കൊലചെയ്യപ്പെട്ട കാദറിന്റെ ഉമ്മക്ക് വേണ്ടി സി.പി.എം നിര്‍മ്മിച്ച സ്‌നേഹഭവനം കൈമാറി

തളിപ്പറമ്പ്: ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അടിച്ചുകൊന്ന ബക്കളം മോട്ടന്റകത്ത് അബ്ദുള്‍ഖാദറിന്റെ ഉമ്മക്ക് ആശ്വാസവുമായി സിപിഎം പ്രവര്‍ത്തകര്‍. 2017 ജനുവരി 25 നാണ് അബ്ദുള്‍ഖാദറിനെ(38) ബക്കളത്തെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയ ഒരു സംഘം ആളുകള്‍ വായാട് ജംഗ്ഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

അന്ന് പുലര്‍ച്ചെ 2.20നാണ് ഒരുസംഘം ആളുകള്‍ കാദറിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി  ബലമായി പിടിച്ചുകൊണ്ടുപോയത്. പുലര്‍ച്ചെ 5.45 ഓടെ അടിവസ്ത്രം മാത്രം ധരിച്ച് കാലുകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ വായാട് പള്ളിക്ക് സമീപം അവശനിലയില്‍ റോഡരികില്‍ കിടന്ന അബ്ദുള്‍ ഖാദര്‍ രാവിലെ ഏഴോടെ ജനക്കൂട്ടം നോക്കിനില്‍ക്കെ മരിക്കുകയും ചെയ്തു.

ഖാദറിന്റെ മരണത്തില്‍ പോലീസ് ഇരുപതിലേറെ പേര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും തുടര്‍നടപടികള്‍ ആയിട്ടില്ല. പ്രതികളെല്ലാം ജാമ്യത്തിലാണ്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ഭാര്യ ഷെരീഫയെ മുഖ്യപ്രതിയാക്കണമെന്നുമാവശ്യപ്പെട്ട് പരാതികളുമായി ഉമ്മ ആയിഷ ഇപ്പോഴും രംഗത്തുണ്ട്.

ഈ ആവശ്യമുന്നയിച്ച് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലും ഡിവൈഎസ്പി ഓഫീസിലുമായി നിരന്തരം കയറിയിറങ്ങി നടക്കുകയാണ്. മകന്റെ മരണശേഷം കടുത്ത ജീവിതപ്രയാസത്തിലായ ഉമ്മ ആയിഷക്ക് ആശ്വാസമായിട്ടാണ് സി.പി.എം ബക്കളം ലോക്കല്‍ കമ്മറ്റി രംഗത്തുവന്നത്.

പുന്നക്കുളങ്ങര കുറ്റിപ്രത്ത് പീടികക്ക് സമീപമാണ് ആയിഷക്ക് വേണ്ടി സിപിഎം പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ താക്കോല്‍ദാന കര്‍മ്മം ഇന്ന് വൈകുന്നേരം 3.30 ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നിര്‍വ്വഹിച്ചു. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.

കെ.സന്തോഷ്, കെ.ദാമോദരന്‍, സി.അശോക് കുമാര്‍, കെ.ഷാജു എന്നിവര്‍ പ്രസംഗിച്ചു. ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ഷാജു ചെയര്‍മാനും കെ.രജിത്കുമാര്‍ കണ്‍വീനറുമായ കമ്മറ്റിയാണ് ഒരു വര്‍ഷം കൊണ്ട് 5.75 ലക്ഷം രൂപ ചെലവഴിച്ച് ആയിഷക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!