുടെ ശുചിത്വം പാലിക്കാമോ ഇത്രയൊക്കെയേ ഉള്ളൂ പരീക്ഷാചോദ്യങ്ങള്‍ … സിംപിള്‍! ഒപ്പം, കൂട്ടം കൂടി പോസ് ചെയ്യുന്ന അര്‍ദ്ധമാസ്‌ക്കരുടെയും അമാസ്‌ക്കരുടെയും പടങ്ങള്‍ പത്രക്കാര്‍ക്ക്, ചാനലുകള്‍ക്ക് തമസ്‌ക്കരിക്കാമോ എന്ന് അവരോടും.

ഇത്തരം ഓരോ പടവും മാസ്‌ക്ക് നിരക്ഷരതയെയും അകലപാലനവിരോധത്തെയും ലെജിറ്റിമൈസ് ചെയ്യുകയാണെന്നോര്‍ക്കണം.

ഇനി വേണ്ടത് വൈറസിന്റെ ബാറ്റണ്‍ കൈമാറാതെയിരിക്കലാണ്. മരുന്നുകളില്ലാത്ത രോഗമാണ് എന്നോര്‍ക്കണം. വാക്‌സിനില്ലാത്ത രോഗമാണ് എന്നോര്‍ക്കണം.

മുന്നിലുള്ളത് ലളിതമായ പ്രതിരോധവഴികള്‍ മാത്രം. അതിലൂടെ നടക്കാം. അതല്ലെങ്കില്‍ ആത്മഹത്യാമുനമ്പിലേക്ക് കൈകോര്‍ത്ത് നീങ്ങാം.

You can like this post!

One Reply to “പൊട്ടാന്‍ പോകുന്നത് കാണാമറയത്തെ കൊറോണ ബോംബ്”

Leave a Reply

Your email address will not be published. Required fields are marked *

You may also like!