കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ സമ്പൂര്‍ണ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി സാനിറ്ററി റൗണ്ട്സ് ആരംഭിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ സമ്പൂര്‍ണ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി സാനിറ്ററി റൗണ്ട്സ് ആരംഭിച്ചു.

ആശുപത്രിക്കകവും പുറവും പൂര്‍ണമായി രോഗാണുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയെന്ന് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.റോയ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവര്‍ അറിയിച്ചു.

കാഷ്വാലിറ്റി, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങി ഏറ്റവും കൂടുതല്‍ ശുചീകരണം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങളിലായിരുന്നു ഇന്നലെ വൈകുന്നേരം രണ്ടോടെ സാനിറ്ററി റൗണ്ട്സ് ആരംഭിച്ചത്.

ശുചീകരണ വിഭാഗത്തിലെ ജീവനക്കാരും എഞ്ചിനീയറിംഗ് വിഭാഗവും പങ്കെടുത്തു. രോഗികളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും കുട്ടിരിപ്പുകാര്‍ക്കുമൊക്കെ രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രിയുടെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ അണുവിമുക്തമായി നിലനിര്‍ത്തേണ്ടതുണ്ട്.

ഇതിന്റെ പ്രാധാന്യം ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും സന്ദര്‍ശകരെയും ഒരു പോലെ ബോധ്യപ്പെടുത്തുന്നതിനാണ് സാറിറ്ററി റൗണ്ട്സ് നടത്തുന്നത്.

നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് ആരംഭിച്ച കാലത്ത് സാനിട്ടറി റൗണ്ട്സ് നടന്നിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറിയതോടെ ഇത് വീണ്ടും കാര്യക്ഷമമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മാസത്തില്‍ ഒരു തവണ ആശുപത്രിയിലെ ഉന്നതതലത്തിലുള്ളവരെല്ലാം ഒന്നിച്ച് ശുചിത്വ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.  ആഴ്ചയിലൊരിക്കല്‍ ആര്‍ എം ഒ യുടെ നേതൃത്വത്തിലും പരിശോധനകള്‍ ഉണ്ടാവും.

നിലവില്‍ മെഡിക്കല്‍ കോളജില്‍ പകല്‍ സമയങ്ങളില്‍ 50 പേരും രാത്രിയില്‍ 20 പേരും മുഴുവന്‍ സമയ ശുചീകരണത്തിന് വേണ്ടി ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.

വിവിധ പ്രദേശങ്ങളില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചേരുന്നവരില്‍ പലരും പല വിധത്തിലുള്ള രോഗങ്ങളുടെ വാഹകരായതിനാല്‍ സമ്പൂര്‍ണ ശുചിത്വം ഉറപ്പുവരുത്തിയില്ലെങ്കില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും രോഗബാധയുണ്ടാവാന്‍ സാധ്യത ഏറെയാണ്.

അതുപോലെ ആശുപത്രിയില്‍ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും അണുവിമുക്തമാക്കേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.

ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്, കാഷ്വാലിറ്റി വിഭാഗം ഡെപ്യൂട്ടി മെഡിക്കല്‍  സൂപ്രണ്ട്  ഡോ.കെ.വിമല്‍റോഹന്‍, ആര്‍എംഒ ഡോ.എസ്.എം.സരിന്‍, പിആര്‍ഒ ദിലീപ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!