ജിഷ്ണുവിന്റെ മാന്ത്രിക വിരലുകള്‍ പതിയുന്ന ഇലകളില്‍ തെളിയുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

തളിപ്പറമ്പ് : ഇലകളെ കാന്‍വാസാക്കി ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചെടുക്കുന്ന തളിപ്പറമ്പ് കുറ്റ്യേരിയിലെ ആയിപ്പുഴവീട്ടില്‍ ജിഷ്ണു ശ്രദ്ധേനാകുന്നു.

പത്താംതരത്തില്‍ പഠിക്കുമ്പോള്‍ ഒരു വാരികയില്‍ ലീഫ് ആര്‍ട്ട് ചെയ്യുന്നതിനെ കുറിച്ചുളള ലേഖനം വായിച്ചതോടെയാണ് ജിഷ്ണു ഈരംഗത്തേക്കു കടന്നു വന്നത്.

നേരത്തേ ചിത്രരചനയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ജിഷ്ണു ഇന്ന് ആലില, മഹാഗണി, നമ്പ്യാവട്ടം, മന്ദാരം തുടങ്ങിയ ഇലകളില്‍ ചലചിത്ര രംഗത്തെ അതികായരെയും പുതുമുഖങ്ങളെയും തനിമ ചോരാതെ പകര്‍ത്തുന്നതില്‍ മിടുക്കുകാട്ടുന്നത് ഏവരിലും കൗതുകമുണര്‍ത്തുകയാണ്.

വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണ് ലീഫ് ആര്‍ട്ട് എന്നാണ് ജിഷ്ണു അനുഭവത്തില്‍ നിന്നും പറയുന്നത്. ചിത്രങ്ങള്‍ ഇലയിലേക്ക് പകര്‍ത്തുമ്പോള്‍ കണ്ണ് ഒന്ന് അടഞ്ഞുപോയാല്‍ ഇല കീറിപ്പോകും. പിന്നെ തുടക്കംമുതല്‍ മറ്റൊരിലയില്‍ ചെയ്യേണ്ടിവരും.

ആഞ്ഞിലിയിലയില്‍ ചിത്രം വരച്ചാല്‍ കൂടുതല്‍ നാള്‍ നശിക്കാതിരിക്കുമെന്നുള്ളതിനാല്‍ ഈ ഇലയോടാണ് ജിഷ്ണുവിന് കൂടുതല്‍ പ്രിയം. ഉണങ്ങിയ ഇലകള്‍ വെള്ളത്തിലിട്ട് വീണ്ടും ഉണക്കി പേപ്പര്‍പ്പരുവത്തിലാക്കിയശേഷം പേനകൊണ്ട് പുറത്തു വരയ്ക്കും.

പിന്നീട് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ച് ഡീറ്റൈലിംഗ് നൈഫ് ഉപയോഗിച്ച് മുറിച്ച് എടുക്കുകയാണ് ചെയ്യുന്നത്. പ്രകാശത്തിനെതിരേ പിടിച്ചാല്‍ ചിത്രങ്ങള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ ആസ്വദിക്കുകയും ചെയ്യാം.

ചിത്രങ്ങള്‍ ഇലയിലായതിനാല്‍ നശിച്ചുപോവാതിരിക്കാന്‍ ഫ്രെയിം ചെയതാണ് സൂക്ഷിക്കുന്നത്. ഇപ്പോള്‍ ലീഫ് ആര്‍ട്ടിനായി നിരവധി ആവശ്യക്കാരാണ് ജിഷ്ണുവിനെ തേടിയെത്തുന്നത്.

പ്രശസ്തരല്ലാത്തവരുടെയും മുഖങ്ങള്‍ ഇലയില്‍ വരച്ചുതുടങ്ങിയതോടെ കല്യാണം, ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയവക്ക് ആശംസകള്‍ തയ്യാറാക്കുവാനും ആളുകള്‍ സമീപിച്ചു തുടങ്ങി.

\ഇപ്പോള്‍ പി.എസ്.സി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജിഷ്ണു ലീഫ് ആര്‍ട്ട് കൂടാതെ സ്‌മോക്ക് ആര്‍ട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അധ്യാപകനായ ഹരി, ജ്യോതി ദമ്പതികളുടെ മകനാണ്. ജിതിന്‍ ദാസ് സഹോദരന്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!