ഭാര്യയും ഭര്‍ത്താവും മാറി മാറി മല്‍സരിക്കണ്ട–കെ.പി.സി.സിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് വ്യാപക പിന്തുണ–

തളിപ്പറമ്പ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ക്കായി കെ പി സി സി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്ഥിരം സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവും.

ഭാര്യയും ഭര്‍ത്താവും മാറി മാറി സ്ഥാനാര്‍ത്ഥികളാവുന്നതിനെതിരെ പുറപ്പെടുവിച്ച നിര്‍ദ്ദേശമാണ് കൂടുതലാളുകള്‍ക്കും വിനയാവുക.

ഭര്‍ത്താവ് മല്‍സരിച്ച വാര്‍ഡ് വനിതാ സംവരണമാകുമ്പോള്‍ ഭാര്യയെ മല്‍സരിപ്പിക്കുകയും വീണ്ടും ജനറല്‍ സീറ്റാവുമ്പോള്‍ ഭര്‍ത്താവ് തന്നെ വരികയും ചെയ്യുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ പതിവായിരിക്കയാണ്.

ഇത്തവണയും ചിലര്‍ സ്ഥാനാര്‍ത്ഥികുപ്പായം തുന്നി നേരത്തെ രംഗത്തുവന്നതായും കെ പി സി സിക്ക് പരാതികള്‍ ലഭിച്ചിരുന്നു.

ഇതിനെതിരെ വിവിധ ജില്ലകളില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൂറിലേറെ പരാതികള്‍ ലഭിച്ചതായി ഒരു ഉന്നത നേതാവ് പറഞ്ഞു.

ഇത് പരിശോധിച്ചപ്പോള്‍ പൂര്‍ണമായി ശരിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇതിനെതിരെ കെ പി സി സി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരമാവധി സീറ്റുകള്‍ നല്‍കുക, ജനറല്‍ സീറ്റുകളില്‍ വനിതകളെ മല്‍സരിപ്പിക്കുന്നത് ഒഴിവാക്കുക, ഭാരവാഹികള്‍ മല്‍സരിച്ചു ജയിച്ചാല്‍ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി പദവികള്‍ രാജിവെക്കുക തുടങ്ങിയ ശ്രദ്ധേയങ്ങളായ നിര്‍ദ്ദേശങ്ങളാണ് കെ പി സി സി പുറപ്പെടുവിച്ചിരിക്കുന്നത്.

ഇത് നടപ്പില്‍ വരികയാണെങ്കില്‍ നിരവധി യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഇത്തവണ മല്‍സരിക്കാന്‍ സാധിക്കും.

പുതിയ നിര്‍ദ്ദേശം ഉയര്‍ന്നതോടെ ഭാര്യയും ഭര്‍ത്താവും പരസ്പരം മാറി മാറി മല്‍സരിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ യൂത്ത്‌കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രധാന ഭാരവാഹി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!