യു എ ഇയില്‍ കുടുങ്ങിക്കിടക്കുന്നമലയാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വി.ടി.വി.ദാമോദരന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നല്‍കി.

തളിപ്പറമ്പ്: യു എ ഇ യില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അബുദാബി ഗാന്ധി സാഹിത്യവേദി പ്രസിഡന്റും പ്രമുഖ ഗാന്ധിയനും കവിയുമായ വി.ടി.വി.ദാമോദരന്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

യുഎഇയില്‍ മാത്രം അശരണരായ ലക്ഷക്കണക്കിനാളുകളാണ് എങ്ങിനെയെങ്കിലും ജന്‍മനാട്ടിലെത്താന്‍ എംബസിയിലും നോര്‍ക്കയിലുമൊക്കെ രജിസ്‌ട്രേഷന്‍ ചെയ്തു കാത്തിരിക്കുന്നത്.

ഇവരില്‍ എല്ലാവരും തന്നെ ജോലി നഷ്ടപ്പെട്ടവരോ രോഗികളോ സന്ദര്‍ശക വിസയില്‍ വന്നു വിസ കാലാവധി കഴിഞ്ഞവരുമൊക്കെയാണ്.

ഇവരിലേറെ പേരും വൃദ്ധരും കുട്ടികളും ഗര്‍ഭിണികളും ഭക്ഷണത്തിനോ താമസത്തിനോ കഴിവില്ലാത്തവരും, ചികില്‍സിക്കാന്‍ മതിയായ രേഖകള്‍ ഇല്ലാത്തവരുമാണ്.

യു എ ഇ ഗവണ്‍മെന്റിന്റെ സഹിഷ്ണുതാപരമായ സഹായസഹകരണങ്ങള്‍ കൊണ്ടും ജീവകാരുണ്യ പ്രവര്‍ത്തക സംഘടനകളുടെ കാരുണ്യത്തിലും ഓരോ നിമിഷവും തള്ളി നീക്കുന്ന ഈ പാവം പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ഇപ്പോള്‍ അനുവദനീയമായ പരിമിതമായ വിമാന സര്‍വ്വീസുകള്‍ തീര്‍ത്തും അപര്യാപ്തമാണെന്നിരിക്കെ താങ്കളുടെ അധികാര പരിധി ഉപയോഗപ്പെടുത്തി കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുകയും അതോടൊപ്പം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറായി നില്‍ക്കുന്ന യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാനും എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!