ഹൃദ്രോഗചികില്‍സക്കെത്തിയ രോഗിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് അധികൃതര്‍ തിരിച്ചയച്ചു, എംഎല്‍എ ഇടപെട്ടപ്പോള്‍ തിരിച്ചുവിളിച്ച് ഐസിയുവിലാക്കി.

പരിയാരം: ഗുരുതരമായ ഹൃദ്രോഗം ബാധിച്ചെത്തിയ വീട്ടമ്മക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ കോളജില്‍ ചികില്‍സ ലഭിച്ചില്ലെന്ന് ആക്ഷേപം.

എന്‍എ.നെല്ലിക്കുന്ന് എംഎല്‍എ ഇടപെട്ടതോടെ ഡിസ്ചാര്‍ജ് വാങ്ങിപ്പോയ രോഗിയെ ആശുപത്രി അധികൃതര്‍ തിരിച്ചുവിളിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് സ്വദേശി ജമീല(45)ക്കാണ് ചികില്‍സ ലഭിക്കാതിരുന്നത്.

ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ആഞ്ജിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തീകരിച്ചാണ് ഇവര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിയത്.

ജനറല്‍ ഒപിയില്‍ പരിശോധിച്ച് അവിടെ അഡ്മിറ്റ് ചെയ്ത ജമീലയെ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇതിനിടെയാണ് വിവരമറിഞ്ഞ് കാസര്‍ഗോഡ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടത് ഇതോടെ ആശുപത്രിയില്‍ നിന്ന് രോഗിയെ തിരിച്ചുവിളിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം ഹൃദ്രോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജമീലയെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കയാണ്.

ഇന്ന് രാവിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എത്തിയ ശേഷം തുടര്‍ചികില്‍സ തീരുമാനിക്കും.

ഹൃദ്രോഗ വിഭാഗം റഫറല്‍ ആക്കിമാറ്റിയതോടെ അത്യാവശ്യചികില്‍സ തേടിയെത്തുന്നവര്‍ക്കുപോലും ഡോക്ടര്‍മാരെ കണ്ട് ചികില്‍സ തേടാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

എന്നാല്‍ വിഐപികള്‍ക്ക് വേണ്ടി ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതായും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം നെഞ്ചുവേദനയുമായി എത്തിയ ഒരു വിഐപിക്ക് വേണ്ടി എല്ലാ നിയമങ്ങളും മാറ്റിയാണ് ചികില്‍സ നല്‍കിയതെന്ന് രോഗികള്‍ പരാതിപ്പെടുന്നുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!