കോവിഡ് പോസിറ്റീവായ രോഗി ഫ്‌ളാറ്റില്‍ രഹസ്യമായി ചികിത്സയില്‍ കഴിഞ്ഞതിനെതിരെ മറ്റ് താമസക്കാര്‍ പ്രതിഷേധിച്ചു, ഏറെ നേരത്തെ വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി.

പരിയാരം: കോവിഡ് പോസിറ്റീവായ രോഗി ഫ്‌ളാറ്റില്‍ രഹസ്യമായി ചികിത്സയില്‍ കഴിഞ്ഞതിനെതിരെ മറ്റ് താമസക്കാര്‍ പ്രതിഷേധിച്ചു, ഏറെ നേരത്തെ വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം.

കഴിഞ്ഞ 29 ന് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ച എക്‌സ് റേ വിഭാഗത്തിലെ ജീവനക്കാരനാണ് ഡി-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലെ നമ്പര്‍ -ടി. 8 ല്‍ താമസിച്ച് ചികിത്സയില്‍ കഴിഞ്ഞത്.

ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ആരോഗ്യ പ്രവര്‍ത്തകരായ കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സയില്‍ കഴിയാമെന്ന ഉത്തരവ് പ്രകാരം സത്യവാങ്മൂലം നല്‍കിയാണ് ഇദ്ദേഹം ആര്‍ എം ഒ യുടെ അനുമതിയോടെ കുടുംബസമേതം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ചികിത്സയില്‍ കഴിഞ്ഞത്.

എന്നാല്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ക്വാറന്റീന്‍ നിയന്ത്രണം ലംഘിച്ച് മറ്റുള്ളവരുമായി ഇടപെട്ടു കഴിയുകയും ചെയ്തിരുന്നു.

32 ഫ്‌ലാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന സമുച്ചയത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 150 പേര്‍ താമസിക്കുന്നുണ്ട്.

ഇന്നലെ രാത്രി പതിനൊന്നരയോടെ ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ പ്രതിഷേധിക്കുകയും വിവരം പ്രിന്‍സിപ്പാളിനെയും മെഡിക്കല്‍ സൂപ്രണ്ടിനെയും അറിയിക്കുകയും ചെയ്തു.

ഇവരുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ എത്തിയപ്പോള്‍ ആശുപത്രിയിലേക്ക് മാറാന്‍ രോഗിയായ ജീവനക്കാരന്‍ തയ്യാറായില്ല.

താന്‍ ഹൃദ്രോഗിയാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം നിങ്ങള്‍ക്കാണെന്നുമായിരുന്നു പ്രതികരണം.

ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശനമായ നിലപാടെടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറാന്‍ ഇദ്ദേഹം തയ്യാറായത്.

സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ചികിത്സ ക്വാര്‍ട്ടേഴ്‌സിലോ ഫ്‌ലാറ്റുകളിലോ അല്ലെന്നും മറിച്ച് അവരുടെ വീടുകളിലാകണമെന്നതാണ് വ്യവസ്ഥയെന്നും മെഡിക്കല്‍ കോളേജ് അധിക്യതര്‍ പറഞ്ഞു.

ഇത് ലംഘിച്ച് ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ജീവനക്കാരനെതിരെ അന്വേഷണവും നടപടികളും വരുമെന്നാണ് സൂചനകള്‍. അതിനിടെ കോവിഡ് പോസിറ്റീവായ ഹൗസ് സര്‍ജന്‍മാര്‍ക്ക് വേണ്ടി മെന്‍സ് ഹോസ്റ്റലില്‍ പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോവിഡ് ബാധിച്ച ഹൗസ് സര്‍ജന്‍മാരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണിത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!