പിലാത്തറ: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങള്‍ പിലാത്തറയില്‍ കൊണ്ടുവന്ന് തള്ളി.
കെ എസ് ടി പി റോഡില്‍ കൊത്തിക്കുഴിച്ച പാറയിലാണ് ഇന്ന് പുലര്‍ച്ചെ വന്‍തോതില്‍ മാലിന്യം നിക്ഷോപിച്ചതായി കണ്ടത്.

ഏതാണ്ട് അന്‍പതോളം ചാക്കുകളിലായി കൊണ്ടുവന്ന മാലിന്യങ്ങളാണ് റോഡരികില്‍ തള്ളിയത്.
നാട്ടുകാര്‍ വിവരം നല്‍കിയത് പ്രകാരം പരിയാരം എസ് ഐ സി. ജി സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
മാലിന്യങ്ങള്‍ കൊണ്ടുവന്ന ചാക്കുകള്‍ അഴിച്ചുനോക്കിയപ്പോഴാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെയും മറ്റ് ചില സ്ഥാപനങ്ങളിലെയും മാലിന്യങ്ങളാണെന്ന് വ്യക്തമായത്.
പോലീസ് ചാക്കുകെട്ടുകളില്‍ കണ്ട മാലിന്യപേപ്പറുകളിലെ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്ത സംഘം ലോറിയില്‍ കൊണ്ടുവന്ന് വിജനപ്രദേശമായ കൊത്തിക്കുഴിച്ച പാറയില്‍ നിക്ഷേപിച്ചതായിരിക്കാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
സി സി ടിവി ദൃശ്യങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് ലോറികണ്ടെത്താനുള്ള ശ്രമത്തിലാണ്.
