കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ തുടരാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം : കേരളത്തില്‍ ഏറെ ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ തുടരാനുളള സാഹചര്യം ഒരുക്കാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ഇ പി ജയരാജന്‍.

കേരളത്തില്‍ ഏറെ ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വിടാന്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ കണ്ടു.

കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷ വരെയുള്ള എല്ലാ കാര്യങ്ങളിലും വലിയ തടസ്സങ്ങള്‍ നേരിടുന്നതാണ് ഇതിനു കാരണമെന്ന് പറയുന്നു.

കേരള കായികരംഗത്തെ സംബന്ധിച്ചും ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചും ആശങ്ക ഉളവാക്കുന്ന വാര്‍ത്തയാണിത്. ഐ എസ് എല്ലില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒരു ടീം കളിക്കുന്നത് നാടിന് ഏറെ അഭിമാനം നല്‍കുന്നതാണ്.

തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ഫുട്‌ബോളിന് ആവേശംപകരുന്നതുമാണ് കൊച്ചിയിലെ ഐഎസ്എല്‍ മത്സരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഐ എസ് എല്ലിനുണ്ട്. എന്നാല്‍, ഏതാനും ചിലരുടെ പ്രവൃത്തികള്‍ സംസ്ഥാനത്തിനാകെ ചീത്തപ്പേരുണ്ടാക്കുകയാണ്.

മത്സരങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെടണം. സ്‌റ്റേഡിയത്തില്‍ എത്തുന്ന കാണികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി കളി ആസ്വദിക്കാനും കഴിയണം . ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും ചര്‍ച്ച നടത്തും.

കളിയെയും കളിക്കാരെയും കാണികളെയും ഒരുപോലെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉന്നതമായ കായികപാരമ്പര്യമാണ് കേരളത്തിന്റേത്. കായികരംഗത്തിന്റെ ഉന്നമനവും പ്രോത്സാഹനവുമാണ്  സര്‍ക്കാരിന്റെ ലക്ഷ്യം മന്ത്രി പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!