കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അനാവശ്യ തസ്തികകളില്‍ അന്‍പതോളം പേര്‍ ജോലി ചെയ്യുന്നതായി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി.

പരിയാരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അനാവശ്യ തസ്തികകളില്‍ അന്‍പതോളം പേര്‍ ജോലി ചെയ്യുന്നതായി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി.

ചെയര്‍മാന്റെ പിഎ തസ്തികയിലും ഹ്യദയാലയ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലും ജോലി ചെയ്യുന്നവര്‍ കൂടി പി ആര്‍ ഒ ആയി മാറിയതോടെ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ പിആര്‍ഒമാര്‍ മൂന്നാണ്.

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജിലും ആകെയുള്ളത് ഒരു പി ആര്‍ ഒ മാത്രമാണ്.  സഹകരണ മെഡിക്കല്‍ കോളേജായിരുന്നപ്പോള്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മുപ്പത്തിയഞ്ചിലേറെ ജീവനക്കാര്‍ ഉണ്ടായിരുന്നത് ഇപ്പോഴും തുടരുകയാണ്.

സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളജില്‍ ഈ തസ്തികകള്‍ തീര്‍ത്തും അനാവശ്യമാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര പുനരാലോചന വേണമെന്നും ആവശ്യപ്പെട്ട് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യനാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ സഹകരണ മെഡിക്കല്‍ കോളജ് ആയിരുന്ന കാലത്ത് പിഎ, അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികയിലുണ്ടായിരുന്നവര്‍ ഇപ്പോള്‍ പിഎ എന്ന പേരിലാണ് രജിസ്റ്ററില്‍ ഒപ്പുവെക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

പിആര്‍ഒയുടെ ഒരു തസ്തിക മാത്രം വേണ്ടിടത്താണ് അനാവശ്യമായി രണ്ടുപേര്‍കൂടി പിആര്‍ഒ എന്ന പേരില്‍ ശമ്പളം കൈപ്പറ്റുന്നത്. ഇവരെ അര്‍ഹമായ മറ്റേതെങ്കിലും തസ്തികയിലേക്ക് മാറ്റണമെന്നും പരാതിയില്‍ പറയുന്നു.

നിലവില്‍ ഹൃദയാലയ എന്ന പേരില്‍ ആശുപത്രിയില്ല, ഗവ.മെഡിക്കല്‍ കോളജ് ആയതോടെ അത് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗമായി മാറിയിരിക്കയാണ്.  ഇവിടെ പ്രത്യേക അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്ലാതിരിക്കെ ആ തസ്തികയും പിആര്‍ഒയാക്കി മാറ്റിയിരിക്കയാണ്.

സംസ്ഥാന പൊതുമരാമത്ത് ബില്‍ഡിങ്ങ്സ് വിഭാഗവും ഇലക്ട്രിക്കല്‍ വിഭാഗവുമാണ് ആശുപത്രിയിലെ മരാമത്ത് ജോലികള്‍ നടത്തേണ്ടതെങ്കിലും മുപ്പത്തിയഞ്ചിലേറെ ജീവനക്കാര്‍ ഇപ്പോഴും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലിനോക്കുന്നുണ്ട്.

ഇത് തീര്‍ത്തും അനാവശ്യമാണെന്നും ഇവരെ പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാരെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയ രീതിയില്‍ പൊതുമരാമത്ത് വിഭാഗത്തിലേക്ക് മാറ്റണമെന്നും പരാതികളില്‍ പറയുന്നു.

ഇത്തരത്തില്‍ നിരവധി അനാവശ്യ തസ്തികകള്‍ അടിയന്തിരമായി കണ്ടെത്തി ഇവരെ മറ്റ് വിഭാഗത്തിലേക്ക് മാറ്റി നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എഞ്ചിനീയറിംഗ് വിഭാഗത്തിലുള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെ ബന്ധുക്കളും സ്വന്തക്കാരുമാണ് ജോലിചെയതു വരുന്നത്.

ആവശ്യത്തിന് സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.  ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ശിവസുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!