കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗം നാഥനില്ലാകളരി ; ആരോഗ്യമന്ത്രിക്ക് പരാതിയുമായുമായി ജനകീയാരോഗ്യവേദി

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗം നാഥനില്ലാകളരിയായി മാറിയെന്ന് ആക്ഷേപം. വകുപ്പ് മേധാവി കണ്ണൂരിലെയും പയ്യന്നൂരിലേയും വിവിധ സ്വകാര്യ ക്ലിനിക്കുകളിലെ വിസിറ്റ് കഴിഞ്ഞെത്തുന്നത് വൈകുന്നേരം നാലിനെന്ന് ആരോഗ്യമന്ത്രിക്ക് പരാതി.

2019 ആഗസ്ത് 17 ന് ചുമതലയേറ്റ വകുപ്പ് മേധാവി രാവിലെ എട്ടിന് മെഡിക്കല്‍ കോളജിലെ പഞ്ചിംഗ് സ്റ്റേഷനിലെത്തി ജോലി ചെയ്യുന്നുവെന്ന് രേഖാമൂലം അറിയിക്കാന്‍ പഞ്ചിംഗ് നടത്തിയ ശേഷം സ്വകാര്യ ക്ലിനിക്കുകളിലേക്ക് പോകുന്നതായാണ് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഗവണ്‍മെന്റ് ഏറ്റെടുത്തതിന് സേഷം റേഡിയോളജി വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ആശുപത്രി വിട്ട് സമീപത്തുതന്നെ സ്വന്തം ക്ലിനിക്കുകള്‍ ആരംഭിച്ചതോടെ നിലവില്‍ വരുന്ന രോഗികളെ ഉള്‍ക്കൊള്ളാനാവാതെ ആശുപത്രി അധികൃതര്‍ വിഷമിക്കുകയാണ്.

ഇതിനിടയിലാണ് വകുപ്പുമേധാവിയുടെ ഈ ഒളിച്ചുകളി. ഇത് കൂടാതെ വേണ്ടത്ര യോഗ്യതയില്ലാത്തയാളെ സിടി സ്‌കാന്‍ ടെക്‌നീഷ്യനായി നിയമിച്ചതിനെതിരെയും ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്. മംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍ പഠിച്ചയാളെയാണ് താല്‍ക്കാലിക ടെക്‌നീഷ്യനായി നിയമിച്ചത്.

കേരള പി എസ് സിയും കേരളത്തിലെ യൂണിവേഴ്‌സിറ്റികളും അംഗീകരിച്ചിട്ടില്ലാത്തതാണ് മംഗളൂരുവിലെ കോഴ്‌സ് എന്നാണ് പരാതി. കൂടാതെ 2017 ഡിസംബര്‍ 15 ന് ആരോഗ്യവകുപ്പ് ഡയരക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അംഗീകരിക്കപ്പെട്ട വേണ്ടത്ര യോഗ്യതകള്‍ ഇല്ലാത്തയാളെ റേഡിയേഷന്‍ ജോലികള്‍ക്ക് താല്‍ക്കാലികമായി പോലും നിയോഗിക്കരുതെന്നും അത്തരത്തിലാരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ പിരിച്ചുവിടണമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്വാധീനം ഉപയോഗിച്ച് യോഗ്യതകളില്ലാത്ത നിരവധിപേര്‍ സിടി സ്‌കാന്‍, എക്‌സ്‌റേ, ഇസിജി വിഭാഗങ്ങളിലും ജോലിചെയ്യുന്നതായാണ് പരാതികള്‍. അടിയന്തിരമായി നടപടികള്‍ സ്വീകരിക്കാത്തപക്ഷം പൊതുജനതാല്‍പര്യാര്‍ത്ഥം കോടതിയെ സമീപിക്കുമെന്നും ആരോഗ്യമന്ത്രിക്കുള്ള പരാതികളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!