കോവിഡ് പോസിറ്റീവായ യുവതിക്ക് സിസേറിയന്‍ ശസ്ത്രക്രിയ, കേരളത്തില്‍ ആദ്യത്തെ ശസ്ത്രക്രിയയെന്ന് അധികൃതര്‍.

പരിയാരം: കോവിഡ് പോസിറ്റീവായ 21 കാരി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സിസേറിയന്‍ വഴി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി.

കോവിഡ് പോസിറ്റീവായി പ്രസവിക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

നേരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന മൂന്ന് ശസ്ത്രക്രിയകളും പോസിറ്റീവില്‍ നിന്ന് രോഗികള്‍ നെഗറ്റീവായി മാറിയ ശേഷമായിരുന്നു സിസേറിയന്‍ ശസ്ത്രക്രിയകള്‍ നടന്നത്.

അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ സ്വദേശിനിയായ ആദിവാസി യുവതിയാണ് പ്രസവിച്ചത്.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.10 നാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. പ്രശസ്ത പ്രസവ-സ്ത്രീരോഗ വിദഗ്ദ്ധനായ ഡോ.എസ്.അജിത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിലെ ഡോ.ശബ്‌നമാണ് ശസ്ത്രക്രിയ നടത്തിയത്.

പത്ത് ദിവസത്തോളം കണ്ണൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഇവരെ 20 നാണ് കോവിഡ് സംശയത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.

വ്യാഴാഴ്ച്ച വൈകുന്നേരമാണ് കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നത് അന്ന് രാത്രി തന്നെ രക്തസമ്മര്‍ദ്ദം കൂടിയതോടെ ഉടന്‍ ശസത്രക്രിയ നടത്തുകയായിരുന്നു.

2.45 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

കുട്ടിയെ അമ്മയുടെ അടുത്ത് നിന്നും മാറ്റി മുലപ്പാലിന് പകരമുള്ള ഫോര്‍മുല മരുന്നുകള്‍ നല്‍കിവരികയാണ്.

3 ദിവസത്തിന് ശേഷം കുട്ടിയുടെ ശ്രവം എടുത്ത് വൈറോളജി പരിശോധനകള്‍ നടത്തുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.

ഇവര്‍ക്ക് എങ്ങനെയാണ് സമ്പര്‍ക്കം മുഖേന രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരിക്കയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!