കീരിക്കാടന്‍ ജോസ് ഇവിടെയുണ്ട് പാവം മോഹന്‍രാജായി

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കിരീടത്തിലെ കിരിക്കാടന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയ മോഹന്‍ രാജ് എന്ന കീരിക്കാടന്‍ ജോസ് അവശനിലയില്‍ സ്ഥലകാല ബോധമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡില്‍ കഴിയുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു.

അരുവിപ്പുറം സന്തോഷ് എന്ന സിനിമാ പ്രവര്‍ത്തകനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനോടൊപ്പം അദ്ദേഹത്തിന്റെ തന്നെ ഒരു ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്.

റോഡിലേക്ക് ഇറങ്ങി പോകാന്‍ വാശിപിടിക്കുന്ന സാഹചര്യത്തിലാണ് ജോസിനെ താന്‍ കണ്ടതെന്നും സെക്യൂരിറ്റിയുടെ സഹായത്തോടെ മുറിയിലെത്തിച്ചുവെന്നും സന്തോഷ് പറയുന്നുണ്ട്.

കാലില്‍ വേരിക്കോസ് വെയിന്‍ കാരണം പൊട്ടിയൊലിക്കുന്നതിനാല്‍ ബാന്റെജ് ചെയ്തിട്ടുണ്ട്. മറ്റൊരാളുടെ സഹായം എല്ലാ കാര്യത്തിനും ആവശ്യമായ നിലയില്‍ അവശനാണ് കീരിക്കാടന്‍.

അനുജനാണ് കാര്യങ്ങള്‍ നോക്കുന്നതെന്ന് നഴ്‌സ് പറയുന്നുണ്ട്. സിനിമാ പ്രവര്‍ത്തകരില്‍ എത്തുന്ന നിലയില്‍ ഷെയര്‍ ചെയ്യണം എന്നും പറയുന്നു. 30 വര്‍ഷം മുന്‍പ് ലോഹിതദാസ് വഴിയാണ് സിബി മലയിലിന്റെ കിരീടത്തില്‍ എത്തുന്നത്.

ഇതിലെ മുഖ്യവില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് വിജയിപ്പിച്ചതോടെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാനുള്ള ഭാഗ്യം മോഹന്‍രാജിനുണ്ടായി. മലയാളത്തിനു പുറമെ പല ഭാഷകളിലായി നൂറ്റി എണ്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണര്‍ ജോലിയില്‍ അവധിയെടുത്താണ് സിനിമാ അഭിനയത്തിന് ഇറങ്ങിയത്. 2010 ല്‍ തിരികെ ജോലിയില്‍ പ്രവേശിച്ച ശേഷം ഭാര്യയും രണ്ടു മക്കളോടുമൊപ്പം മധുരയിലായിരുന്നു താമസം.

താന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ച വിവരം പലര്‍ക്കും അറിയില്ലെന്നും തന്നെ പോലെ ശുദ്ധഗതിക്കാര്‍ക്ക് പറ്റിയതല്ല സിനിമയെന്നും ഒരു മാസികക്കു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍രാജ് പറഞ്ഞിരുന്നു.

എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സിനിമാ അഭിനയത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.  ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

മോഹൻ രാജ് തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവശനിലയിൽ കഴിയുന്നതിന്റെ വീഡിയോ ലിങ്ക്

https://m.facebook.com/story.php?story_fbid=2455889527871468&id=1905687266225033

 

 

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!