അധികമുളള പാഠപുസ്തകങ്ങള്‍ എ.ഇ.ഒ ഓഫിസില്‍ നേരിട്ട് എത്തിക്കണമെന്ന നിബന്ധന പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയാകുന്നു

തളിപ്പറമ്പ് : ബാക്കിയായ പാഠപുസ്തകങ്ങള്‍ എ.ഇ.ഒ ഓഫിസില്‍ നേരിട്ട് എത്തിക്കണമെന്ന നിബന്ധന പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയാകുന്നു.

കുട്ടികള്‍ക്ക് വിതരണം ചെയ്ത് ബാക്കിയായ ഈ അധ്യയന വര്‍ഷത്തെ ഒന്നാം വോള്യം പുസ്തകങ്ങള്‍ സ്വന്തം ചെലവില്‍ എ.ഇ.ഒ ഓഫിസില്‍ എത്തിക്കേണ്ട ഗതികേടിലാണ് പ്രധാനാധ്യാപകര്‍.

സ്‌കൂളുകള്‍ക്ക് സൊസൈറ്റി മുഖേനയാണ് പാഠപുസ്തക വിതരണം നടത്തുന്നത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയില്‍ പത്തൊന്‍പത് സൊസൈറ്റികളാണ് ഉളളത്. സൊസൈറ്റി വഴി പുസ്തകങ്ങള്‍ സ്വീകരിക്കുന്നത് സ്‌കൂള്‍ അധികൃതര്‍ക്ക് സൗകര്യപ്രദമാകുമ്പോള്‍, ബാക്കി വരുന്ന പുസ്തകങ്ങള്‍ പ്രധാനാധ്യാപകര്‍ തന്നെ എ.ഇ.ഒ ഓഫിസില്‍ എത്തിക്കണമെന്ന നിബന്ധനയാണ് ഇവര്‍ക്ക് ബാധ്യതയാകുന്നത്.

പുസ്തകങ്ങള്‍ക്ക് വില ഈടാക്കിയിരുന്ന സമയത്ത് ഇതിന്റ പത്തു ശതമാനം സൊസൈറ്റിക്ക് കടത്തുകൂലിയായും മറ്റു ചിലവുകളിലേക്കും നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്നതിനാല്‍ ഒരു രൂപപോലും ചിലവിനായി സൊസൈറ്റിക്ക് നല്‍കുന്നില്ല.

അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് അടുത്ത വര്‍ഷം ആവശ്യമുളള പുസ്തകങ്ങളുടെ എണ്ണം അറിയിക്കണം. ഇതനുസരിച്ചാണ് സ്‌കൂളുകള്‍ക്ക് പുതിയ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.

പുതിയ ക്ലാസില്‍ കുട്ടികള്‍ വരാതിരിക്കുകയും ഇംഗ്ലീഷ്, മലയാളം മീഡിയം മാറുന്നതും കുട്ടികളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കുന്നു. ഇത് പുസ്തകങ്ങള്‍ ബാക്കിയാകാനും തികയാതിരിക്കാനും കാരണമാകാറുണ്ട്.

ക്ലാസുകള്‍ ആരംഭിക്കുന്നതോടെ കുട്ടികളുടെ കൃത്യമായ എണ്ണം ലഭിക്കുമെങ്കിലും ആദ്യം ആവശ്യപ്പെട്ട എണ്ണത്തിന് അനുസരിച്ചു തന്നെയാണ് രണ്ടാം വോള്യവും വിതരണം ചെയ്യുക. ഇതോടെ പഴയ പ്രശ്‌നം തന്നെ ആവര്‍ത്തിക്കും.  www.bignewskannur.com

നേരത്തേ ഒന്നാം വോള്യം പുസ്തകങ്ങള്‍ക്ക് ആവശ്യപ്പെടുമ്പോള്‍ കൃത്യമായ എണ്ണം ലഭിക്കുന്നില്ലെങ്കിലും കൃത്യമായ എണ്ണം ലഭിച്ച് രണ്ടാം വോള്യം അതിനനുസരിച്ച് വിതരണം ചെയ്യാനുളള സൗകര്യം ഒരുക്കണമെന്നാണ് പ്രധാനാധ്യാപകര്‍ ആവശ്യപ്പെടുന്നത്.

സോഫ്റ്റവെയറില്‍ അതിനുളള സൗകര്യം ഏര്‍പ്പെടുത്തി അതനുസരിച്ച് പുസ്തകങ്ങള്‍ വിതരണം ചെയ്താല്‍ ഇന്നുളള പ്രശ്‌നത്തിന് പരിഹാരമാകും.

പാഠപുസ്തകങ്ങള്‍ മാറാത്തതിനാല്‍ അധികമാകുന്ന പുസ്തകങ്ങള്‍ സര്‍ക്കാരിന് ബാധ്യയാകുന്നില്ല എന്നതും തികയാത്ത സ്‌കൂളുകളിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ നല്‍കാനാകുന്നു എന്നതും ആശ്വാസകരമാണ്.

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിയിലെ സ്‌കൂളുകളില്‍ നിന്ന് തളിപ്പറമ്പ് എ.ഇ.ഒ ഓഫിസില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് പ്രധാനാധ്യാപകര്‍ തിരിച്ചെത്തിച്ചത്.

 

You can like this post!

You may also like!