ട്രോളര്‍മാരുടെ കളി ഞങ്ങളോട് വേണ്ട : പോലീസുകാരന്റെ മറുപടി വൈറല്‍

പോലീസുകാര്‍ 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതായുളള വാര്‍ത്തകള്‍ക്കു പിറകെ പോലീസിനെ ട്രോളി ഇറങ്ങിയ ഫെയ്‌സ്ബുക്ക് വാട്‌സ്അപ്പ് സന്ദേശങ്ങള്‍ക്ക് മറുപടിയുമായി ഒരു പോലീസുകാരന്റെ സന്ദേശം വൈറലാകുന്നു.

‘എല്ലാവരോടും ആയി ഒരു കാര്യം പറഞ്ഞേക്കാം. കേരളാ പോലീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10കോടി രൂപ കൊടുക്കുന്നു. ഹെല്‍മറ്റ്. സീറ്റ് ബെല്‍റ്റ് പേപ്പറുകളെല്ലാം കരുതിക്കോണം. പോലീസിന് സ്വന്തമായി നോട്ടടിക്കുന്ന കമ്മട്ടം ഇല്ല.’ എന്നാണ് സമൂഹമാധ്യമങ്ങളില്‍ തമാശരൂപേണ പ്രചരിച്ച പോസ്റ്റ്.

രണ്ട് ദിവസത്തെ ശമ്പളവും 2750 രൂപ ഉത്സവബത്തയും അടക്കം ഏകദേശം 5000 രൂപയ്ക്ക് മുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത കേരള പോലീസ് സേനയിലെ 55000 പേര്‍ 1818/ രൂപ വീതം എടുത്താല്‍ പോലും ഈ പറഞ്ഞ 10 കോടി നിഷ്പ്രയാസം സമാഹരിക്കാന്‍ പറ്റുമെന്ന മറുപടിയുമായി വന്ന പോലീസുകാരന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…………………….

”പോലീസുകാര്‍ 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് നാട്ടുകാരുടെ കയ്യില്‍ നിന്ന് പിടിച്ച് പറിച്ചിട്ടാണ് എന്ന് പോസ്റ്റിയ സഹോദരന്‍ അറിയാന്‍,

രണ്ട് ദിവസത്തെ ശമ്പളവും അതു കൂടാതെ 2750 രൂപ ഉത്സവബത്തയും അടക്കം ഏകദേശം 5000 രൂപയ്ക്ക് മുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത കേരള പോലീസിന് ഞങ്ങള്‍ സേനയിലെ 55000 പേര്‍ 1818/ രൂപ വീതം കൂടി എടുത്താല്‍ പോലും ഈ പറഞ്ഞ 10 കോടി നിഷ്പ്രയാസം സമാഹരിക്കാന്‍ പറ്റും. അത് ഞങ്ങള്‍ കൊടുക്കുന്നത് നിങ്ങള്‍ ഓണ അവധിക്ക് വീട്ടിലിരുന്ന് ഞങ്ങള്‍ക്ക് എതിരേ എഴുതുന്ന ഈ സമയത്തും അവധിയില്ലാതെ സൂര്യന്‍ ഉദിക്കുന്നതു മുതല്‍ താങ്കളും കുടുംബവും ആഘോഷമൊക്കെ കഴിഞ്ഞ് പിരിഞ്ഞ് പോകുന്ന പാതിരാ വരെ റോഡിലും വെയിലത്തും മഴയത്തും മഞ്ഞത്തും നിന്ന് വിയര്‍പ്പൊഴുക്കുന്നതിന്റെ ഒരു പങ്കാണെന്ന് തലയുയര്‍ത്തി നിന്ന് പറയാന്‍ കഴിയും.

താങ്കള്‍ ഹെല്‍മറ്റ് ധരിച്ചാല്‍ ഒരു പക്ഷേ ഒരു വലിയ ഉറക്കത്തില്‍ നിന്ന് താങ്കളും തീരാനഷ്ടത്തില്‍ നിന്ന് താങ്കളുടെ കുടുംബവും രക്ഷപ്പെട്ടേക്കാം

പിന്‍കുറിപ്പ് :- ഒരോ ദിവസവും പോലീസ് ഈടാക്കുന്ന പെറ്റികേസുകള്‍ക്ക് രസീത് നല്‍കുകയും ഫൈന്‍ പിറ്റേദിവസം തന്നെ ട്രഷറിയില്‍ അടയ്ക്കുകയാണ് അല്ലാതെ പോലീസുകാര്‍ വീതം വച്ച് വീട്ടില്‍ കൊണ്ടു പോകുകയല്ല. എന്ന കാര്യം കൂടി മനസ്സിലാക്കുക.. ആധികാരികമായി അതിനെ കുറിച്ച് അറിയണമെങ്കില്‍ വിവരാവകാശപ്രകാരം ഒരു അപേക്ഷ വച്ചാല്‍ ലഭിക്കുന്നതായിരിക്കും..

താങ്കള്‍ക്കോ താങ്കളുടെ പരിചയത്തിലോ ആര്‍ക്കെങ്കിലും പ്രളയത്തില്‍ അകപ്പെട്ട വീട് വൃത്തിയാക്കാനുണ്ടെങ്കില്‍ അറിയിച്ചാല്‍ പ്രതിഫലം വാങ്ങാതെ അതും ഞങ്ങള്‍ വന്ന് ചെയ്തു തരാം.”

എന്തിനും ഏതിനും ആരെയും ട്രോളികൊണ്ട് വരുന്ന സന്ദേശങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ടവരില്‍ നിന്നും ഇത്തരത്തില്‍ വരുന്ന മറുപടികളും ജനങ്ങള്‍ ഏറ്റെടുത്ത് വൈറലാക്കുന്നതും പതിവായിരിക്കുകയാണ്. ട്രോളര്‍മാര്‍ കരുതിയിരിക്കുക ഇവര്‍ തിരിച്ച് പ്രതികരിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്കും പണികിട്ടും.

You can like this post!

You may also like!