ബാറ്റിങ്ങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയയെങ്കിലും ഫീല്‍ഡില്‍ പറന്ന് സഞ്ജു സാംസണ്‍ ആരാധകരുടെ കയ്യടി നേടി

ന്യൂസീലന്‍ഡ്: ബാറ്റിങ്ങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയയെങ്കിലും ഫീല്‍ഡില്‍ പറന്ന് മലയാളി താരം സഞ്ജു സാംസണ്‍ താരമായി. ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി20യില്‍ റോസ് ടെയ്‌ലറിന്റെ സിക്‌സെന്നറുപ്പിച്ച ഷോട്ട് സഞ്ജു സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോയുടെ പിറകെയാണ് ക്രിക്കറ്റ് ആരാധകര്‍. ബാറ്റിങ്ങിലെ മോശം പ്രകടനത്തില്‍ സഞ്ജുവിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ താരം ആരാധകരുടെ കയ്യടി നേടിയത്.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ എട്ടാം ഓവറിലെ അവസാന പന്ത് നേരിട്ട റോസ് ടെയ്‌ലര്‍ മിഡ്‌വിക്കറ്റിലെ ചെറിയ ബൗണ്ടറി ലക്ഷ്യമാക്കി പന്ത് ഉയര്‍ത്തിവിട്ടു. അനായാസം ബൗണ്ടറി കടക്കേണ്ട പന്തിന് കണക്കാക്കി സഞ്ജു കാത്തുനിന്നു. പിന്നെ ബൗണ്ടറിലൈനിനു മുകളിലൂടെ അപ്പുറത്തേക്കു വീഴാനൊരുങ്ങിയ പന്തിലേക്ക് ചാടിവീണു. ബൗണ്ടറി ലൈനിനിപ്പുറത്തുനിന്ന് പന്തിലേക്കു ചാടിയ സഞ്ജു അന്തരീക്ഷത്തില്‍വച്ചുതന്നെ പന്ത് ഗ്രൗണ്ടിലേക്കെറിഞ്ഞു. ശേഷം ബൗണ്ടറിക്കപ്പുറത്ത് ‘സേഫ് ലാന്‍ഡിങ്’.

പന്ത് സിക്‌സാകാനുള്ള സാധ്യത റീപ്ലേകളിലൂടെ പരിശോധിച്ച അംപയര്‍മാരും സ്ലോമോഷനില്‍ സഞ്ജുവിന്റെ സാഹസം കണ്ട ആരാധകരും ഞെട്ടിപ്പോയി. ബൗണ്ടറിക്കപ്പുറത്തേക്ക് വീഴുംമുന്‍പ് സഞ്ജു പന്ത് സുരക്ഷിതമായി മൈതാനത്തേക്കെറിഞ്ഞെന്ന് ബോധ്യം വന്നതോടെ കിവീസിന് ലഭിച്ചത് ടെയ്‌ലറും സീഫര്‍ട്ടും ഓടിയെടുത്ത രണ്ടു റണ്‍സ് മാത്രം. ഒറ്റച്ചാട്ടത്തില്‍ സഞ്ജു രക്ഷിച്ചെടുത്തത് നാലു റണ്‍സും. ഈ ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ സൂപ്പര്‍ഹിറ്റാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!