പ്രസവാവധിക്ക് പോയപ്പോള്‍ പിരിച്ചുവിടാന്‍ നീക്കം-ദീപിക മാനേജ്‌മെന്റിനെതിരെ ജീവനക്കാരി ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി, നിയമം പിടിമുറുക്കിയപ്പോള്‍ കൊച്ചിയില്‍ പോയി ജോലി ചെയ്യണമെന്ന്-

കണ്ണൂര്‍: ദീപിക ദിനപത്രം കണ്ണൂര്‍ യൂണിറ്റില്‍ വീണ്ടും പിരിച്ചുവിടല്‍ വിവാദം. പ്രസവാവധിക്ക് പോയ ജീവനക്കാരിക്ക് തിരിച്ചുവന്നപ്പോള്‍ ജോലിയില്ല, കോണ്‍ട്രാക്ട് പുതുക്കില്ലെന്ന് മാനേജ്‌മെന്റ്.

ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയപ്പോള്‍ കൊച്ചിയിലേക്ക് സ്ഥലംമാറ്റി നിയമനം നല്‍കാമെന്ന് മാനേജ്‌മെന്റ്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രാദേശിക ലേഖകരെ പിരിച്ചുവിട്ട ദീപിക മാനേജ്‌മെന്റിനെതിരെ പ്രതിഷേധം പുകഞ്ഞുകൊണ്ടിരിക്കവെയാണ് കഴിഞ്ഞ 11 വര്‍ഷമായി ജോലിചെയ്തുവരുന്ന ജീവനക്കാരിയെ പ്രസവാവധിക്ക് പോയപ്പോള്‍ പിരിച്ചുവിടാന്‍ ശ്രമിച്ചത്.

പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ ചേരാന്‍ വന്നപ്പോഴാണ് കരാര്‍ പുതുക്കാന്‍ പറ്റില്ലെന്ന് മാനേജ്‌മെന്റ് നിലപാടെടുത്തത്.

ഇതിനെതിരെയാണ് ജീവനക്കാരി ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയത്.

ആദ്യം ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയ മാനേജ്‌മെന്റ് ലേബര്‍ വകുപ്പ് കര്‍ശന നിലപാടെടുത്തതോടെ നേരിട്ട് ഹാജരാവുകയും ജീവനക്കാരിയെ പിരിച്ചുവിട്ടിട്ടില്ലെന്ന് അറിയിക്കുകയുമായിരുന്നു.

പിന്നീടാണ് കൊച്ചി യൂണിറ്റില്‍ ജോലിചെയ്യണമെന്ന് ആവശ്യപ്പെടുന്ന കത്ത് ജീവനക്കാരിക്ക് നല്‍കിയത്.

ഒരു വയസുപോലും തികയാത്ത കുഞ്ഞുമായി ജീവനക്കാരി കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ പോയി ജോലിചെയ്യില്ലെന്നറിയാവുന്ന മാനേജ്‌മെന്റ് ഇത്തരത്തില്‍ സമീപനം സ്വീകരിച്ചതോടെ ജീവനക്കാരിയുടെ പരാതി അഡ്ജൂഡിക്കേഷന് വിടുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

അതിനിടെ ദീപിക കണ്ണൂര്‍ യൂണിറ്റ് മേധാവിയുടെ കെടുകാര്യസ്ഥത കാരണമാണ് യൂണിറ്റ് വന്‍ നഷ്ടത്തിലായതെന്നും ഇതിന് പരിഹാരം കാണാന്‍ പ്രാദേശിക ലേഖകരേയും ജീവനക്കാരെയും ബലിയാടാക്കി തുഗ്‌ളക്ക് പരിഷ്‌ക്കാരം നടത്തുകയാണെന്നും ജീവനക്കാര്‍ തന്നെ പറയുന്നു.

കഴിഞ്ഞ 3 വര്‍ഷമായി തുടരുന്ന യൂണിറ്റ് മേധാവിയുടെ കാലത്ത് ദീപികയും രാഷ്ട്രദീപിക സായാഹ്ന പത്രവും അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സ്ഥിതിയിലെത്തിയതായി ദീപികയുടെ ഉന്നതര്‍ക്ക് പരാതികള്‍ ലഭിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്.

ദീപികയുടെയും രാഷ്ട്രദീപികയുടെയും സര്‍ക്കുലേഷന്‍ നാള്‍ക്കുനാള്‍ താഴേക്ക് പതിക്കവെ മേധാവിയെ മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ജീവനക്കാര്‍ ഉന്നതങ്ങളില്‍ അറിയിച്ചിട്ടുള്ളതായി വിവരമുണ്ട്.

ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്ന ഒരു ജീവനക്കാരി പ്രസവാവധി ചോദിച്ചപ്പോഴും പ്രസവം കഴിഞ്ഞാല്‍ പറഞ്ഞിട്ട് മാത്രം വന്നാല്‍മതി എന്നാണ് പറഞ്ഞിരിക്കുന്നതത്രേ.

മറ്റൊരു കരാര്‍ ജീവനക്കാരിയെയും പിരിച്ചുവിടാന്‍ യൂണിറ്റ് മേധാവി നീക്കം തുടങ്ങിയിട്ടുണ്ട്.

ഇത് ജീവനക്കാര്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും മേധാവിയുടെ പ്രതികാര നടപടികള്‍ ഭയന്ന് മൗനം പാലിക്കുന്നതാണെന്നും ഒരു ജീവനക്കാരന്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!