ഉറപ്പിച്ച വിവാഹത്തിനു ശേഷം കാമുകനെ വരിക്കാനുളള യുവതിയുടെ തീരുമാനത്തിനു കാരണം ഇതാണ് : യുവതി പോലീസിനോട് മനസ് തുറക്കുന്നു

തളിപ്പറമ്പ്: വിവാഹത്തിന് സമ്മാനമായി കിട്ടുന്ന സ്വര്‍ണ്ണാഭരണങ്ങളുമായി നാടുവിടുക എന്ന ഉദ്ദേശത്തോടെയാണ് കാമുകനെ വരിക്കാന്‍ വിവാഹം കഴിയാന്‍ കാത്തു നിന്നതെന്ന് നവവധു.

ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും കാമുകനായ പട്ടാമ്പി സ്വദേശിക്കൊപ്പം പോയ യുവതി പോലീസിനോട് മനസ് തുറക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

വിവാഹം കഴിക്കും മുമ്പ് കാമുകനോടൊപ്പം പോകാമായിരുന്നില്ലേ എന്ന് ഇന്നലെ രാവിലെ സ്റ്റേഷനില്‍ ഹാജരായ ച്ചപ്പോഴായിരുന്നു ഈ മറുപടി.

ഞായറാഴ്ച്ച വിവാഹിതയായ യുവതി ഇന്നലെ സ്റ്റേഷനില്‍ വെച്ച് ബന്ധുക്കളോടൊപ്പം വന്ന കാമുകന്റെ കൂടെ പോയി. നേരത്തെ ഇരുവരും ട്രെയിനില്‍ ഉല്ലാസ യാത്രക്കിടെ ട്രെയിനിനകത്ത് വെച്ച് പരസ്പരം മാലചാര്‍ത്തി വിവാഹം നടത്തിയിരുന്നു.

ഇതിന്റെ വീഡിയോയാണ് വിവാഹം കഴിഞ്ഞ് വരനോടൊപ്പം കാഞ്ഞിരങ്ങാട്ടെ വീട്ടിലേക്ക് കാറില്‍ പോകവെ കാമുകന്‍ വരന്റെ മൊബൈലിലേക്ക് മെസെഞ്ചര്‍ മുഖേന അയച്ചത്. കാമുകനുമായി ആലോചിച്ച് തികച്ചും ആസൂത്രിതമായിട്ടായിരുന്നു യുവതിയുടെ ഓരോ നീക്കങ്ങളും.

വിവാഹം നടക്കുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് പോലും കാമുകനുമായി സല്ലപിച്ചിരുന്നതായി യുവതി പോലീസിനോട് സമ്മതിച്ചു.

ഞായറാഴ്ച്ച വൈകുന്നേരം പോലീസ് സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ടിട്ടും യുവതിക്ക് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. നിര്‍മ്മാണപെയിന്റിംഗ് തൊഴിലാളിയായ കാമുകനും അമ്മയും അടങ്ങുന്ന ബന്ധുക്കള്‍ ഇന്നലെ രാവിലെ തന്നെ തളിപ്പറമ്പ് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷനിലെത്തിയിരുന്നു.

പ്രശ്‌നം പോലീസ് സ്‌റ്റേഷനിലെത്തുമെന്ന് യുവതി ഒട്ടുംകരുതിയിരുന്നില്ലത്രേ. വീട്ടില്‍ കയറാതെ ബന്ധുക്കളോടൊപ്പം തിരിച്ചുപോയി രാത്രിയില്‍ കാമുകനോടൊപ്പം സ്വര്‍ണ്ണവുമായി ഒളിച്ചോടാനുള്ള പരിപാടിയായിരുന്നു ആസൂത്രണം ചെയ്തിരുന്നതത്രേ.

കാഞ്ഞിരങ്ങാട്ടെ യുവാവ് അണിയിച്ച താലിമാല ഉള്‍പ്പെടെ അങ്ങനെ സ്വന്തമാക്കാമെന്നും കരുതിയിരുന്നതായി യുവതി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കാര്യങ്ങളെത്തിയതോടെ തിരിച്ചുപോകുന്നുവെങ്കില്‍ താലിമാല തിരികെ തരണം എന്ന ആവശ്യം യുവതിക്ക് സമ്മതിക്കേണ്ടി വന്നു.

വിവാഹം നിശ്ചയിച്ചതിന് ശേഷം വരന്‍ സമ്മാനിച്ച മൊബൈല്‍ ഫോണില്‍ കാമുകനുമായും ഭാവി ഭര്‍ത്താവുമായും നിരന്തരമായി യുവതി ബന്ധപ്പെട്ടിരുന്നു.

യുവതി തന്നെയാണ് വരന്റെ മൊബൈലിലേക്ക് ട്രെയിനിലെ വിവാഹ വീഡിയോ അയച്ചുകൊടുക്കാന്‍ പറഞ്ഞതെന്ന് പട്ടാമ്പിക്കാരനായ കാമുകന്‍ പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ നിന്നും കാമുകനോടൊപ്പം പോയത്.

യുവതിയുടെ വീട്ടുകാരോ ബന്ധുക്കളോ എത്തിയിരുന്നില്ല. എന്നാല്‍ വിവാഹത്തിന് ഭാരിച്ച പണം ചെലവഴിക്കുകയും വധു വിവാഹദിവസം തന്നെ തിരിച്ചുപോകുകയും ചെയ്ത ഷോക്കിലാണ് വരനും ബന്ധുക്കളും.

വീട്ടുകാര്‍ യുവതിയെ ഉപേക്ഷിച്ചതിനാല്‍ വരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും, തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കികിട്ടുന്നതിനായി വധുവിന്റെ വീട്ടുകാരുമായി മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!