തളിപ്പറമ്പ്: നാടന്‍ തോക്ക് സഹിതം കരിമ്പം ചവനപ്പുഴ സ്വദേശികളായ രണ്ടുബൈക്ക് യാത്രികര്‍ അറസ്റ്റില്‍.
ഇരിങ്ങല്‍ ഹൗസില്‍ അനീഷ് എന്ന അനില്‍ (39), എസ് വി പി നിവാസില്‍ എം.വിജയന്(44) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ നെറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന തളിപ്പറമ്പ് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംശയാസ്പദമായ രീതിയില്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇവരെ ചൊറുക്കള ചാണ്ടിക്കരിയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്.
കാട്ടുപന്നിയെ വേട്ടയാടാന്‍ പോയതാണെന്ന് ഇവര്‍ പോലീസ് ചോദ്യം ചെയ്യവെ സമ്മതിച്ചു. ഇരുവരേയും തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
കുറുമാത്തൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെ വ്യാപകമായി വേട്ടയാടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നാടന്‍തോക്കുകളും യഥേഷ്ടം ഉപയോഗിക്കപ്പെടുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
