കോവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒ പി സമയം ഉച്ചക്ക് രണ്ടുവരെ ദീര്‍ഘിപ്പിക്കുമെന്ന്‌

തളിപ്പറമ്പ്: കോവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒ പി സമയം ഉച്ചക്ക് രണ്ടുവരെ ദീര്‍ഘിപ്പിക്കുമെന്ന്‌ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

നിലവില്‍ രാവിലെ എട്ടുമുതല്‍ പത്തുവരെയാണ് ഒ പി പ്രവര്‍ത്തിക്കുന്നത്.  

മറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള രാവിലെ 8 മുതല്‍ 10 വരെയുള്ള ഒ പി പ്രവര്‍ത്തന സമയം ഉച്ചക്ക് ശേഷം രണ്ടുമണിവരെ ദീര്‍ഘിപ്പിക്കണമെന്നതുള്‍പ്പെടെ പരിയാരം കോരന്‍പീടികയിലെ പൊതുപ്രവര്‍ത്തകനായ കെ.പി.മൊയ്തു സമര്‍പ്പിച്ച നിരവധി പരാതികള്‍ക്ക് പരിഹാരമായാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.

മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ദാസാണ് ഇതുസംബന്ധിച്ച് എതിര്‍കക്ഷികളായ സംസ്ഥാന ചീഫ് സെക്രട്ടറി, ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫേര്‍ വിഭാഗം, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, സൂപ്രണ്ട് എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ രോഗികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി എത്താറുള്ള കെ.പി.മൊയ്തു നിരവധി കാര്യങ്ങളില്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മിനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെ പേരും ബിരുദങ്ങളും രോഗികള്‍ക്ക് കാണാവുന്ന വിധത്തില്‍ മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കുക, ലേബര്‍റൂം, കാഷ്വാലിറ്റി എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന പഴയ ഉപകരണങ്ങള്‍ മാറ്റി പുതിയവ ഉപയോഗിക്കുക, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-ആര്‍ എം ഒ- ക്വാര്‍ട്ടേഴ്സ് അടിയന്തിര അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ആര്‍ എം ഒ ആശുപത്രിക്കകത്ത് താമസിക്കാന്‍ സൗകര്യമൊരുക്കുക എന്നിവയാണ് മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച മറ്റ് ഉത്തരവുകള്‍.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കണ്ണൂരുകാര്‍ക്ക് മാത്രമല്ലെന്നും വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്കുള്ള ആശാകേന്ദ്രമാണെന്ന് ഓര്‍ക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ ഓര്‍മ്മിപ്പിച്ചു.

   മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തങ്ങളുടെ പേരും ബിരുദവും പ്രദര്‍ശിപ്പിക്കാത്തതിനാല്‍ രോഗികള്‍ക്ക് തങ്ങളെ ചികില്‍സിക്കുന്നത് ആരാണെന്ന് അറിയാന്‍ സാധിക്കുന്നില്ലെന്നും കാല്‍ നൂറ്റാണ്ട് പഴയ ഉപകരണങ്ങളാണ് ആശുപത്രിയിലെ പ്രധാന വിഭാഗങ്ങളില്‍ ഉപയോഗിക്കുന്നതെന്നും, ആര്‍ എം ഒ ആശുപത്രിക്കകത്ത് താമസിക്കാതെ ദൂരെ സ്ഥലത്ത് താമസിക്കുന്നതിനാല്‍ രോഗികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ സേവനം ലഭിക്കുന്നില്ലെന്നും മെയ്തു പരാതിപ്പെട്ടിരുന്നു.

പരാതികള്‍ ഭൂരിഭാഗവും ശരിവെക്കുന്ന രീതിയിലുള്ള വിശദീകരണമാണ് ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പാളും കമ്മീഷന് നല്‍കിയത്. ഇത് പരിഗണിച്ചാണ് അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!