മാസ്‌ക്കോടകനും കൊറോണത്തപ്പനും–മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി

 

(പ്രഗല്‍ഭനായ ചികില്‍സകന്‍ എന്നതിന് പുറമെ നല്ല എഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച വ്യക്തിത്വമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ്. നര്‍മ്മത്തിലൂടെ പ്രതിരോധത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിരവധിപേരെ ആകര്‍ഷിച്ച് വൈറലായി മാറിയിരിക്കയാണ്. കരിവെള്ളൂര്‍ സ്വദേശിയായ ഡോ.കെ.സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു–ചിത്രീകരണം-സുരേന്ദ്രന്‍ കൂക്കാനം. )

മാസ്‌ക്കോടകന്‍-

ഡോ.കെ.സുദീപ്

മാസ്‌ക്ക് വലിയെടാ–എന്നൊരലര്‍ച്ച കേട്ടവാറെ ടാസ്‌കി വിളിയെടാ എന്ന തേന്മാവിന്‍ കൊമ്പത്തെ പപ്പുവിന്റെ ഡയലോഗാണോ കേട്ടത്, ഇരിക്കുന്നത് തിയേറ്ററിലാണോ എന്നീ വിഭ്രാമക ചിന്തകളോടെ ഞാന്‍ അര്‍ദ്ധമയക്കത്തില്‍ നിന്നും ഉണര്‍ന്ന് സട കുടഞ്ഞു.

അഞ്ചാറ് സടകള്‍ ഇരുന്നിടത്തു നിന്നും വീണ്ടെടുക്കാന്‍ പറ്റി. സീന്‍ ഫോട്ടോ സെഷനാണെന്നും അലറിയത് പടം പിടിക്കാനേല്‍്പിച്ച രാഘവേട്ടനാണ് എന്നും ബോധോദയമുണ്ടായതോടെ ഞാന്‍ കര്‍മ്മ നിരതനായി.

മാസ്‌ക്കോടകന്‍ എന്ന് ഇതിനോടകം ദേശത്ത് വിളിപ്പേരു വീണ രാഘവേട്ടന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് പരിസരം ശുചീകരിക്കാനിറങ്ങിയ പടയാളികളുടെ ഫോട്ടോ പിടിക്കേണ്ട മുഹൂര്‍ത്തമായതറിഞ്ഞില്ല.

ക്രിക്കറ്റു മാച്ചില്‍ ഗപ്പടിച്ച കോളേജു കുമാരന്മാരെപ്പോലെ തോളോട് തോള്‍ ചേര്‍ന്ന് സംഘം നിലയുറപ്പിച്ചു. അയയില്‍ കോണകമെന്നതുപോലെ ഏണിപ്പടിയുടെ കൈവരിയില്‍ തൂക്കിയിട്ട പതിനൊന്നോളം മാസ്‌ക്കുകളും കര്‍ച്ചീഫുകളും കാറ്റത്ത് ആടിയും ഇടക്കൊന്ന് നിലത്ത് വീണ് ഭൂപ്രതലത്തെ ചുംബിച്ചും നടത്തിയ സല്ലാപങ്ങളെല്ലാമവസാനിപ്പിച്ചു. ഉടയോരെ കാത്ത് അവ വരിവരിയായി നിലകൊണ്ടു.
ആദ്യത്തെ മാസ്‌ക്ക്, പ്രോട്ടോക്കോള്‍ പ്രകാരം ധരിക്കാനൊരുങ്ങിയ മനീഷിന് കിട്ടിയ രാഘവേട്ടന്റെ ഉഗ്രശാസനമാണ് ഗദ്യത്തിന്റെ തുടക്കത്തില്‍ വായനക്കാരന്റെ ചെവി കീറിയത്.

ഒരു മാതിരി തീവ്രവാദികളെപ്പോലെയാണോ പത്രത്തില്‍ ഫോട്ടോ വരേണ്ടത് എന്ന രാഘവേട്ടന്റെ ന്യായമായ ചോദ്യത്തിന് മുന്നില്‍ മനീഷടക്കമുള്ള മാനുഷര്‍ വിനയാന്വിതരായി; അനന്തരം, മാസ്‌ക്കുകളുടെ കൊടിപ്പടങ്ങള്‍ കീഴ്ച്ചുണ്ടുകള്‍ക്ക് താഴേക്ക് വലിച്ചു താഴ്ത്തി. അനാവരണം ചെയ്യപ്പെട്ട ഇരുപത്തി രണ്ടു നാസാരന്ധ്രങ്ങളും വൈറല്‍മഴക്കായി വേഴാമ്പലിനെപ്പോലെ കാത്തു നിന്നു.

ധൃതഗതിയില്‍ മാസ്‌ക്കോടെ ഗ(ാ)മയാകാനുള്ള ഒരുക്കത്തിനിടയില്‍, ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലെത്തും മുമ്പ് രവി ചെന്നുപെട്ട ആശ്രമത്തിലെ സന്യാസിനിയുടെ മുണ്ടു മാറിയുടുത്തതു പോലെ പല മുഖകവചങ്ങളും പരകായപ്രവേശം പ്രാപിച്ചിരുന്നു. ചില മാസ്‌ക്കുകളുടെ നാടകള്‍, മനുഷ്യരുടെ ചെവിയില്‍ തട്ടി തലച്ചോറിലെ ടെംപറല്‍ കോര്‍ട്ടക്‌സിലേക്ക് പ്രവേശനാനുമതി ലഭിക്കാതെ തിരിച്ചു പറക്കുന്ന കൊറോണാസൂക്തങ്ങളെ പോലെ നീലാകാശത്തെ ലക്ഷ്യമാക്കി കാറ്റില്‍ പറന്നു പൊങ്ങി.

കൃത്യമായ സാമൂഹിക അകലം പാലിച്ചു നിലകൊണ്ട രാഘവേട്ടന്റെ ദന്തനിരയിലെ അഞ്ചാറു പല്ലുകള്‍ക്കിടയിലൂടെ അന്നേക്ക് ഡ്രോപ്ലെറ്റ് എന്ന് ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട തുപ്പല്‍ക്കണങ്ങള്‍ ഓരോ സുഗ്രീവാജ്ഞാ വേളയിലും അന്യരുടെ മുഖ ഭൂമികകളിലേക്ക് അന്തസ്സോടെ തെറിച്ചുവീണു. അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ പോലെ താടിരോമങ്ങളെ മാത്രം കാത്തു സൂക്ഷിച്ചു നിലകൊണ്ട മാസ്‌ക്കുകള്‍ക്ക് നേരെ മൂക്ക്, വായ തുടങ്ങിയ ശത്രുരാജ്യങ്ങള്‍ ആശങ്കയുടെ നോട്ടമെറിഞ്ഞു. തലേക്കെട്ടും കര്‍ച്ചീഫ് മുഖകവചവും ചേര്‍ന്നപ്പോള്‍ ശിവരാമേട്ടന്‍ ഹൈസ്‌കൂള്‍ ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്താളില്‍ നിന്നുമിറങ്ങി വന്ന ഛത്രപതി ശിവജിയെ ഓര്‍മ്മിപ്പിച്ചു.

ഇന്നത്തെ ഫോട്ടോവിന്റെ ഹൈലൈറ്റ് ഏതെന്ന് കുതൂഹലം പൂണ്ടു നോക്കിയപ്പോഴാണ് കീരിക്കാടനെ കുത്തി വീഴ്ത്തിയ ശേഷമുള്ള കിരീടത്തിലെ സേതുമാധവന്റെ മുഖഭാവങ്ങളോടെ മാസ്‌ക്കിന്റെ അറ്റം ചവച്ചരച്ചു കൊണ്ടിരുന്ന സബാഷ് കുമാര്‍ ഫോക്കസില്‍ കയറിയത്. കൊറോണാ വ്യവസ്ഥിതിയോടുള്ള ഈര്‍ഷ്യ, കോവിഡാനന്തര ലോകത്തെ പ്രതി നിരാശ എന്നീ നാനാവിധ വികാരങ്ങളാല്‍ കലുഷിതമായ ആ മുഖം ഒന്നേ നോക്കിയുളളൂ.

മാസ്‌ക് താഴെയിടറാ മോനേ എന്ന ഡയലോഗ് എവിടുന്നാണ് കേട്ടത് എന്ന് ഞാനൊന്ന് പാളി നോക്കി. അത് മാസ്‌ക്കോടകനായിരുന്നില്ല. ഫ്രെയ്മിനു പുറത്ത് കൊറോണത്തപ്പന്‍. പൈതങ്ങളില്‍ കൃപ ചൊരിയാനായി മാരിത്തെയ്യം പോതിയെ കാത്തെന്നതു പോലെ കൊറോണത്തപ്പന്‍ വിറകൊണ്ടു നിന്നു.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!