കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഉന്നത തസ്തികകളില്‍ മാറ്റങ്ങളുണ്ടാകും, തീരുമാനം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍.

തിരുവനന്തപുരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഉയര്‍ന്ന തസ്തികകളില്‍ മാറ്റങ്ങള്‍ വരുമെന്ന് സൂചന.

മെഡിക്കല്‍ കോളേജിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഉന്നത കേന്ദ്രങ്ങള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് അറിവ്.

സിപിഎം പ്രാദേശിക നേതൃത്വങ്ങള്‍ ജില്ലാ കമ്മറ്റിക്ക് മുന്നില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിയ മെഡിക്കല്‍ കോളേജ് പിന്നീട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിറകോട്ട് പോയത് കൂടാതെ ആശുപത്രി അടച്ചുപൂട്ടേണ്ടതായ അവസ്ഥയില്‍ വരെ എത്തിനില്‍ക്കുന്നത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് പാര്‍ട്ടി നേതൃത്വം തന്നെ വിലയിരുത്തുന്നത്.

എം ബി ബി എസ് ബിരുദമില്ലാത്ത  ഒരു ഉദ്യോഗസ്ഥയെ
കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ പ്രധാന തസ്തികയില്‍ നിയമിച്ചത് ഉള്‍പ്പെടെയുള്ള പരാതികള്‍ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പും പാര്‍ട്ടി നേതൃത്വവും കാണുന്നതെന്ന് ഒരു ഉന്നതന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

അടിയന്തിരഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് നേതൃത്വം പുറകോട്ടുപോയതാണ് ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഏത് വിധത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും നടക്കുന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.

രണ്ട് ദിവസങ്ങള്‍ക്കകം ഇത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!