കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെ ആരോഗ്യമന്ത്രി അടിയന്തിര വീഡിയോ കണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്തു

പരിയാരം: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ അടിയന്തിര വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് കോരന്‍പീടികയിലെ പൊതുപ്രവര്‍ത്തകനായ കെ.പി.മൊയ്തു നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചെയെന്ന നിലയിലാണ് വകുപ്പുമന്ത്രി അടിയന്തിര ഇടപെടല്‍ നടത്തിയത്.

വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു യോഗം.

ടി.വി രാജേഷ് എം.എല്‍.എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഹെല്‍ത്ത്) രാജന്‍ കോബ്രഗഡെ, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ.റംല ബീവി, ജോയിന്റ് ഡയരക്ടര്‍ (മെഡിക്കല്‍) ഡോ.തോമസ് മാത്യു, സ്പെഷ്യല്‍ ഓഫീസര്‍ ഡോ.വി.എസ്.ഹരികുമാരന്‍ നായര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം കുര്യാക്കോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എസ് രാജീവ്, മെഡിക്കല്‍ കോളേജിന് പുറമേയുള്ള സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, ഡി.എം.ഇ യിലേയും മെഡിക്കല്‍ കോളേജിലേയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ നിന്നായി വീഡിയോ കോണ്‍ഫറന്‍സിന്റെ ഭാഗമായി.

മെഡിക്കല്‍ കോളേജില്‍ അടിയന്തിര സാഹചര്യത്തില്‍ വരുത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ടി.വി രാജേഷ് എം.എല്‍.എയും മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് പ്രിന്‍സിപ്പാള്‍ ഡോ കെ.എം കുര്യാക്കോസും റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മെഡിക്കല്‍ കോളേജിനായി ബജറ്റില്‍ നീക്കിവെച്ച ഫണ്ട് വേഗത്തില്‍ അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും കിഫ്ബി വഴി നടപ്പാക്കുന്ന ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ പ്രോപ്പോസലിന് അടുത്ത യോഗത്തില്‍ത്തന്നെ അംഗീകാരം ലഭിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജിന്റെ മുഖച്ഛായ മാറ്റുന്ന പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ നേരത്തേ തീരുമാനിച്ച സാഹചര്യത്തില്‍ അതില്‍ വരാത്തവിധമുള്ളതും അടിയന്തിര പ്രാധാന്യമുള്ളതുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി.

അതു പ്രകാരം മെഡിക്കല്‍ കോളേജ് കോംപൗണ്ടിലെ പ്രധാന റോഡ് അടിയന്തിരമായി റിപ്പയര്‍ ചെയ്യുന്നതിന് തീരുമാനിച്ചു. അത്യാവശ്യമായ അറ്റകുറ്റ പണികളും സര്‍ക്കാര്‍ അനുവദിക്കുന്ന മരുന്നുകളും അനുബന്ധ സാധനങ്ങളും സൂക്ഷിക്കുന്നതിനായി നിലവിലുള്ള ഒരു കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഫാര്‍മസി സ്റ്റോര്‍റൂം ഒരുക്കണമെന്നും നിശ്ചയിച്ചു.

കോവിഡ് ട്രയാജ് ഏരിയായില്‍ മേല്‍ക്കൂരയും റാമ്പും ഒരുക്കുന്നതിനും ഹൗസ് സര്‍ജന്‍സ് ക്വാട്ടേഴ്സില്‍ അത്യാവശ്യമുള്ള അറ്റകുറ്റപ്പണി നടത്തുന്നതിനും യോഗം അനുമതി നല്‍കി.

ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു. പീഡിയാക്ട്രിക് സര്‍ജറി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപ്പഡിക്സ്, നെഫ്രോളജി, റേഡിയോളജി, അനസ്‌തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളില്‍ അടിയന്തിര പ്രാധാന്യത്തോടെ കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമാണെന്ന് ടി.വി രാജേഷ് എം.എല്‍.എയും പ്രിന്‍സിപ്പാള്‍ ഡോ. കെ എം കുര്യാക്കോസും അറിയിച്ചു.

ഇതില്‍ ഡോക്ടര്‍മാരെ മറ്റ് കോളേജുകളില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വഴി അനുവദിക്കാന്‍ കഴിയുമോ എന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

എന്‍.എച്ച്.എം ഫണ്ട് വഴി അത്യാധുനിക കാത്ത്ലാബ്, സി.ടി സ്‌കാന്‍ മെഷീന്‍ എന്നിവ ലഭിക്കുന്നതിനുള്ള സാധ്യത പരിശോധി ക്കുമെന്ന് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയ എം.എല്‍.എ യ്ക്ക് മന്ത്രി മറുപടി നല്‍കി.

കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മാതൃകാപരമായ പ്രവര്‍ ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!