ഡോക്ടര്‍മാരുടെ പേരിനൊപ്പം ബിരുദങ്ങളും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മാരുടെ പേരുകളോടൊപ്പം ബിരുദങ്ങളും ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ പരിയാരം കോരന്‍പീടികയിലെ കെ.പി.മൊയ്തു നല്‍കിയ പരാതിയിലാണ് ഉത്തരവ്. രണ്ടാഴ്ച്ചക്കകം ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദീകരണം കമ്മീഷനെ അറിയിക്കാനാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജുഡീഷ്യല്‍ അംഗം പി.മോഹന്‍ദാസ് എന്നിവര്‍ നിര്‍ദ്ദേശം നല്‍കിയത്.

മെഡിക്കല്‍ കോളജ് ഒ പികളിലും കാഷ്വാലിറ്റികളിലും ഡ്യൂട്ടി സമയത്ത് രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ പേരുകള്‍ മാത്രമേ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ.

തന്നെ പരിശോധിച്ച് ചികിത്സ നിര്‍ണയിക്കുന്ന ഡോക്ടര്‍മാരുടെ ബിരുദം എന്താണെന്നറിയാന്‍ രോഗിക്ക് അവകാശമുണ്ടെന്ന കെ.പി.മൊയ്തുവിന്റെ വാദം അംഗീകരിച്ചാണ് വിശദീകരണം തേടിയത്.

ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍, സൂപ്രണ്ട് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് പരാതി നല്‍കിയത്.

എതിര്‍കക്ഷികള്‍ക്കെല്ലാം വിശദീകരണമാവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്. എം ബി ബി എസ് ബിരുദം മാത്രമുള്ള ഡോക്ടര്‍മാര്‍ വിവിധ സ്‌പെഷ്യാലിറ്റി ഒ പികളില്‍ തങ്ങളുടെ ബിരുദം വ്യക്തമാക്കാതെ രോഗികളെ പരിശോധിക്കുന്നത് വിവാദമായതോടെയാണ് കെ.പി.മൊയ്തു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. 

ഇത് കൂടാതെ പ്രവര്‍ത്തനമാരംഭിച്ച് കാല്‍ നൂറ്റാണ്ടാവുന്ന മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ പഴക്കം ചെന്ന ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുക, കാമ്പസിനകത്ത് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചിട്ടും എ ആര്‍ എം ഒ സ്വകാര്യ പ്രാക്ടീസിന് വേണ്ടി ആശുപത്രിക്ക് പുറത്ത് താമസിക്കുന്നത് ഉള്‍പ്പെടെ

നിരവധി ജനകീയ പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവാശ കമ്മീഷന് പരാതി നല്‍കിയത്. വിശദികരണം അവശ്യപ്പെട്ടതിനെക്കുറിച്ചുളള വാര്‍ത്തകളെ തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ പേരിനൊപ്പം ബിരുദങ്ങളും ചേര്‍ത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ തുടങ്ങി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!