ദീപിക ദിനപത്രത്തില്‍ പ്രതിസന്ധി രൂക്ഷം, അച്ചന്‍മാരുടെ കെടുകാര്യസ്ഥതക്ക് പ്രാദേശിക ലേഖകരെ ഒഴിവാക്കിക്കൊണ്ട് പരിഹാരം കാണാന്‍ ശ്രമം

കണ്ണൂര്‍: ദീപിക ദിനപത്രത്തില്‍ പ്രതിസന്ധി രൂക്ഷം, അച്ചന്‍മാരുടെ കെടുകാര്യസ്ഥതക്ക് പ്രാദേശിക ലേഖകരെ ഒഴിവാക്കിക്കൊണ്ട് പരിഹാരം കാണാന്‍ ശ്രമം, കണ്ണൂര്‍ യൂണിറ്റില്‍ നിന്ന് ജൂണ്‍ 30 ന് പിരിച്ചുവിട്ടത് വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന അഞ്ചുപേരെ.

പത്രങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ഒന്നുമറിയാതെ റസിഡന്റ് മാനേജര്‍മാരായി നിയമിക്കപ്പെടുന്ന അച്ചന്‍മാര്‍ ദീപികയെ പ്രതിസന്ധികളില്‍ നിന്ന് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിക്കുന്നതായാണ് വിമര്‍ശനം ഉയരുന്നത്.

ഫാരീസ് അബൂബക്കര്‍ ദീപിക ഏറ്റെടുത്ത കാലത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് ദീപിക ഇപ്പോള്‍ നേരിടുന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.

ജൂണ്‍ 30 ന് രാജിവെച്ച കോഴിക്കോട് ബ്യൂറോ ചീഫായിരുന്ന ബാബു ചെറിയാന്‍ റസിഡന്റ് മാനേജര്‍ക്ക് എഴുതിയ കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കയാണ്. ബാബുചെറിയാന്റെ കത്ത് ഇങ്ങനെ–

പ്രിയപ്പെട്ട സായ് അച്ചന്,

ആദ്യം തന്നെ ക്ഷേമം നേരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിക്കത്ത് നല്‍കിയ ഞാന്‍ ഈ മാസം 30ന് ദീപികയില്‍നിന്ന് വിടപറയുകയാണല്ലോ .

2015 ഒക്ടോബറില്‍ മാധ്യമം പത്രത്തില്‍നിന്ന് ചീഫ് റിപ്പോര്‍ട്ടറായി വിരമിച്ച എന്നെ ദീപികയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നതാണ് എന്ന വിവരം അച്ചന് അറിയുമെന്ന് കരുതുന്നു.

ക്രൈസ്തവനായ ഒരാളെ ബ്യുറോചിഫായി വേണമെന്നു പറഞ്ഞ് ദീപിക ഡയരക്ടര്‍കൂടിയായ ഫാ.ബെന്നി മുണ്ടനാട്ട്, വിരമിക്കുന്നതിന് ഒരുവര്‍ഷം മുന്‍പേ ക്ഷണിച്ചതിനെതുടര്‍ന്നാണ്, ഒരു മുസ്ലീം മാനേജ്‌മെന്റെ പത്രത്തിലേക്ക് പോകാനിരുന്ന ഞാന്‍ അതൊഴിവാക്കി ദീപികയില്‍ എത്തിയത്.

അച്ചന്‍ റസിഡന്റ് മാനേജറായി ചുമതലയേല്‍ക്കുന്നതുവരെ കാര്യങ്ങള്‍ സ്മൂത്തായിരുന്നല്ലോ.

അച്ചന്റെ മിസ്മാനേജ്‌മെന്റ് ഒന്നുകൊണ്ടുമാത്രമാണ് കോഴിക്കോട് യൂനിറ്റിന് ഇത്രയും തകര്‍ച്ചയുണ്ടായതെന്ന സത്യം മറ്റുജീവനക്കാരെപോലെ ഞാനും വിശ്വസിക്കുന്നു.

മലയാളമനോരമ, മാധ്യമം, ദീപിക എന്നീ പത്രസ്ഥാപനങ്ങളിലായി 38 വര്‍ഷം ജോലിചെയ്ത പരിചയ ത്തിന്റെ പിന്‍ബലത്തില്‍ പറയട്ടെ, റസിഡന്റ് മാനേജര്‍ എന്ന ഈ പണി എന്തുകൊണ്ടും അച്ചന് യോജിക്കില്ല .

ദീപികയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ ഇനിയും ശ്രമിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.

ഈ അവസ്ഥയില്‍ എന്റെ മനസിലുള്ള ഏതാനും കാര്യങ്ങള്‍ അച്ചനെ അറിയിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു.

‘പൂച്ചയ്ക്ക് ആര് മണികെട്ടും…’ എന്നതാണ് ദീപിക കോഴിക്കോട് യുനിറ്റ് നേരിടുന്ന പ്രതിസന്ധി എന്നു ഞാന്‍ വിശ്വസിക്കുന്നു.

60 വയസ് കഴിഞ്ഞ ഞാന്‍ അച്ചന്റെ ഒരു ജേഷ്ഠസഹോദരനെന്ന നിലയില്‍ ആ ദൗത്യം ഏറ്റെടുക്കുകയാണ്. ഇത് ഒരു സ്നേഹോപദേശമായി കരുതണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഒരു പേരാമ്പ്ര വാര്‍ത്തയുമായി ബന്ധപ്പെട്ട് അവിടുത്തെ പ്രാദേശിക ലേഖകന്‍ അച്ചനോട് പരാതിപ്പെട്ടതും, ബ്യൂറോയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അച്ചന്‍ അദ്ദേഹത്തിന് നല്‍കിയ വോയ്സ് ക്ളിപ് എനിക്കുലഭിച്ചതും, അതിന് ഞാന്‍ അച്ചന് വോയ്സ് ക്ളിപ്പില്‍ നല്‍കിയ മറുപടിയും അടക്കം കാര്യങ്ങളാണ് ഈ കത്തിന് ആധാരം.

പ്രാദേശിക ലേഖകരുടെ വാര്‍ത്താപരമായ പരാതികള്‍റസിഡന്റ് മാനേജര്‍ നേരിട്ട് ഏറ്റെടുക്കുന്ന രീതി ഒരു പത്രസ്ഥാപനത്തിലും ഇല്ലാത്തതാണല്ലോ.

പരാതി പറയുമ്പോള്‍ തന്നെ അത് പരിഹരിക്കാന്‍ ഉത്തരവാദിത്വമുള്ള ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ് എന്നിവരോട് പറയാന്‍ നിര്‍ദേശിക്കുകയാണ് മുന്‍ റസിഡന്റ് മാനേജര്‍ ഫാ.ജോയ്സ് വയലില്‍ അടക്കമുള്ളവര്‍ പിന്തുടര്‍ന്ന കീഴ്‌വഴക്കം, അതാണല്ലോ ശരിയും.

വാര്‍ത്താസംബന്ധമായ പരാതികള്‍ അതിനു ചുമതലയുള്ള ന്യൂസ് എഡിറ്ററും ബ്യൂറോ ചീഫും പരിഹരിക്കേണ്ടതിനു പകരം സര്‍വാധിപതി ചമഞ്ഞ് റസിഡന്റ് മാനേജര്‍ ഏറ്റെടുക്കുന്നത് ഒരു സ്ഥാപനത്തിന്റെ നല്ല നടത്തിപ്പിന് ചേര്‍ന്നതല്ല എന്ന് ഇനിയെങ്കിലും മനസിലാക്കുക.

അവരവരുടെ ജോലി അവരവര്‍ ചെയ്യാതെ എല്ലാം ഏറ്റെടുക്കുന്ന അച്ചന്റെ പ്രവണത ബ്യൂറോയെക്കുറിച്ച് പ്രാദേശിക ലേഖകരില്‍ അവമതിപ്പ് ഉണ്ടാക്കാനേ ഉപകരിക്കൂ.

ഞാന്‍ ബ്യൂറോയില്‍ ചുമതലയേറ്റതിനുശേഷം മനോരമയടക്കം വന്‍കിട പത്രങ്ങള്‍ക്ക് ലഭിക്കാത്ത നിരവധി വാര്‍ത്തകള്‍ ദീപികയ്ക്ക് ലഭിച്ചതായി ഞാന്‍ വിശ്വസിക്കുന്നു.(ഉദാ. കൂടത്തായ്, ലൗജിഹാദ് തുടങ്ങി) ബ്യൂറോയുടെ നടത്തിപ്പ് വളരെ സുഗമമായി നടത്തിയെന്ന് എനിക്ക് നിസംശയം പറയാനാകും.

എന്നാല്‍ അച്ചന്‍ റസിഡന്റ് മാനേജറായി ചുമതലയേറ്റശേഷം ഈ യൂനിറ്റ് എത് അവസ്ഥയിലെത്തി എന്ന് ഒന്നു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

1) താമരശേരിയിലും, പേരാമ്പ്രയിലും നടത്തിയ കാര്‍ഷികമേളകളില്‍ ആര് ലാഭമുണ്ടാക്കിയെന്നതിലും ഒരു ആത്മപരിശോധന നല്ലതാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതും, പേരാമ്പ്രയിലെ വേദിയായ ആ ചതുപ്പ് ഭൂമി മണ്ണിട്ട് നികത്തിയതുമല്ലാതെ ദീപികയ്ക്ക് അതുകൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന മറ്റുള്ളവരുടെ സംസാരവും ഓര്‍ക്കുക. താമരശേരി മേളയില്‍ അടുപ്പക്കാരന് 12 ലക്ഷത്തിനു നല്‍കിയ പന്തല്‍കരാറില്‍ ആറു ലക്ഷത്തിന്റെ അഴിമതി നടന്നതായ സ്റ്റാഫിന്റെ ആരോപണം ശരിയല്ലേ.

2) അച്ചന്‍ വന്നതിനുശേഷം സര്‍ക്കുലേഷനില്‍ എത്രമാത്രം ഇടിവുണ്ടായി, കാരണമെന്ത്.

3) ദീപികയുടെ വാഹനം ഇത്രയും കാലം ഓടിയത് ദീപികയ്ക്കുവേണ്ടി മാത്രമായായിരുന്നോ.വിശുദ്ധനാട് യാത്രാ ബിസിനസിനായി ദീപികയുടെ വാഹനം ഓടിയതിന് കണക്കുണ്ടോ.

4) സ്റ്റാഫിന്റെ ബന്ധുക്കള്‍ മരണപ്പെട്ട സമയത്തും, സ്റ്റാഫിന്റെ വിവാഹം നടന്നപ്പോഴും അച്ചന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നോ. കുറഞ്ഞത് ദീപികയുടെ വാഹനമെങ്കിലും വിട്ടുകൊടുത്തോ.

5) ഒരു സ്ഥാപനത്തില്‍ ചുമതല നിര്‍വഹിക്കുമ്പോള്‍, അത് സ്ഥാപനത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാവണമെന്നും, സ്വന്തം നേട്ടം മാത്രമായിരിക്കരുത് ലക്ഷ്യമെന്നതുമാണ് സാമാന്യപാഠം. ഇത് അച്ചന്റെ കാര്യത്തില്‍ എത്രമാത്രം ശരിയായിരുന്നു എന്നതും ചിന്തിക്കുക.

( ഉദാ. വിശുദ്ധനാട് യാത്ര, കുറി എന്നിവയ്ക്ക് ദീപികയുടെ ലേബല്‍ ഉപയോഗിച്ചത്). മണിലെന്‍ഡിങ്ങ് ആക്ട് എന്ന കേന്ദ്ര നിയമം ലംഘിച്ചും ആദായനികുതി വകുപ്പിനെ കബളിപ്പിച്ചും സ്വകാര്യ കുറികള്‍ നടത്തുന്നത് കടുത്ത ക്രിമിനല്‍ കുറ്റമാണെന്ന് ദീപിക പലതവണ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത് അച്ചന്‍ വായിച്ചിട്ടില്ലേ.

6) ടി.വി. ജോഷി എന്ന മികച്ച സബ്എഡിറ്ററെ ഓര്‍മ്മയുണ്ടോ. അദ്ദേഹം വാഹനാപകടത്തില്‍പെട്ട് കിടപ്പിലായിട്ട് ഒരുവര്‍ഷത്തിലധികമായിട്ടും അച്ചന്‍ അദ്ദേഹത്തെ എന്നെങ്കിലും വിളിച്ചിട്ടുണ്ടോ, ക്ഷേമം അന്വേഷിച്ചിട്ടുണ്ടോ,തിരിഞ്ഞുനോക്കിയിട്ടുണ്ടോ.

7) കോവിഡ് കാലത്ത് ശമ്പളം ലഭിക്കാതെ ജീവന്‍ പണയപ്പെടുത്തി ജോലിചെയ്ത എഡിറ്റോറിയല്‍ സ്റ്റാഫിനെ അച്ചന്‍ എന്നെങ്കിലും വിളിച്ച് ക്ഷേമം അന്വേഷിച്ചോ, അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ.

8) നഗരഹൃദയത്തില്‍ എല്ലാ സമരവേദികള്‍ക്കും അടുത്തായി പ്രവര്‍ത്തിക്കുന്ന തുഛമായ വാടകയുള്ള കോഴിക്കോട് സിറ്റി ബ്യൂറോ നഗരത്തില്‍നിന്ന് അകലെയുള്ള എരഞ്ഞിപ്പാലത്തേക്ക് മാറ്റാനുള്ള തിരുമണ്ടന്‍ തീരുമാനം ദീപികയുടെ ഗുണത്തിനാണോ.

9) മേല്‍ പറഞ്ഞകാര്യങ്ങളിലെല്ലാം അച്ചന്‍ പ്രതിക്കൂട്ടിലാണെന്ന് ദീപികയിലെ 98 ശതമാനം ജീവനക്കാര്‍ക്കും അറിയാമെങ്കിലും അച്ചന്റെപ്രതികാര നടപടി ഭയന്ന് അവര്‍ പുറത്തുപറയാത്തതാണല്ലോ.

10) അച്ചന്‍ ചുമതലയേറ്റശേഷം ചേര്‍ന്ന ആദ്യത്തെ എച്ച്ഒഡി മീറ്റിങ്ങില്‍ പറഞ്ഞ കാര്യം ഓര്‍മ്മയുണ്ടോ.’ എന്നെ ഏതെങ്കിലും വിധത്തില്‍ ആരെങ്കിലും എതിര്‍ത്താല്‍ പിന്നെ ഒന്നുകില്‍ അയാളോ ഞാനോ, ഒരാള്‍ മാത്രമേ ഈ ദീപികയില്‍ ഉണ്ടാകൂ’ എന്ന ആ ഭീഷണി ഇപ്പോഴും എന്റെ കാതിലുണ്ട്.

ധനാര്‍ത്തി, വിദ്വേഷം, പക എന്നീ സ്വഭാവങ്ങള്‍ മാറ്റിവച്ച് ഒരു യഥാര്‍ഥ വൈദികനായി, ഒരു യഥാര്‍ഥ മനുഷ്യനായി ഇനിയെങ്കിലും ജീവിക്കാന്‍ അച്ചന് കഴിയട്ടെ എന്ന് പ്രാര്‍ഥനാപൂര്‍വം ആശംസിക്കുന്നു.

ഇല്ലെങ്കില്‍ അച്ചന്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനകളില്‍ തമ്പുരാന്‍ കര്‍ത്താവ് പ്രസാദിക്കയില്ലെന്ന് ഓര്‍ക്കുമല്ലോ.(മത്തായി:23- 3-7).

സര്‍വരേയും സര്‍വതും കൈപ്പിടിയിലാക്കുന്ന രീതി ഒഴിവാക്കി ഏവരോടും സ്നേഹത്തോടെ പെരുമാറി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു ശൈലി സ്വീകരിക്കാന്‍ അച്ചന് ഇനിയെങ്കിലും കഴിയട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാത കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞി ആവാതിരിക്കാന്‍ ഇനിയെങ്കിലും അച്ചന് സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

കുറച്ചുകാര്യങ്ങള്‍കൂടി പറയാനുണ്ട്. അത് ആവശ്യംവരുന്നപക്ഷം സോഷ്യല്‍ മീഡിയയില്‍കൂടിയോ മറ്റോ യഥാസമയം വെളിപ്പെടുത്തുന്നതാണ്.

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകളില്‍ ഞാന്‍ അച്ചനെ തുടര്‍ന്നും ഓര്‍ക്കുന്നതാണ്.

അച്ചന്റെ പ്രാര്‍ഥനകളില്‍ എന്നെയും എന്റെ കുടുംബത്തേയും ഓര്‍ക്കണമെന്ന് വിനയപൂര്‍വം അപേക്ഷിച്ചുകൊണ്ട്, ( മര്‍ക്കോസ്- 11: 24-26)
സ്‌നേഹപൂര്‍വം,

ബാബു ചെറിയാന്‍
29.06.2020

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!