ആശുപത്രി വികസന സൊസൈറ്റിയുടെ തലപ്പത്ത് ജൂനിയറായ പാര്‍ട്ടി പ്രവര്‍ത്തക; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ സിഐടിയു തൊഴിലാളികളില്‍ മുറുമുറുപ്പുയരുന്നു

പരിയാരം: ആശുപത്രി വികസന സൊസൈറ്റിയുടെ തലപ്പത്ത് ജൂനിയറായ പാര്‍ട്ടി പ്രവര്‍ത്തകയെ നിയോഗിച്ചതിനെതിരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ സിഐടിയു തൊഴിലാളികളില്‍ മുറുമുറുപ്പുയരുന്നു.

ഫെബ്രുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മെഡിക്കല്‍ കോളജിലെ വികസന സൊസൈറ്റിയുടെ ചുമതലയാണ് എച്ച്ഡിഎസിലെ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗമായ ഒരു പാര്‍ട്ടി നേതാവിന്റെ കടുംപിടുത്തം കാരണം താരതമ്യേന ജൂനിയറായ പാര്‍ട്ടി പ്രവര്‍ത്തകക്ക് ലഭിച്ചത്.

മെഡിക്കല്‍ കോളജിന്റെ ആരംഭംമുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന നിരവധി സീനിയറായ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും ജൂനിയര്‍ ക്ലര്‍ക്കിനെ നിയമിക്കുന്നതിനെതിരെ സിഐടിയു വിഭാഗവും മറ്റ് ജീവനക്കാരുടെ സംഘടനകളും ഒരുപോലെ പ്രതിഷേധം അറിയിച്ചിരുന്നു.

സര്‍ക്കാറില്‍ നിന്നുള്ള കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന എച്ച്ഡിഎസ് പോലുള്ള ഒരു സംവിധാനത്തിന്റെ ചുമതല കാര്യശേഷിയുള്ള ആരെയെങ്കിലും ഏല്‍പ്പിക്കണമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം.

എച്ച്ഡിഎസ് എക്‌സിക്യുട്ടീവിലെ പാര്‍ട്ടി നേതാവിന് പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താനാണ് ജൂനിയറായ വനിതാ ക്ലര്‍ക്കിന് ചുമതല നല്‍കിയതെന്ന് സിഐടിയു വിഭാഗത്തിലെ ഒരു ഭാരവാഹി പറഞ്ഞു. ഇതിനെതിരെ പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍ എച്ച്ഡിഎസ് മാനേജരായി സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും താല്‍ക്കാലികമായി മാത്രമാണ് വനിതാ ക്ലര്‍ക്കിനെ ചുമതല ഏല്‍പ്പിച്ചതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. എന്തായാലും എച്ച്ഡിഎസ് പ്രവര്‍ത്തനത്തിന് മുമ്പേ മെഡിക്കല്‍ കോളജില്‍ വിവാദം കനക്കുകയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!