പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും ഏരിയാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം സാധിക്കാതെ തളിപ്പറമ്പിന്റെ സി.കെ യാത്രയായി

തളിപ്പറമ്പ്: രാഷ്ട്രീയ തറവാട്ടില്‍ തിരികെ പ്രവേശിച്ചെങ്കിലും പാര്‍ട്ടി ഏരിയാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന അവസാനത്തെ ആഗ്രഹം സാധിക്കാതെയാണ് തളിപ്പറമ്പിന്റെ സി.കെ. എന്ന സി.കെ.നാരായണന്‍ വിടവാങ്ങിയത്.

സിഎംപി സിപിഎമ്മില്‍ ലയിക്കുന്നതിന് വേണ്ടി നേതൃത്വപരമായി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച സി കെയുടെ സീനിയോറിറ്റി പരിഗണിച്ച് ജില്ലാ കമ്മറ്റി അംഗത്വം നല്‍കാന്‍ സിപിഎം തയ്യാറായിരുന്നുവെങ്കിലും ശാരീരിക അവശത കാരണം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗത്വം മാത്രം മതിയെന്നായിരുന്നു സി കെയുടെ താല്‍പര്യം.

അതുപ്രകാരം ഏരിയാ കമ്മറ്റി അംഗമാക്കിയെങ്കിലും രോഗം ഗുരുതരമായതിനാല്‍ ഏരിയാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ആംബുലന്‍സിലെങ്കിലും അദ്ദേഹത്തെ ഏരിയാ കമ്മറ്റി യോഗത്തിനെത്തിക്കാന്‍ സുഹൃത്തും സിഎംപി മുന്‍ തളിപ്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയും ഇപ്പോള്‍ പരിയാരം ലോക്കല്‍ കമ്മറ്റി അംഗവുമായ പി.പി.മോഹനന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനും സാധിക്കാതെ ഗുരുതരാവസ്ഥയില്‍ അദ്ദേഹം രോഗശയ്യയിലായിരുന്നു.

സിഎംപിയുടെ ആരംഭകാലത്ത് പ്രവര്‍ത്തകരില്‍ പലരും ഭീഷണിഭയന്ന് വീടുകളില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും സിപിഎം ശക്തികേന്ദ്രമായ മുയ്യം പ്രദേശത്ത് ഏത് പാതിരാത്രിക്കും വീട്ടിലേക്ക് കാല്‍നടയായിപോകുന്ന സി കെ അന്നും സിപിഎമ്മിലെ പ്രവര്‍ത്തകരുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്നു.

ജില്ലയില്‍ സിഎംപി രൂപീകരണ കാലത്ത് എംവിആറിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിച്ച സി കെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ വിവാഹം ചെയ്യാന്‍ പോലും മറന്നുപോയ നിസ്വാര്‍ത്ഥനായ വ്യക്തിത്വമായിരുന്നു. നിര്യാണ വാര്‍ത്തയറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രാവിലെ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!